ആലപ്പുഴ: കയര്‍ വ്യവസായത്തിനുള്ള തൊണ്ടുസംഭരണത്തിന്റെ കാര്യത്തില്‍ കേരളം ഏറെ പിന്നിലാണെന്നും അതു പരിഹരിക്കാനായി കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ചേര്‍ത്തല കയര്‍ പ്രോജക്ട് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുട്ടം പള്ളിയുടെ കിഴക്കുവശത്തുള്ള കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുക. കേരളത്തില്‍ 2.25 മെട്രിക് ടണ്‍ ചകിരിനാര് ആവശ്യമുള്ളപ്പോള്‍ വെറും 30,000 ടണ്‍ മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കയര്‍ തൊഴിലാളികളുടെ കൂലി 300 രൂപയാക്കി ഉയര്‍ത്തി. കയര്‍ സംഘങ്ങള്‍ക്ക് ഇതു നല്കാന് ബുദ്ധിമുട്ടു വരാതിരിക്കാന്‍ കയറിന്റെ വില വര്‍ദ്ധിപ്പിച്ചു നല്കാന് കയര്‍ ഫെഡിനോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കയര്‍ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്കുന്ന ധനസഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. സംഘങ്ങളുടെ ചുമതലയുള്ളവര്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊണ്ടു ചകിരിയാക്കല്, നെയ്ത്ത് എന്നിവയിലെല്ലാം കുതിച്ചുചാട്ടത്തിനു സര്‍ക്കാരും ഗവേഷണസ്ഥാപനങ്ങളും തയ്യാറെടുക്കുകയാണ്. ഇതിന് അതിവേഗത്തിലുള്ള യന്ത്രവത്കരണം വേണം.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,476 കോടി രൂപയുടെ കയറ്റുമതി കയര്മേഖലയിലുണ്ടായി. ഇതില്‍ 65 ശതമാനം കേരളത്തിന്റെ വിഹിതമാണ്. സംസ്ഥാനത്ത് കയര്‍ ഉത്പാദനം കൂടിയതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പാക്കുന്ന ഇന്‍കം സപ്പോര്‍ട്ട് സ്കീം കൂടുതല്‍ കയര്‍ തൊഴിലാളികളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: