മാലൂര്‍: സിപിഎം സംഘപരിവാര്‍ സംഘടനകള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ബിജെപിക്ക് ജനങ്ങളെ അണിനിരത്തി ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് മുന്നറിയിപ്പ് നല്കി. മാലൂര്‍ പഞ്ചായത്തില്‍ സിപിഎം അക്രമം നടത്തിയ മരുവഞ്ചേരി, കാവിന്മൂല, മാലൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് രഞ്ചിത്ത് പ്രതികരിച്ചത്.
വിവാഹ വീട്ടില്‍ നിന്നും ഭക്ഷണം കഴിഞ്ഞ് പോയ സിപിഎം സംഘമാണ് മദ്യപിച്ചെത്തി മരുവഞ്ചേരിയില് വിവാഹ വീട്ടിലുള്ളവരെ അക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തത്. മരുവഞ്ചേരി മേഖലയില്‍ നിന്നും സിപിഎം പ്രവര്‍ത്തകരായ നൂറുകണക്കിന് യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും സംഘപരിവാര്‍ സംഘടനകളിലേക്ക് രാജിവെച്ച് വന്നിട്ടുണ്ട്.
മാലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഒട്ടേറെപ്പേര്‍ ബിജെപി പ്രവര്‍ത്തകരായി മാറിയിട്ടുണ്ട്. ഇതിന് തടയിടാനും സിപിഎമ്മിലെ വിഭാഗീയതയുമാണ് അക്രമത്തിന് കാരണമാകുന്നത്. ബിജെപി നേതാക്കളായ ബിജു ഏളക്കുഴി, സി.വി.വിജയന് മാസ്റ്റര്‍, പുളുക്കൂല്‍ ഗംഗാധരന്, കെ.പി.രാജേഷ്, പി.രാജന് തുടങ്ങിയവര്‍ ജില്ലാ പ്രസിഡണ്ടിനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: