ചുംബനത്തെക്കുറിച്ചോ അതിന്റെ പേരില്‍ നടക്കുന്ന സമരത്തെക്കുറിച്ചോ ഉള്ള വ്യാഖ്യാനമല്ല ഇവിടെ വിഷയം എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ. എന്നാല്‍ ഇടയ്ക്കൊന്ന് അതിനെക്കുറിച്ച് പറയേണ്ട കാര്യവുമുണ്ട്. നൂറായിരം പ്രശ്നങ്ങള്‍ ചുറ്റിലും നടക്കുമ്പോള്‍ തിരിഞ്ഞുപോലും നോക്കാതെ പൊതുനിരത്തില്‍ ചുംബിക്കാന്‍ ഒരു ചെറിയ സമൂഹം കാണിക്കുന്ന വ്യഗ്രത എന്തിന് ?. ചുംബന സമരത്തിന് ഒരു കാണാപ്പുറമുണ്ടോ, ഉണ്ടെങ്കില്‍ അതെന്ത് എന്ന് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കിട്ടിയ ഉത്തരം ഞെട്ടലുളവാക്കുന്നതാണ്. ചുംബനസമരമല്ല വിഷയം എന്ന് പറഞ്ഞത് അതുകൊണ്ടാണ്. മറ്റു ചില കാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ട്. ഇത്ര ചടുലത ഈ സമരത്തിന് വരാന്‍ കാരണമെന്ത് എന്ന അന്വേഷണം ആദ്യം വഴിമുട്ടിയെങ്കിലും ചെന്നവസാനിച്ചത് കോഴിക്കോടന്‍ മണ്ണിലാണ്. മറ്റ് ചില സംഘടനകളിലേക്കാണ്. സമരത്തിന്റെ പേരില്‍ നടക്കുന്ന പിന്നാമ്പുറക്കാഴ്ചകള്‍ ചുംബനം പോലെ അത്ര സുഖകരമാവില്ല.
അത്തരമൊരു ചുറ്റുവട്ടത്തില്‍ എത്തിയ രണ്ടുപേര്‍ ഇവിടെ മനസ്സ് തുറക്കുകയാണ്. രണ്ടും പെണ്‍സുഹൃത്തുക്കള്‍. ജ്വാലയും ഡോളിയും(യഥാര്‍ത്ഥ പേരല്ല).
സത്യം ലോകമറിയണം എന്ന ഇവരുടെ നിര്‍ബന്ധം കൂടിയാണ് ഇതിന്റെ ആധാരം. ”ഒരു സമരമുറ എന്ന് പറയുന്നതിന് അതിന്റേതായ ന്യായവും ആവശ്യകതയും തീര്‍ച്ചയായും വേണം. ഇതു രണ്ടുമര്ഹിക്കാത്ത ഒച്ചപ്പാടിനെ എന്ത് പേര് വിളിക്കണം. സമരത്തിനൊരു സാധ്യതപോലും ഇവിടെയില്ല. പിന്നെങ്ങനെ ഇത് ചരിത്രം കുറിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. രാത്രികാലങ്ങളില്‍ സുരക്ഷിതമായി ബസ് കാത്തുനില്‍ക്കുന്നതിന് സൗകര്യമുള്ള നല്ലൊരു ബസ്സ്റ്റേഷന് ഇല്ലാത്ത എത്ര സ്ഥലങ്ങളുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളല്ലാതെ എത്ര ആണ്-പെണ്‍കുട്ടികള്‍ ഇവിടെ അതിനായി തെരുവിലിറങ്ങി. ഗോവിന്ദച്ചാമി എന്ന നിഷ്ഠുരന്‍ ബലാത്സംഗം ചെയ്തുകൊന്ന സൗമ്യയുടെ നീതിയ്ക്ക് വേണ്ടി ആരും സമരം സംഘടിപ്പിച്ച് കണ്ടില്ലല്ലോ. അല്ലെങ്കില്‍ത്തന്നെ സദാചാരപ്പോലീസ് എന്ന വാക്കുപയോഗിച്ച് അതിനെ വിമര്‍ശിക്കുന്നവര്‍ പൊതുനിരത്തില്‍ ചുംബിച്ചത് കൊണ്ട് എന്തുമാറ്റമാണ് ഉണ്ടാക്കാന്‍ പോകുന്നത്. അപ്പോള്‍പ്പിന്നെ പ്രദര്‍ശനപരതയെന്ന ചില ഞരമ്പ് രോഗികളുടെ മാനറിസത്തിലേക്കാണ് പ്രശ്നം പോകുന്നത്. വിഷയം ചുംബനമായതുകൊണ്ട് ഇതില്‍ മറ്റുപല സമരങ്ങള്ക്കുമില്ലാത്ത ഒരു പ്രത്യേക സുഖമുണ്ട്. അതാണ് സമരക്കാരുടെ അജന്‍ഡയും”. ഇതുപറയുമ്പോള്‍ ജ്വാലയ്ക്കും ഡോളിയ്ക്കും തങ്ങള്‍ ചെന്നുപെട്ട സംഘടനയുടെ കൂടുതല്‍ ചതികളില്‍ അകപ്പെടാതെ രക്ഷപെട്ടതിന്റെ ആശ്വാസമായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് നഗരത്തില്‍ രൂപപ്പെട്ട ചില സംഘടനകളുടെ ഇഞ്ചക്ഷന് പ്രക്രിയ ഇന്ന് കാണുന്ന പുതുതലമുറ വരെയെത്തി നില്‍ക്കുകയാണ്. ”ഇവിടെ നടന്നു കൊണ്ടിരിക്കുന്നത് എന്താണെന്ന് ജനങ്ങള്‍ അറിയുക തന്നെ വേണം. അല്ലെങ്കില്‍ അതറിയിക്കുക എന്ന ഞങ്ങളുടെ ഉത്തരവാദിത്വമാണ് ഈ തുറന്ന് പറച്ചിലിന് പ്രേരിപ്പിക്കുന്നതും. ഒരു മൂന്നാംതരം പ്രകടനമെന്ന് ഇതിനെ കാണുന്നവരുണ്ടാകാം. എന്നാല്‍ ഞങ്ങള്‍ എത്തപ്പെട്ട, കടന്നുപോയ വഴികള്‍ എത്ര നിഗൂഢമായിരുന്നെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്. ഞങ്ങളുടെ ഭാഗം ശരിയാണെന്ന് അത്തരം സംഘടനകളുടെ ഭാഗമായി ഇന്ന് പ്രവര്‍ത്തിക്കുന്ന പലര്‍ക്കും തോന്നുന്നുണ്ടാകാം”- പെണ്‍കുട്ടികള്‍ പറയുന്നു.
സൗഹൃദം മറയാക്കി, സൗഹൃദം നടിച്ച് ചില അഭിനയ സമ്രാട്ടുകള്‍ നടത്തുന്ന, നടത്തിയ ഗൂഢനീക്കങ്ങളില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇപ്പോഴും ഞെട്ടലോടെ മാത്രമെ ഞങ്ങള്‍ക്ക് ഓര്‍ക്കാന്‍ കഴിയൂ. ഇന്നും വേട്ടയാടുന്ന അത്തരം കാട്ടാളജന്മങ്ങള് സമൂഹത്തെ കപടമുഖം കാണിച്ച്, പുതിയ സമരമുറകള്‍ ഏറ്റെടുത്ത് ഏവരെയും വഞ്ചിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് പ്രതികരിച്ചേ മതിയാകൂ. എങ്ങനെയാണ് ഒരു സമരം ജനങ്ങളിലേക്ക് എത്തിക്കുന്നത് അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു സമൂഹം ജനങ്ങളിലേക്ക് എത്തിച്ചേരുന്നത് എങ്ങനെയാണ് എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഇവിടെ നടക്കുന്നത്. വര്‍ഷങ്ങളായി കോഴിക്കോടിന്റെ മണ്ണിലുള്ള കുറച്ച് പേര്. 12 പേരില്‍ ഒതുങ്ങുന്ന ചെറിയ ഗ്രൂപ്പ്. അവര്‍ മനപ്പൂര്‍വ്വം ഏറ്റെടുത്ത ജനതാല്പ്പര്യമുള്ള വിഷയങ്ങള്‍. എന്തായിരുന്നു അവരുടെ ലക്ഷ്യങ്ങള്‍. അവര്‍ ചുംബന സമരത്തിലേക്ക് എത്തിയത് എങ്ങനെ അത് ഞങ്ങള്‍ക്ക് പറഞ്ഞേ മതിയാകൂ. ജ്വാലയ്ക്കും ഡോളിയ്ക്കും സമൂഹത്തില്‍ അരാജകത്വം നിറയ്ക്കുന്ന അത്തരം സംഘടനകളെപ്പറ്റി അത്രയേറെ പറയാനുണ്ടായിരുന്നു.
തല്ക്കാലം ഞങ്ങള്‍ക്ക് പേരില്ല. അത് പറയാനും കഴിയില്ല. പറഞ്ഞാല്‍പ്പിന്നെ ഞങ്ങള്‍ രണ്ടു പേര്‍ക്കും മനഃസമാധാനം ഉണ്ടാകില്ല. ”പക്ഷേ ഒന്നുണ്ട്, സാധാരണക്കാരന്റെ മുഴുവന്‍ അവകാശങ്ങളെയും ചൂഷണം ചെയ്യുന്ന സകല വരേണ്യ വര്ഗ്ഗത്തിനുമെതിരെ പ്രതികരിക്കുക എന്ന ഞങ്ങളുടെ മനസ്സിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. പക്ഷേ അത് ആത്മാര്‍ത്ഥമായിരിക്കണം എന്ന തീരുമാനത്തിനൊടുവിലാണ് ഈ ഗ്രൂപ്പില്‍ ഞങ്ങളെത്തിയത്. ആളുകളെ കൂട്ടുന്നതില്‍ അവര്‍ക്ക് അത്രയ്ക്ക് കഴിവുണ്ടായിരുന്നു. പക്ഷേ പതിയെപ്പതിയെ അവരെന്താണെന്ന് ഞങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. അതാണ് തുടക്കം. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പല സമരമുഖങ്ങളിലും അന്ന് ഞങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വളരെ പെട്ടെന്ന് തന്നെ ഞങ്ങള്‍ രണ്ടുപേരും ഈ സാമൂഹിക പ്രസ്ഥാനങ്ങളുടെ ഭാഗമായി മാറി. അല്ല, അതിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. പെടുത്തുകയായിരുന്നു. അത്രമാത്രം കാപട്യമുണ്ട് അവരുടെ മുഖങ്ങള്‍ക്ക്. അത്രത്തോളം ആക്ടീവായിരുന്നു അവര്‍. പെട്ടെന്ന് ജനങ്ങളെ ആകര്‍ഷിക്കത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനങ്ങളും സംഘടനാമികവും പെരുമാറ്റവും. സാമൂഹിക വിഷയങ്ങളില്‍ അതീവ ജാഗ്രതയോടെയുള്ള ഇടപെടലുകളും. പല സാമൂഹിക സാംസ്കാരിക പ്രമുഖര്‍ വരെ ഒന്നുമറിയാതെ ഇന്നും ആ ഗ്രൂപ്പിനൊപ്പമുണ്ട്. അതിവേഗത്തിലായിരുന്നില്ല അവരുടെ വളര്‍ച്ച. വളരെ സമയമെടുത്ത്, വര്‍ഷങ്ങളെടുത്ത് കൃത്യമായ കാമ്പയിന് വര്‍ക്കുകളിലൂടെ അവര്‍ വളര്‍ന്ന് ഇന്നത്തെ രൂപത്തിലെത്തി. ഇന്നത് കോഴിക്കോടിനുമപ്പുറം ഇതര ജില്ലകളുടെ മാപ്പിലേക്കും ‘മഷിക്കൂട്ട്’ പോലെ പടര്‍ന്നു കഴിഞ്ഞു”.
കോഴിക്കോട് നഗരത്തിലെ തന്നെ പല ബിസിനസ് സംരംഭങ്ങളുടെയും തലപ്പത്ത് നില്ക്കുന്ന പുരുഷപ്രജകളുടെ ഭാര്യമാര്‍ ഇവര്‍ക്ക് സാമ്പത്തികമായി നല്ല സഹായം ചെയ്യുന്നുണ്ട്. സംഘടനയിലുള്ളവരുമായി അടുത്ത ബന്ധമാണിവര്‍ക്കുള്ളത്. അതിനിടക്ക് ഇവരാല്‍ കബളിപ്പിക്കപ്പെട്ടവരും ഉണ്ട.് സെക്സ് റാക്കറ്റ് എന്ന മൂന്നാംകിട വാക്കുപയോഗിച്ച് ഇവരെ പറയാന്‍ കഴിയില്ല. കാരണം ഇത് പരസ്യമായ രഹസ്യമല്ല എന്നത് തന്നെ. മുമ്പ് പറഞ്ഞതുപോലെ സംഘടനയുടെ തലപ്പത്തു നിന്നും തുടങ്ങി 12 ല്‍ താഴെ അംഗങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന രഹസ്യ ധാരണയാണിത്. ഈ തുറന്നുപറച്ചില്‍ മൂന്നാംകിട വാര്‍ത്താ താല്പര്യത്തിന്റെ പേരിലെന്ന ആരോപണം ശ്രദ്ധിക്കുന്നില്ല ഞങ്ങള്‍. അവര്‍ ഇതൊരു മാറാത്ത ലഹരിയായി യുവത്വത്തിന്റെ സിരകളിലേക്ക് പടര്‍ത്തുകയാണ്. താല്‍പ്പര്യപ്പെട്ട് വരുന്ന ഓരോ വ്യക്തികളെയും മെമ്പര്‍മാരാക്കി പ്രദര്‍ശന സ്വാതന്ത്ര്യം എന്ന പേരില്‍ കുത്തിവെക്കലും കഴിഞ്ഞ് അഴിച്ച് വിടുകയാണ്. പിന്നെ മറ്റുള്ളവരെ കാന്‍വാസ് ചെയ്യുന്നത് പുതുരക്തമാണ്.
”ജനകീയ സമരമാക്കി ചില വിഷയങ്ങള്‍ ഏറ്റെടുത്ത് പലരെയും ആകര്‍ഷിക്കുകയാണ് ഇവരുടെ രീതി. ചില ഇടത്തരം മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സംഘടനകളുടെ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ തന്നെയാണ്. നിരവധി സമരമുറകളില്‍ ജനങ്ങള്‍ക്ക് വേണ്ടി പങ്കെടുക്കുകയെന്ന തെറ്റിദ്ധാരണയുണ്ടാക്കി യഥാര്‍ത്ഥത്തില്‍ ഇവര്‍ മറയുണ്ടാക്കുന്നു. മാനസികമായോ കുടുംബപരമായോ അവഗണന നേരിടുന്നവര്‍, സ്വന്തം ജീവിതത്തിന് അടിത്തറ കണ്ടെത്താന്‍ കഴിയാത്തവര്‍. അവരെങ്ങനെ മറ്റുള്ളവര്‍ നന്നാകണമെന്ന് ആഗ്രഹിക്കും? മറ്റുള്ളവരെയും തങ്ങളിലേക്ക് കൊണ്ടുവരിക. അതാണ് അവരുടെ ഏക മാര്‍ഗ്ഗം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താതെ ആളുകളെ വഴിമാറ്റി സഞ്ചരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കുറച്ച് കഴിഞ്ഞാല്‍ മടുക്കുന്നവര്‍ കൊഴിഞ്ഞ് പോകും. അപ്പോള്‍ പുതിയവര്‍ ആകൃഷ്ടരായി പുറത്ത് നില്‍പ്പുണ്ടാകും. കാലങ്ങളായി ഉരുത്തിരിഞ്ഞ് രൂപം കൊണ്ട പ്രക്രിയ. ആണ്-പെണ് സൗഹൃദത്തില്‍ യാതൊരു കാര്യത്തിലും മറയുടെ ആവശ്യമില്ലെന്നുള്ള ഉദ്ബോധന പ്രസംഗങ്ങള്‍. നമ്മള് തമ്മില്‍ എന്തും പങ്കിടാം. തുറന്ന് സമീപനം വേണം. എന്നതാണ് നിലപാട്. പക്ഷേ നിലപാട് പബ്ലിക് അല്ല. രാത്രികളില്‍ മറനീക്കി പുറത്ത് വരുന്ന രഹസ്യ നിലപാട്. ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് സംഘടനയില്‍ ഉള്ളവരുണ്ട്. അവര്‍ മറ്റുള്ളവരും ചേര്‍ന്ന് ഒരുപാട് പേരുമായി അനാവശ്യ ബന്ധങ്ങള്‍ ആണ് മുന്നോട്ട് കൊണ്ടുപോകുന്നത്”.കോളേജുകളും യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ സംഘടനകളുടെ ഭാഗമാക്കാന്‍ നിരന്തര പരിശ്രമമാണ് നടന്നുവരുന്നത്.
ഞങ്ങളുടെ അച്ഛനമ്മമാര്‍ പൊതു പ്രവര്‍ത്തന രംഗത്തുള്ളവരാണ്. അങ്ങനെയാണ് ഞങ്ങളും ഇത്തരം സംഘടനകളിലേക്ക് ആകൃഷ്ടരായത്. എന്നാല്‍ സംഘത്തിലെ ആണ്‍സുഹൃത്തുക്കളുടെ ഭാവപ്രകടനങ്ങള്‍ സന്ധ്യ കഴിഞ്ഞാല്‍ മാറിത്തുടങ്ങിയതോടെ ഞങ്ങള്‍ക്ക് അപകടം മണത്തു. പിന്നാമ്പുറം എന്താണെന്നറിയാനായി പിന്നെയും ഞങ്ങള്‍ കാത്തിരുന്നു. അന്നൊക്കെ ഫോണ്‍ റിലേഷന്‍ തീരെ കുറവാണ്. അതിനാല്‍ ആസൂത്രണം ചെയ്യല്‍ എളുപ്പമായിരുന്നില്ല. പൊതുപരിപാടികളില്‍ മാത്രമാണ് എല്ലാവരും സന്ധിക്കുക. തെരുവ് നാടകങ്ങള്‍, സെമിനാറുകള്‍ ഒക്കെ ഇതിനുള്ള വേദികളാണ്. ഇന്ന് എല്ലാവര്ക്കും മൊബൈല്‍ ഉള്ളത് ഏറെ സൗകര്യമായി. കാര്യങ്ങള്‍ അറിഞ്ഞത് പുറത്ത് കാണിക്കാതെ ഞങ്ങള്‍ അന്വേഷിച്ച് കൊണ്ടിരുന്നു. അവരോട് അടുപ്പം കാണിച്ച് സംസാരിച്ചതിലൂടെ പല കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. അത് വല്ലാത്ത ഷോക്കായിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ ലക്ഷക്കണക്കിന് രൂപയാണ് സാമൂഹിക പ്രവര്‍ത്തനം എന്ന പേരില്‍ കബളിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ജീവിക്കാനുള്ള വരുമാനം തന്നെയായിരുന്നു ഇത്തരത്തില്‍ ഈടാക്കിയിരുന്നത്.
”പൊതുപ്രവര്‍ത്തന രംഗത്തെ പലരുമായും അടുപ്പമുണ്ടെന്ന് പറഞ്ഞായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് മേല്‍പ്പറഞ്ഞ സംഘടനകളുടെ രംഗപ്രവേശം. ചിലരെങ്കിലും അത് വിശ്വസിച്ചു. അങ്ങനെ വിശ്വസിച്ചവരെ അവര്‍ കൂടെക്കൂട്ടി. യഥാര്‍ത്ഥ ലക്ഷ്യമറിഞ്ഞപ്പോള്‍ ചിലര്‍ വിട്ടുപോയി. തല്‍പ്പര കക്ഷികള്‍ ഇന്നും കൂടെയുണ്ട്. ഇന്നും അവരുടെ സംഘത്തിലെ പെണ്‍കുട്ടികള്‍ പരസ്പരം ഇടപഴകുന്നത് കണ്ടാല്‍പ്പോലും നമ്മള് ലജ്ജിച്ചുപോകും. ആണ് സുഹൃത്തുക്കളുടെ പെരുമാറ്റം അത്രയും നാണം കെട്ട രീതിയിലാണ്. ഇതിനൊക്കെ പരസ്യമായും അനുവാദം വേണമെന്ന അവരുടെ ആവശ്യം കോഴിക്കോട്ടെ റസ്റ്റോറന്റ് തകര്‍ത്ത സംഭവത്തില്‍ ഇക്കൂട്ടര്‍ക്ക് ഉപകാരപ്പെടുകയായിരുന്നു. വളരെ സമര്‍ത്ഥമായി ആ സമരത്തെ അവര്‍ ഉപയോഗിച്ചു. ആ സ്പേസ് കൃത്യമായി വിനിയോഗിച്ചു എന്നുവേണം പറയാന്‍. അതിന്റെ ഭാഗമായി കോഴിക്കോട് ചുംബനസമരത്തിനും വേദിയായി. നഗരത്തിലെ ഒരു മാധ്യമ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി ചുംബനസമരം കഴിഞ്ഞപ്പോള്‍ പറഞ്ഞത് എനിക്കിപ്പോള്‍ കുറ്റബോധം തോന്നുന്നു എന്നാണ്. ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്ന് മാത്രം ഞാന്‍ മറുപടി പറഞ്ഞു”-ജ്വാലയുടെ വാക്കുകളാണിത്.
കാലം മായ്ക്കാത്ത ഉള്ളറ രഹസ്യങ്ങളാണ് കോഴിക്കോട്ടുള്ള ഈ പെണ്‍കുട്ടികളുടെ മുന്നിലേക്ക് എത്തിയത്. അന്നത്തെ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ലെന്ന് പറയുമ്പോഴും എല്ലാം വിളിച്ചു പറയാന്‍ കഴിഞ്ഞതിന്റെ ആശ്വാസം അവരുടെ മുഖത്തുണ്ട്. തങ്ങളുടെ കണ്മുന്നില്ത്തന്നെ നടക്കുന്ന ഇത്തരം ജാഡസമരങ്ങള് എവിടെവരെ പോകുമെന്നും ഇവര്‍ക്ക് നന്നായറിയാം. ഒരു സ്ത്രീ പറഞ്ഞതാണ്. അവര്‍ ചുംബിക്കുകയോ, നടുറോഡില്‍ കിടക്കുകയോ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളട്ടെ. പക്ഷേ അതില്‍ താല്‍പ്പര്യമില്ലാത്ത ഒരു വലിയ സമൂഹം കൂടി ഇവിടെയുണ്ട് എന്നോര്‍ക്കണം. ഒന്നിനും മറ വേണ്ടെന്നല്ലേ അവര്‍ ആവശ്യപ്പെടുന്നത്. പക്ഷേ മറ വേണ്ടവരും ഇവിടെയുണ്ട്. ഞങ്ങള്‍ പഠിച്ച സംസ്കാരം അതാണ്. ഇതിനെയെല്ലാം എതിര്‍ക്കുന്നവരും അനവധിയാണ്. ഈ വിഷയം സംസാരിക്കാന്‍ പോലും താല്പ്പര്യമില്ലാത്തവര് വേറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: