പയ്യന്നൂര്‍: പയ്യന്നൂരിലുണ്ടായ വന്‍ അഗ്നിബാധയില്‍ കോടികളുടെ തുണിത്തരങ്ങള്‍ കത്തിനശിച്ചു. പെരുമ്പ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന സൂര്യ സില്‍ക്സ് ആണ് കത്തിനശിച്ചത്.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് തീപ്പിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. എസിയില്‍ നിന്ന് പൊട്ടിത്തെറിയുണ്ടായതായി ഷോപ്പിലുണ്ടായിരുന്നവര്‍ പറയുന്നു. ഞായറാഴ്ചയും കട തുറന്നു പ്രവര്‍ത്തിച്ചിരുന്നു. തീ പടര്‍ന്ന ഉടനെ സ്ഥാപനത്തിനകത്തുണ്ടായിരുന്ന ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഓടുന്നതിനിടയില്‍ ജീവനക്കാരനായ ചെറുവത്തൂരിലെ രജീഷിന്(30)പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് മലബാര്‍ ഗോള്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ മുകളിലത്തെ മൂന്നു നിലകളിലാണ് സൂര്യ സില്‍ക്സ് വസ്ത്രാലയം. ഇതില്‍ ഒന്നാം നിലയിലുള്ള വെഡ്ഡിങ്ഹ് കലക്ഷനില്‍ നിന്നാണ് തീ പടര്‍ന്നത്. നിമിഷനേരം കൊണ്ട് ആളിക്കത്തിയ തീ മൂന്നു നിലകളിലേക്കും പടരുകയായിരുന്നു. ഈ ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
തീ പടര്‍ന്ന് കെട്ടിടത്തിന്റെ ഗ്ലാസുകളും മറ്റും ഉരുകിവീണ നിലയിലാണ്. അഗ്നിശമനസേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നില്ല. സൂര്യ സില്‍ക്സിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ബാക്കിയുള്ളത്.
മലബാര്‍ ഗോള്‍ഡിനും സൂര്യക്കും പുറമേ ഒരു ബേക്കറി, കാസ് സെന്റര്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഓഫീസ് എന്നിവയും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. രണ്ടര മണിക്കൂറോളം തീ പടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: