ഒറ്റപ്പാലം: സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായി ഭാരതപുഴയില്‍ നിര്‍മിക്കുന്ന തടയണ നിര്‍മാണം നിലച്ചത് കുടിവെള്ളപദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പായി.
കരാറുകാരന് പണം ലഭിക്കാത്തതുമൂലമാണ് തടയണ നിര്‍മാണം മുടങ്ങിയത്. ജലസേചനവകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു തടയണ നിര്‍മാണം നടന്നിരുന്നത്. പുഴയുടെ അടിത്തട്ടിലെ പണികള്‍ നടന്നതിനുശേഷം മാസങ്ങളായി പ്രവൃത്തികള്‍ മുടങ്ങിക്കിടക്കുകയാണ്. രണ്ടുവര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 2010-ലാണ് നിര്‍മാണം തുടങ്ങിയത്.
ആറു ഘട്ടങ്ങളിലായാണ് കുടിവെള്ളപദ്ധതി പ്രവൃത്തി നടക്കുന്നത്. കുടിവെള്ളപദ്ധതിയില്‍ മൂന്നാംഘട്ടമായി തടയണ നിര്‍മാണം ഉള്‍പ്പെടുത്തിയിരുന്നു.ഇറിഗേഷന്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി മീറ്റ്ന കൂട്ടിലമുക്കില് തടയണ നിര്‍മിക്കുന്നതിനാല്‍ കുടിവെള്ളപദ്ധതിയിലെ തടയണ നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പദ്ധതിയിലെ പമ്പുഹൗസിനു സമീപമാണ് തടയണ നിര്‍മിക്കുന്നത്. അതിനാല്‍ തടയണ നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ കുടിവെള്ളപദ്ധതി പൂര്‍ണരീതിയില്‍ ഉപയോഗപ്രദമാകൂ. കുടിവെള്ളപദ്ധതി പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. 10.12 കോടിയാണ് നിര്‍മാണചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: