നൊബേല്‍ പുരസ്കാര ജേതാവായ ഓര്‍ഹന്‍ പാമുക് എന്ന വിശ്വവിഖ്യാത തുര്‍ക്കി സാഹിത്യകാരന് തന്റെ പുരാതന നഗരമായ ഇസ്താംബുളില്‍ വിചിത്രമായ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്. തന്റെ ‘മ്യൂസിയം ഓഫ് ഇന്നസെന്റ്സ്’ എന്ന നോവലിനെ ആധാരമാക്കി, ഒരു കാലഘട്ടത്തിനും നോവല്‍ സന്ദര്‍ഭത്തിനും ഇണങ്ങിച്ചേരുന്ന വസ്തുക്കള്‍ സമാഹരിച്ച് ഒരു പ്രദര്‍ശനശാല, കാഴ്ചപ്പുര അദ്ദേഹം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു. ഇവിടെ ഒരു കഥാകാരന് പഴയ ആ കാലഘട്ടത്തെ തിരിച്ചുകൊണ്ടുവന്ന്, തന്റെ കഥാജീവിത സന്ദര്‍ഭങ്ങളിലൂടെ നയിക്കുവാന്‍ നടത്തുന്ന വേറിട്ടൊരു ശ്രമമായിട്ടാണ് നമുക്കിതിനെ കാണാന്‍ കഴിയുക.
ഓര്‍ഹന്‍ പാമുകിന്റെ ‘നിഷ്കളങ്കതയുടെ ഓര്‍മ്മപ്പുര’ പോലെയല്ലെങ്കിലും വ്യത്യസ്തമായ ഒരു കാഴ്ചപ്പുര അടുത്തകാലത്ത് കേരളത്തിലും തുറന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ പാറോട്ടുകോണം(നാലാഞ്ചിറ) എന്ന സ്ഥലത്ത് കേരള സര്‍ക്കാരിന്റെ മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ കീഴില്‍ മണ്ണുകളുടേതായ ഒരു മ്യൂസിയമാണ് ഇത്തരത്തില്‍ കാഴ്ചക്കാര്‍ക്കായി തുറക്കപ്പെട്ടിരിക്കുന്നത്.
മനുഷ്യന് സംസ്കാരത്തിന്റെ ആദ്യവിത്തുനട്ടത് മണ്ണിലാണ്. മണ്ണിനോടു കുഴഞ്ഞുചേര്‍ന്നാണ് അവന് നാഗരികനായത്. എന്നാല്‍ ഇന്ന് മണ്ണിന്റെ പ്രാധാന്യം അതിന്റെ വിപണന മൂല്യത്തിലൂടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹമായി നമ്മള് മാറിയിരിക്കുന്നു. മണ്ണിലെന്തറിയാനിരിക്കുന്നു എന്നാശങ്കയുള്ളവര്‍ക്കും ജിജ്ഞാസുക്കള്‍ക്കും ഈ മ്യൂസിയത്തിലേക്ക് കടന്നുവരാം. നമ്മുടെ ജീവന്റെ പുതപ്പായ മണ്ണിനെക്കുറിച്ച്, ഒരിഞ്ചു ജീവനുള്ള മണ്ണ് രൂപപ്പെടാന്‍ ആയിരം വര്‍ഷത്തോളമെടുക്കുമെന്നറിയുമ്പോള്‍ മനുഷ്യരിലെ ഉപഭോഗത്വര മലിനമാക്കുന്ന, നശിപ്പിക്കുന്ന മണ്ണിന്റെ മൂല്യത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഓര്‍ക്കേണ്ടതായിട്ടുണ്ട്. നമ്മളിലെ ദുരയ്ക്ക് നിശ്ചയിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ് ഇങ്ങനെ ചവിട്ടി മെതിച്ചുകളയുന്ന മണ്ണിന്റെ വിലയെന്നുകൂടിയറിയുക.
അനേകായിരം വര്‍ഷങ്ങളായി ഭൂമിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭൗതിക-രാസ-ജൈവപരിണാമ പ്രക്രിയയുടെ ഫലമായിട്ടാണ് നാം ഇന്നുകാണുന്ന മണ്ണ് രൂപം കൊണ്ടിട്ടുള്ളത്. പ്രകൃത്യാ സങ്കീര്‍ണമായിട്ടുള്ള ഈ മണ്ണില്‍ പരിതസ്ഥിതികള്‍ക്കനുസൃതമായി നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ ആകെ തുകയാണ് ഒരു പ്രത്യേതയിനം മണ്ണിന്റെ ഉത്പാദനക്ഷമത നിര്‍ണയിക്കുന്നത്. നമ്മള് കരുതുന്നതുപോലെ വെറും പാറപൊടിഞ്ഞാല്‍ മണ്ണല്ല ഉണ്ടാകുന്നത്. പാറകഷ്ണങ്ങളില്‍ കാലാവസ്ഥ, സൂക്ഷ്മജീവികള്‍, രാസഭൗതിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒരു നിശ്ചിതകാലത്തോളം തുടര്‍ച്ചയായി നടക്കുമ്പോഴാണ് ജീവനുള്ള മണ്ണ് വര്‍ഗം ഉണ്ടാകുന്നത്. ഫലഭൂയിഷ്ടമായ മേല്‍മണ്ണ് ഭൂമിയുടെ ഉപരിതലത്തില്‍ ഏതാണ്ട് ഒരടി താഴെ വരെ മാത്രമേ കാണുകയുള്ളു. മനുഷ്യരുള്‍പ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവി വര്‍ഗ്ഗങ്ങളുടേയും നിലനില്‍പ്പ് ഈ നേരിയ കനത്തിലുള്ള മേല്‍മണ്ണിനെയാശ്രയിച്ചാണ്.
മണ്ണിന്റെ ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കേരള സര്‍ക്കാരിന്റെ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ കീഴില്‍ ഭാരതത്തില്‍ ആദ്യത്തേതും അന്താരാഷ്ട്രതലത്തില്‍ രണ്ടാമത്തേതുമായ(ആദ്യത്തേത് നെതര്‍ലന്റില്‍) മണ്‍മ്യൂസിയം ആരംഭിച്ചിരിക്കുന്നത്.
ലോകത്ത് 12 പ്രധാന മണ്ണിനങ്ങളുള്ളതില്‍ 8 ഇനങ്ങള്‍ കേരളത്തിലുണ്ട്. ഇവ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതുപോലെ കേരളത്തിലെ മൊത്തം കൃഷിഭൂമിയില്‍ 60 ശതമാനത്തിലേറെ കാണപ്പെടുന്ന ലാറ്ററൈറ്റ് മണ്ണ് (വെട്ടുകല്‍ മണ്ണ്) ഇത് പുളിരസം കൂടിയതും ഉത്പാദനക്ഷമത കുറഞ്ഞതുമാണ്. ഈ മണ്ണുകള്‍ ഉഷ്ണമേഖലാ പ്രദേശങ്ങളുള്ള പല വികസ്വര രാജ്യങ്ങളുടേയും കാര്‍ഷിക പുരോഗതിക്കു തടസ്സമായി നില്ക്കുന്നവയാണ്. ലാറ്ററീകരണമെന്നാല്‍ മണ്ണിന്റെ മരണമെന്നാണ് കൃഷി ശാസ്ത്രജ്ഞന്മാര് അഭിപ്രായപ്പെടുന്നത്. മണ്ണിനങ്ങളില്‍ 13 ശതമാനത്തിലേറെയും വെട്ടുകല്‍ മണ്ണിനങ്ങളാണ്. തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇവയിലേറെയും വ്യാപിച്ചിരിക്കുന്നത്. ഭാരതത്തില്‍ത്തന്നെ ആറ് കോടി ഹെക്ടര്‍ സ്ഥലത്ത് വെട്ടുകല്‍ മണ്ണിനങ്ങളാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്.
എഡി 1800 ല്‍ ഫ്രാന്‍സിസ് ബുക്കാനന് എന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞന് കേരളത്തിലെ മലബാര്‍ പ്രദേശത്തെ അങ്ങാടിപ്പുറം എന്ന സ്ഥലത്തുനിന്നുമാണ് ഈ മണ്ണിനത്തെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം കാണപ്പെടുന്ന ചുവന്ന മണ്ണ്, പാലക്കാട് ചിറ്റൂര്‍ താലുക്കില്‍ മാത്രം കാണപ്പെടുന്ന കറുത്ത പരുത്തിമണ്ണ് തുടങ്ങി വിവിധയിനം മണ്ണിനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സുസ്ഥിര വികസനവും കാര്‍ഷിക പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിലെ ഭൂപ്രകൃതി, മണ്ണ്,ജലം, കാലാവസ്ഥ, വിളകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ 27 ഭൂവിഭവമേഖലകള്‍ ഉള്ളതായി ശാസ്ത്രീയമായി നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. തൃശൂരിലെ കോള്‍നിലങ്ങള്‍, എറണാകുളം മേഖലയിലെ പൊക്കാളി നിലങ്ങള്‍, ആലപ്പുഴയിലെ കുട്ടനാട് നിലങ്ങള്‍, മറയൂരിലെ മഴനിഴല്‍ പ്രദേശങ്ങള്‍ എന്നിവയെല്ലാം ഈ 27 ഭൂവിഭവ മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്. ഈ മേഖലയില്‍ നിന്നും ആതാതു പ്രദേശങ്ങളില്‍ വ്യാപകമായി കാണുന്ന മണ്ണിനങ്ങള്‍ അവയുടെ കാര്‍ഷിക പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ‘ബഞ്ച് മാര്‍ക്ക്’ മണ്ണുകള്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍ കാസര്‍കോഡ് മുതല്‍ പാറശാലവരെ 82 ബഞ്ചുമാര്‍ക്ക് മണ്ണുകളാണുള്ളത്. (ഉദാഹരണത്തിന് തിരുവനന്തപുരം ജില്ലയില്‍ 7 ബഞ്ചുമാര്‍ക്ക് മണ്ണുകളാണുള്ളത്. കഴക്കൂട്ടം സീരിസ്, അമരവിള സീരീസ്, വെള്ളയാണി സീരീസ്, ട്രിവാന്‍ഡ്രം സീരീസ്, നെടുമങ്ങാട് സീരീസ്, കല്ലാര്‍ സീരീസ്, പൊന്മുടി സീരീസ് എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. കാസര്‍കോഡ് ജില്ലയിലാണെങ്കില്‍ അഞ്ച് ബഞ്ചുമാര്‍ക്ക് മണ്ണുകളാണുള്ളത്. അവ ഹോസ്ദുര്‍ഗ് സീരീസ്, തേക്കില സീരീസ്, ഇടനാട് സീരീസ്, പായാളം സീരീസ്, മേലോത്ത് സീരീസ് എന്നിങ്ങനെയും അറിയപ്പെടുന്നു.) ഇങ്ങനെ മൊത്തം 82 മണ്ണുകളുടെ മോണോലിത്തുകളാണ് അതാത് ജില്ലകളുടേയും ഭൂവിഭവ മേഖലകളുടേയും അടിസ്ഥാനത്തില്‍ തരംതിരിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓരോ മോണോലിത്തിലും ആ മണ്ണിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കാഴ്ചക്കാര്‍ക്കും പ്രത്യേകിച്ച് കര്‍ഷകര്‍ക്കും വളരെ വലിയൊരറിവാണ് ഇതിലൂടെ ലഭ്യമാകുന്നത്.
ജിയോളജിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സഹായങ്ങളും ഈ നിര്‍ണയങ്ങളില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മണ്ണിന്റെ സ്വാഭാവിക പാളികളോടുകൂടി നെടുകെയുള്ള ഒരു പരിശ്ചേദം എടുത്ത് സംസ്കരിച്ച് വിവിധ പെട്ടികളിലാക്കി സൂക്ഷിച്ചിരിക്കുന്നതിനെയാണ് മോണോലിത്തുകള്‍ എന്നുപറയുന്നത്. ഇത് തയ്യാറാക്കുന്നത് വളരെ ശ്രമകരമായ ഒരു പ്രക്രിയയിലൂടെയാണ്. ആദ്യം മാതൃശിലകള്‍ കണ്ടെത്തുന്നിടം വരെ മണ്ണ് കുഴിക്കുന്നു. ശേഷം 150 രാ നീളമുള്ള ഒരു തടിപ്പെട്ടി ഈ കുഴിയിലേക്കിറക്കി മണ്‍പാളികളോടൊപ്പം നിറയ്ക്കുന്നു. അതിനുശേഷം ഇളക്കം തട്ടാതെ തുണിയില്‍ പൊതിഞ്ഞ് സംസ്കരിച്ച് പ്രദര്‍ശനയോഗ്യമാക്കുന്നു. ഒരു പ്രദേശത്തെ മണ്ണ് ഇത്തരത്തില്‍ സംസ്കരിച്ച് മോണോലിത്തുകളാക്കാന്‍ മാസങ്ങള്‍ വേണ്ടിവരും.
സമുദ്രനിരപ്പില്‍ നിന്നും 10-1200 അടിവരെ ഉയരമുള്ള മണ്ണിനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണ്ണിനങ്ങള്‍ക്കുപുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാറക്കല്ലുകള്‍, ധാതുക്കള്‍, വിവിധ മണ്ണുപയോഗിച്ചുള്ള മാപ്പുകള്‍, ഭൂമിയുടെ ഉല്‍പ്പത്തി ചരിത്രമാപ്പ് തുടങ്ങിയവയും പ്രദര്‍ശന വസ്തുക്കളില്‍പ്പെടുന്നു.
ഇളം പിങ്ക് നിറത്തിലുള്ള കളിമണ്ണ്, തെക്കേ ആന്‍ഡമാനില്‍ നിന്നുള്ള ബസാള്‍ട്ട്, അട്ടപ്പാടിയിലെ കറുത്ത ഡോളോ മൈറ്റ്, കറുത്ത് തിളങ്ങുന്ന ലൂക്കോക്സിന്, ക്വാര്‍ട്ട്സ്, സിര്‍ക്കോണ്‍ ഗാര്‍നറ്റ് ബെറിന്. ആലപ്പുഴ ചേര്‍ത്തലയില്‍ കാണപ്പെടുന്ന ഗ്ലാസ് സാന്‍ഡ്, പാതിരാപ്പള്ളിയിലെ പീറ്റ്ലിഗ്നൈറ്റ്, തെക്കന്‍ കേരളത്തിലെ ജില്ലകളില്‍ കാണപ്പെടുന്ന ബോക്സൈറ്റ്, കൊല്ലം നീണ്ടകര പ്രദേശങ്ങളിലെ കരിമണലില്‍ കാണപ്പെടുന്ന ധാതുമിശ്രിതങ്ങളായ ഇല്‍മനൈറ്റ്, മോണോസൈറ്റ്, സിലിക്കോണ്‍(ഇതില്‍ ഭാവിയിലെ ആണവ ഇന്ധനമായ തോറിയം ലോഹം കാണപ്പെടുന്ന ധാതുവാണ് മോണോസൈറ്റ്) ഒക്കെ പരിചയപ്പെടാന്‍ ഈ മ്യൂസിയത്തിലൂടെ സാധിക്കുന്നു. പിഎച്ച് മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണിന്റെ അമ്ലത്വവും ക്ഷാരഗുണവും അറിയുവാനുള്ള സൗകര്യവും ഇവിടെയുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള വാട്ടര്‍ ഷെഡ് മാതൃകകള്‍, വിവിധ മണ്ണ്-ജലസംരക്ഷണ മാതൃകകള്‍, വെള്ളത്തിന്റെ പ്രവേഗമറിയുവാനുള്ള കറണ്ട് മീറ്റര്‍, മഴയുടെ തോതറിയാന്‍ ഉപയോഗിക്കുന്ന റെയിന്‍ ഗേജ്, അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയറ്റര്‍ അടക്കം കാഴ്ചക്കാര്‍ക്ക് കൗതുകവും അറിവും പകരുന്ന നിരവധി കാര്യങ്ങള്‍ ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഈ മ്യൂസിയത്തിന്റെ ബുദ്ധികേന്ദ്രവും അണിയറ ശില്പിയും മണ്ണ് പര്യവേഷണ-സംരക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ.പി.എന്‍. പ്രേമചന്ദ്രനാണ്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ഈ മ്യൂസിയത്തില്‍ ഉള്‍ക്കൊള്ളിക്കുവാനുളള പ്രയത്നത്തിലാണദ്ദേഹം. ഈ കാഴ്ചപ്പുരയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മണ്ണറിവാല്‍ നമ്മള് സമ്പന്നരാകും എന്നതില്‍ സംശയമില്ല. മണ്ണിന്റെ ജീവന് നഷ്ടപ്പെട്ടാല്‍ സംസ്കാരവും മരിക്കുമെന്നാണ് പഴയ മെസപ്പൊട്ടേമിയ സംസ്കാരം, ഇറാക്ക് എന്ന മണലാരണ്യമായ അനുഭവം നമ്മെ ഓര്‍മപ്പെടുത്തുന്നത്. എല്ലാ ചരിത്രങ്ങള്‍ക്കൊപ്പവും ചരിത്രാവശിഷ്ടങ്ങള്‍ക്ക് സാക്ഷിയായും മണ്ണുണ്ട്. ഒടുവില്‍ എല്ലാ ജീവനും ചാരമായും അല്ലാതെയും മണ്ണിലേക്കാണ് മടങ്ങുന്നത്. അപ്പോഴും മറ്റൊരു ജീവന്റെ നാമ്പ് മണ്ണില്‍ നിന്നും തലനീട്ടിയിരിക്കും. അതൊരു പ്രപഞ്ച സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: