‘ചിന്ത’ എന്നത് ഒരു കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണത്തിന്റെ പേരു മാത്രമായിരുന്നില്ല. ചിന്താശീലരും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം ഇടതുപക്ഷമാണെന്നുള്ള അവകാശവാദത്തിന്റെയും അതിലുപരി അഹങ്കാരത്തിന്റെയും പ്രഖ്യാപനമായിരുന്നു കമ്മ്യൂണിസ്റ്റ് പിളര്‍പ്പിന് ഒരു വര്‍ഷം മുമ്പ് 1963ല്‍ ആരംഭിച്ച ‘ചിന്ത’ എന്ന ഇടതു വാരിക. നേരെയാണെന്നുറപ്പുവരുത്താന് ഇടതുവശത്തോട്ട് ചരിഞ്ഞു നടക്കണമെന്നായിരുന്നു കേരളത്തിന്റെ അക്കാലത്തെ നടപ്പു രീതി.
കാവല്ക്കാരെ സൂക്ഷിച്ചോളൂ
കാര്യംവിട്ടു കളിച്ചീടേണ്ട
അരിവാള്‍ തോലരിയാനായ് മാത്രം
പരിചൊടു കയ്യില്‍ കരുതിയതല്ല
എന്ന് ടി.എസ്. സുബ്രഹ്മണ്യം തിരുമുമ്പിനെക്കൊണ്ടുപോലും മുദ്രാവാക്യ കവിത എഴുതിച്ചതായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് ബൗദ്ധികാധിപത്യത്തിന്റെ വ്യാപ്തി.
കേരളത്തിന്റെ നവോത്ഥാന പരിസരങ്ങളില്‍ പടര്‍ന്ന ചുകപ്പുരാശി ചരിത്രത്തിന്റെ മറ്റൊരട്ടിമറിയായി മാറി. ആശയതലത്തില്‍ മാത്രമായിരുന്നില്ല സായുധ സംഘര്‍ഷത്തിന്റെയും ചേരുവകള്‍ നിറഞ്ഞതായിരുന്നു സര്‍വ്വാധിപത്യത്തിന്റെ ഈ പടപ്പുറപ്പാട്. അക്രമങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍, ബലിദാനികള്‍ കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ വഴികളില്‍ രക്തത്തിന്റെ ഗന്ധവും നിറവും നിറഞ്ഞു. ആയുധബലവും അധികാരബലവും ചേര്‍ന്നപ്പോള്‍ അതിന് കരുത്തുകൂടി. ഇനിയൊരു പുലരിയും നിലാവെളിച്ചവുമുണ്ടാവില്ലെന്ന തരത്തില്‍ ഇരുട്ട് നിറഞ്ഞകാലം. എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള അടവുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ പാഠ്യപദ്ധതിയായി.
ഒരു ബദല്‍ സാധ്യമാണെന്നുറക്കെപ്പറയാന് കരുത്തില്ലാതെ കേരളം ഉഴലുമ്പോഴും പ്രതീക്ഷയുടെ ഒരു തിരിനാളം കാലം കാത്തുവെച്ചിരുന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ ചുവടുറപ്പിച്ച മുന്നേറ്റമായിരുന്നു അത്. 1942ല്‍ ദത്തോപാന്ത് ഠേംഗ്ഡി കോഴിക്കോട്ട് തുടങ്ങിവെച്ച രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനം എതിര്‍പ്പുകളെ വകവെക്കാതെ വളരുകയായിരുന്നു. ‘ഇപ്പരിപ്പിവിടെ വേവില്ല മോനെ’ എന്ന പഴമ്പാട്ടിന് താളംതെറ്റിത്തുടങ്ങിയിരുന്നു.
മനസ്സല്ല ഞാന്‍ ബുദ്ധ്യഹങ്കാരചിത്തം
തനുസ്സല്ലതിന്നുള്ള മാറ്റങ്ങളല്ല
പൃഥ്വിവ്യാദിയല്ലല്ല, നേത്രാദിയും സ-
ച്ചിദാനന്ദരൂപന്, ശിവന് ഞാന്‍ ശിവന് ഞാന്‍
എന്ന് ശ്രീ ശങ്കരകൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ടി.എസ്. തിരുമുമ്പിന്റെ പുതിയ വേഷപ്പകര്‍ച്ചയിലേക്ക് കേരളം മാറുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെന്ന മഹാകാവ്യമെഴുത്തിലേക്ക് അക്കിത്തവും മാറിയകാലം.
1982 ഒക്ടോബര്‍ 27 വിജയദശമി ദിനത്തില്‍ ഭാരതീയവിചാരകേന്ദ്രം എന്ന പഠനഗവേഷണകേന്ദ്രം പിറന്നുവീണതും ഈ ചരിത്ര മുഹൂര്‍ത്തത്തിലാണ്. കാലത്തിന്റെ കരുതിവെപ്പായി ഒരു യുഗപ്പിറവി. ദല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് തന്റെ പ്രവര്‍ത്തനമേഖല മാറ്റിയതോടെ പി. പരമേശ്വരന് എന്ന ക്രാന്തദര്‍ശി കേരളത്തെ ദല്ഹിയോടടുപ്പിക്കുകയായിരുന്നു.
ചിന്തകനും തൊഴിലാളി നേതാവുമായിരുന്ന ദത്തോപാന്ത് ഠേംഗ്ഡിയായിരുന്നു വിചാരകേന്ദ്രത്തിന്റെ ഉദ്ഘാടന പ്രസംഗകന്. ”എല്ലാ ജനസമൂഹങ്ങളുടെയും ചരിത്രഗതി ഒരേ തരത്തിലാണെന്നും അതിനാല്‍ അവയുടെയെല്ലാം വികാസത്തിനുള്ള മാതൃകകള്‍ ഒന്നു തന്നെയായിരിക്കണമെന്നുള്ള ചിന്താപദ്ധതി യുക്തിക്കും അനുഭവത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞതിന് നമ്മുടെ ദേശീയ ജീവിതത്തിലെ ഒരടിയന്തിരാവശ്യം നിര്‍വഹിക്കുവാന്‍ വേണ്ടിയുള്ള വിനീതമായ ഒരു സംരംഭമാണ് ഭാരതീയ വിചാരകേന്ദ്രം എന്ന പരമേശ്വര്‍ജിയുടെ കൂട്ടിച്ചേര്ക്കലുമായതോടെ വിചാരകേന്ദ്രത്തിന്റെ ജാതകം കുറിച്ചു.
1991ല്‍ സൊസൈറ്റി ആക്ട് പ്രകാരം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതോടെയാണ് ഔപചാരിക സ്വഭാവം കൈവന്നതെങ്കിലും വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂട്ടായ്മയുടെ കരുത്തിലാണ് വളര്‍ന്നത്. കോട്ടയ്ക്കത്തെ നാലുകെട്ട് സമാനമായ ഇരുനിലകൊട്ടാരത്തിന്റെ ഒരു ഭാഗം ആസ്ഥാനകേന്ദ്രമാക്കി വിചാരകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
തിരുവനന്തപുരത്ത് കേന്ദ്രീകരിച്ച് ആരംഭിച്ച പ്രവര്‍ത്തനം രണ്ട് വര്‍ഷംകൊണ്ട് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ശാസ്ത്രരംഗത്തും ഭാരതീയ സമീപനത്തിന്റെ സാംഗത്യം വിളിച്ചോതുന്നതായിരുന്നു ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച് സ്വദേശിശാസ്ത്ര സമ്മേളനങ്ങള്‍. 1983 ഒക്ടോബര്‍ 21ന് തിരുവനന്തപുരം പാഞ്ചജന്യം കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന ശാസ്ത്രകാരന്മാരുടെയും ശാസ്ത്രവിദ്യാര്ത്ഥികളുടെയും സമ്മേളനത്തിലാണ് ഇതിന് തുടക്കം കുറിച്ചത്. സി.വി. രാമന്റെ ജന്മദിനമായ നവം. 7 ദേശീയശാസ്ത്ര ദിനമായി ആചരിച്ചുകൊണ്ടുള്ള പുതിയ തുടക്കം. 1990കളില്‍ സ്വതന്ത്രമായൊരു പ്രസ്ഥാനമായി മാറുന്നതുവരെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഭാഗമായാണ് സ്വദേശിശാസ്ത്ര പ്രസ്ഥാനം മുന്നോട്ടുപോയത്. ഇന്നത് ദേശീയതലത്തില്‍ കരുത്തുറ്റ ശാസ്ത്ര പ്രസ്ഥാനമായി മാറിക്കഴിഞ്ഞു.
അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ വൈചാരിക ഇടപെടലുകളാണ് ഭാരതീയ വിചാരകേന്ദ്രം നടത്തിപ്പോന്നത്. കാലിക്കട്ട് സര്‍വകലാശാല കാമ്പസില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും പി. പരമേശ്വരനും പങ്കെടുത്ത ദര്‍ശനസംവാദം ആശയസംവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതായിരുന്നു. പി. പരമേശ്വരന് പറഞ്ഞ ആശയത്തിനനുസരിച്ച് ചിന്തിക്കുന്നവര്‍ ലോകസഭയില്‍ വളരെക്കുറച്ചേ ഉള്ളൂവെന്ന കുടിലയുക്തിയിലാണ് അന്ന് ഇഎംഎസ് സംവാദം അവസാനിപ്പിച്ചത്.
പുതിയ തുടക്കം
ധൈഷണിക സംവാദത്തിന് പുതിയതലം നല്‍കുന്നതായിരുന്നു വിചാരകേന്ദ്രത്തിന്റെ ഇടപെടലുകള്‍. കമ്മ്യൂണിസ്റ്റ് കാര്‍ക്കശ്യം വേരുപിടിപ്പിച്ച ചര്‍ച്ചകളുടെ സ്വഭാവത്തെ അത് അട്ടിമറിച്ചു. വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഒരേ വേദിയില്‍ ഇടം നല്കുന്ന പുതിയ സംവാദസംസ്കാരത്തിന് കേരളത്തിന്റെ വൈചാരിക മേഖലയെ പരിവര്‍ത്തനം ചെയ്യിക്കാന്‍ കഴിഞ്ഞു. കേരളത്തിന്റെ വൈചാരികമേഖലയ്ക്ക് പി. പരമേശ്വരന് നല്കിയ മുഖ്യസംഭാവനയായിരുന്നു അത്. സി. അച്യുതമേനോന്, പി. ഗോവിന്ദപിള്ള, പി.പി. ഉമ്മര്‍കോയ, കെ.വി. സുരേന്ദ്രനാഥ്, എ.പി. ഉദയഭാനു, കെ. വേണു, സി.പി. ജോണ്‍, സിവിക് ചന്ദ്രന്, എം.പി. വീരേന്ദ്രകുമാര്‍, പ്രൊഫ. സുകുമാര്‍ അഴീക്കോട് തുടങ്ങി ആശയപരമായി വ്യത്യസ്ത തലങ്ങളില്‍ ഉറച്ചുനില്ക്കുന്നവര് വിചാരകേന്ദ്രത്തിന്റെ വേദിയില്‍ എത്തി. കേരളത്തിലെ എല്ലാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും മുതിര്‍ന്ന പത്രപ്രവര്‍ത്തകരും സമൂഹത്തിന് ദിശാബോധം നല്കുന്ന സന്യാസിശ്രേഷ്ഠരും സാഹിത്യകലാരംഗങ്ങളിലെ പ്രമുഖരും വിചാരകേന്ദ്രത്തിന്റെ വേദി പങ്കിട്ടു. ഇ.സി.ജി. സുദര്ശനന്, പ്രൊഫ. എന്‍.എസ്. രാമസ്വാമി, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ തുടങ്ങി ദേശീയരംഗത്തെ എണ്ണിയാലൊടുങ്ങാത്ത പ്രമുഖരും സ്വാമി രംഗനാഥാനന്ദ, ദലൈലാമ തുടങ്ങിയ വരിഷ്ഠ ആചാര്യന്മാരും വിചാരകേന്ദ്രത്തിന്റെ വേദിയെ ധന്യമാക്കി.
ഇടപെടലുകള്‍
വെറും കാഴ്ചക്കാരായി നോക്കിനില്‍ക്കാനല്ല, സജീവമായി ഇടപെടാനാണ് വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ശ്രദ്ധിച്ചത്. കമ്മ്യൂണിസത്തിന്റെ പരാജയം പ്രവചിക്കുക മാത്രമല്ല, പരാജയത്തിന്റെ കാരണങ്ങള്‍ വിശ്ലേഷണം ചെയ്തുകൊണ്ട് കേരളത്തില്‍ ആകമാനം നടത്തിയ വൈചാരിക സദസ്സുകള്‍ കമ്മ്യൂണിസത്തിന്റെ ആശയപരമായ പാപ്പരത്തം മലയാളിക്ക് മനസ്സിലാക്കിക്കൊടുക്കുന്നതായിരുന്നു. പി. പരമേശ്വരനും ടി.ആര്. സോമശേഖരനും നടത്തിയ പ്രഭാഷണ പരമ്പരകള്‍ കേരളത്തിന്റെ മനസ്സിനെ ഇളക്കിമറിച്ചു. ആര്യാധിനിവേശം എന്ന മിഥ്യാവാദത്തിനെതിരെ ചരിത്ര വസ്തുതകള്‍ അണിനിരത്തിയുള്ള വിചാരകേന്ദ്രത്തിന്റെ മുന്നേറ്റം, കപടചരിത്രത്തിന്റെ കോട്ടകള്‍ തകര്‍ക്കുന്നതായിരുന്നു. ഇന്റോളജിസ്റ്റുകള് സൃഷ്ടിച്ചെടുത്ത ഭാരത ചരിത്രത്തിന്റെ അകം ഇത്തരം പൊള്ളയായ സങ്കല്‍പ്പങ്ങളാല്‍ സൃഷ്ടിച്ചെടുത്തതാണെന്ന് മലയാളികള്‍ക്ക് മനസ്സിലായത് ഇതിലൂടെയാണ്. കശ്മീരിന്റെ പ്രത്യേക അവകാശത്തെ ചോദ്യം ചെയ്യുന്നതും ഏകീകൃത സിവില്‍കോഡിന്റെ സാംഗത്യം ചര്‍ച്ചചെയ്യുന്നതും കേരളത്തിന്റെ ധൈഷണിക മേഖലയ്ക്ക് പുതിയ അനുഭവമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്ത ധാരകളെക്കുറിച്ചുള്ള പഠന പരമ്പരകള്‍, ചരിത്രരചനാ സമ്പ്രദായത്തിന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ വിശകലനം ചെയ്യുന്ന സെമിനാറുകള്‍ എന്നിവയും പുതിയ വെളിപാടുകള്‍ നല്‍കുന്നതായിരുന്നു.
കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃകയുടെ അകം പൊള്ളയാണെന്ന യാഥാര്‍ത്ഥ്യം വസ്തുതകള്‍ നിരത്തി മുന്നോട്ടുവെക്കുന്നതില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച വികസന സെമിനാറുകള്‍ തുടക്കം കുറിച്ചു. കേരളത്തിന്റെ മാറുന്ന മുഖച്ഛായ എന്ന പേരില്‍ എറണാകുളം ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയത്തില്‍ 1994 ഒക്ടോബര്‍ 8, 9 തിയ്യതികളില്‍ സംഘടിപ്പിച്ച വിചാരസത്രം കേരളാനുഭവം പറഞ്ഞുകേട്ട സുഖാനുഭവങ്ങളുടേതല്ല എന്ന് തെളിയിക്കുന്നതായിരുന്നു. വികസനസംബന്ധിയായി കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന സെമിനാറുകള്‍, നിള വിചാരസത്രം തുടങ്ങിയ പരിസ്ഥിതിരംഗത്തെ വിവിധ പഠനസംരംഭങ്ങള്‍ എന്നിവയും വിചാരകേന്ദ്രത്തിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
വേരുകള്‍ തേടി
കേരളത്തിന് അപരിചിതമായിരുന്ന അരവിന്ദദര്‍ശനം മലയാളിക്ക് പരിചയപ്പെടുത്താന്‍ വിചാരകേന്ദ്രം മുന്‍കൈയെടുത്തു. ഗീതാമുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ പഞ്ചായത്ത് തലം വരെ ഗീതാശിബിരങ്ങള്‍ നടത്താനും വിചാരകേന്ദ്രം എടുത്ത മുന്‍കൈ പുതുതലമുറക്ക് പരിചയമുള്ളതാണ്. വിവേകാനന്ദജയന്തി, ശ്രീ നാരായണജയന്തി, അരവിന്ദ ജയന്തി തുടങ്ങിയ അവസരങ്ങള്‍ ആശയപരമായ ഉള്ളടക്കത്താല്‍ സമൃദ്ധമാക്കാന്‍ വിചാരകേന്ദ്രം ശ്രദ്ധിച്ചു. സര്‍വ്വകലാശാല ഗവേഷണം രാഷ്ട്രപുരോഗതിക്ക് എന്ന മൂന്നു ദിവസത്തെ ശില്പശാല ഇത്തരത്തിലുള്ള കേരളത്തില്‍ ആദ്യ സംരംഭമായിരുന്നു.
ശാസ്ത്രവും ആദ്ധ്യാത്മികതയും തമ്മിലുള്ള അഭേദ്യബന്ധം ഭാവി ഭാരത രചനയ്ക്കുള്ള മാര്‍ഗ്ഗരേഖയായ ഏകാത്മ മാനവദര്ശനത്തെക്കുറിച്ചുള്ള പഠനശിബിരങ്ങള് തുടങ്ങി സുപ്രധാനമായ കാല്‍വെപ്പുകളായിരുന്നു. ചിന്താവിപ്ലവത്തിന് തിരികൊളുത്തുന്ന വാര്ഷികസമ്മേളങ്ങള്, പഠനശിബിരങ്ങള്, പ്രബന്ധസമ്മേളനങ്ങള്, സംവാദങ്ങള്‍ എന്നിവ വിപുലവും വിസ്തൃതവുമായ പ്രവര്‍ത്തനങ്ങളിലാണ് വിചാരകേന്ദ്രം വ്യാപൃതമായത്. നാല്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് മലയാളിയുടെ വായന സംസ്കാരത്തിന് കാമ്പേകുന്നതായിരുന്നു. പ്രഗതി ഗവേഷണ ജേണല്‍, വിശാലമായ റഫറന്‍സ് ലൈബ്രറി തുടങ്ങി ആധുനിക ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കനുസരിച്ച് ഭാരതീയ വിചാരകേന്ദ്രം കാലത്തിനൊപ്പം മുന്നേറി.
തിരുവനന്തപുരം കോട്ടക്കകത്തെ വാടക കെട്ടിടത്തില്‍ നിന്ന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിലേക്ക് ഭാരതീയവിചാരകേന്ദ്രത്തെ പറിച്ചു നടുമ്പോള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെടാതിരിക്കാന്‍ പി. പരമേശ്വരനെപ്പോലുള്ള ഒരു ദാര്‍ശനികന്റെ ദീര്‍ഘവീക്ഷണത്തിന് കഴിഞ്ഞു. 2004 ജൂലൈ 30ന് ആണ് സെക്രട്ടറിയേറ്റിനടുത്ത് ഇന്നത്തെ പുതിയ ബഹുനില കെട്ടിട സമുച്ചയത്തിലേക്ക് ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമന്ദിരം മാറ്റിയത്. രണ്ട് പ്രധാന സര്‍വ്വകലാശാലകളായ രാജസ്ഥാനിലെ അജ്മീര്‍ മഹര്‍ഷി ദയാനന്ദസരസ്വതി സര്‍വ്വകലാശാല, കര്‍ണ്ണാടകയിലെ തുങ്കൂര്‍ സര്‍വ്വകലാശാല തുടങ്ങിയവയുടെ ഗവേഷണകേന്ദ്രമാണ് ഭാരതീയവിചാരകേന്ദ്രം. ഏഴ് മാനവിക വിഷയങ്ങളില്‍ ഗവേഷണ ബിരുദം നല്കുന്ന ഭാരതീയവിചാരകേന്ദ്രം ഇഗ്നോയുടെ പഠനകേന്ദ്രം കൂടിയാണ്.
ഭാരതീയവിചാരത്തിന്റെ കൈത്തിരി കത്തിച്ചുവെക്കുകയായിരുന്നു 1982ലെ വിജയദശമി നാളില്‍ പരമേശ്വര്‍ജി ചെയ്തത്. കവിയും സംഘാടകനും ധൈഷണിക പ്രതിഭയും തുടങ്ങി വിശേഷണങ്ങളില്‍ ഒതുങ്ങാത്ത ഒരു വലിയ മനുഷ്യന്റെ സമര്‍പ്പിത ജീവിതമാണ് ഇന്ന് കേരളത്തില്‍ ഹിമാലയത്തോളം ഉയര്ന്നുനില്ക്കുന്ന ഭാരതീയവിചാരകേന്ദ്രം എന്ന അനന്യമായ സംവിധാനത്തിന്റെ പിന്നിലെ ശക്തി. ഡോ. കെ. മാധവന്‍കുട്ടി, ടി. ആര്. സോമശേഖരന്‍, പി. പരമേശ്വരന് എന്നിവരുടെ തപസ്സിന്റെ ഫലമാണ് മാറിയ കേരളത്തിന്റെ വൈചാരിക മേഖലയെ പ്രതിനിധാനം ചെയ്യുന്നത്. ദര്‍ശനത്തിന്റെ സാധുത വിജയിച്ചു കയറിയ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം നോക്കി തിട്ടപ്പെടുത്താമെന്ന നമ്പൂതിരിപ്പാടിന്റെ പഴയ ഫലിതയുക്തി ഇന്ന് തിരിച്ചടിച്ചിരിക്കുകയാണെന്ന് പറയുമ്പോള്‍ മുഖത്ത് കുസൃതിച്ചിരി കൊണ്ട് പരമേശ്വര്‍ജി പറഞ്ഞുവെക്കുന്നത് ഒരു വലിയ ചരിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: