പാലക്കാട്: എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ തമിഴ്നാട്ടില്‍ നിന്നും ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന രണ്ടുപേരെ എട്ട് കിലോ കഞ്ചാവുമായി പിടികൂടി. പാലക്കാട് അസി.എക്സൈസ് കമ്മീഷണര്‍ പി കെ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഗോവിന്ദാപുരം ചെക്ക്പോസ്റ്റില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കോട്ടയം-ചങ്ങനാശ്ശേരി മണിമല വെല്ലാവൂര് വില്ലേജില്‍ പിരിയാനിക്കാല് വീട്ടില്‍ റെജിമോന്, തൃശൂര്‍ കൊടുങ്ങല്ലൂര്‍ ചാത്തേടക്ക് പറമ്പില്‍ പെരിങ്ങോട്ടുവീട്ടില്‍ കണ്ണന് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. തമിഴ്നാട്ടില്‍ നിന്നും വാങ്ങി തൃശൂര്‍, ഗുരുവായൂര്‍ ഭാഗങ്ങളിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്നതിനായാണ് കഞ്ചാവ് കടത്തിയത്. കമ്പം, തേനി ഭാഗത്തുളള കഞ്ചാവ് വില്പ്പനക്കാരനെക്കുറിച്ചും ഗുരുവായൂരുളള ചില്ലറവില്പ്പനക്കാരനെക്കുറിച്ചും സൂചനകള്‍ കിട്ടിയിട്ടുളളതായും അവരിലേക്ക് അനേ്വഷണം വ്യാപിക്കുമെന്നും അസി. എക്സൈസ് കമ്മീഷണന് അറിയിച്ചു.
സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി ശ്രീകുമാര്‍, പ്രവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ അഷറഫ്, കെ സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അര്ജുന്, ഷാജി, മാസിലാമണി, അനു, മുഹമ്മദ്റിയാസ്, ഡ്രൈവര്‍ തോമസ് എന്നിവരും ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഭാസ്കരന്, പ്രിവന്റീവ് ഓഫീസര്‍ ജയപ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: