ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ചരിത്രമായിത്തീര്‍ന്നു. ഒരു നൂറ്റാണ്ടുകാലത്തെ സഫലമായ ജീവിതം തുല്യതയില്ലാത്തതായിരുന്നു. നീതിന്യായരംഗത്തെ കുലപതിയായിരുന്ന അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. ചരമം അപ്രതീക്ഷിതമെന്ന് പറയാനാവാത്തതിനാല്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ സാമര്‍ത്ഥ്യം പ്രകടിപ്പിക്കാനുള്ള ധാരാളം അവസരങ്ങള്‍ ലഭിച്ചു. ഓരോ ടി.വി. ചാനലും അത് നല്ലവണ്ണം കാണിക്കുകയും ചെയ്തു. പത്രങ്ങളും രണ്ടുമൂന്നു ദിവസങ്ങള്‍ അവരുടെ ഭാവനാവിലാസം പ്രകടിപ്പിച്ചു. എന്തെല്ലാം ജനങ്ങളെ അറിയിക്കണം എന്നതിനേക്കാള്‍ എന്തെല്ലാം അറിയിക്കാതിരിക്കണം എന്നതിലാണ് അവര്‍ക്ക് നിഷ്കര്‍ഷ എന്നുതോന്നി. ചരമദിവസം മുതല്‍ ചാനലുകള്‍ കാണിച്ചുകൊണ്ടിരുന്നത് ഇടതു നേതാക്കളും സാഹിത്യകാരന്മാരും നിരന്നുനില്ക്കുന്നതായിരുന്നു. തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഇടതുപക്ഷങ്ങള്‍ക്ക് സഹായകമാംവിധത്തിലായിരുന്നു കൃഷ്ണയ്യര്‍ ചെലവഴിച്ചത് എന്നതു പരിഗണിക്കുമ്പോള്‍ അതില്‍ അതിശയിക്കാനില്ല. എന്നാല്‍ അദ്ദേഹത്തിന്റെ സുപ്രധാനമായ പല സംഭാവനകളും അവഗണിക്കപ്പെട്ടത് യാദൃച്ഛികമാണോ ബോധപൂര്‍വ്വമാണോ എന്ന് സംശയിക്കേണ്ടിവരുന്നു.
ജ. കൃഷ്ണയ്യരുടെ ജീവിതസായാഹ്നത്തിലും ഊര്ജ്ജസ്വലത നഷ്ടപ്പെടാതെ ഭാരത സമൂഹത്തിന് പ്രയോജനകരമാകാവുന്ന ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ചെയ്തിരുന്നു. നമ്മുടെ നീതിവ്യവസ്ഥയും നിയമസംഹിതകളും ബ്രിട്ടീഷ് പാരമ്പര്യത്തിലാണ് പടുത്തുയര്‍ത്തിയത് എന്ന വസ്തുത അതിന്റെ സുപ്രധാനമായ പോരായ്മയാണെന്ന് കൃഷ്ണയ്യര്‍ക്ക് എന്നും അഭിപ്രായമുണ്ടായിരുന്നു. ബ്രിട്ടീഷ് പാരമ്പര്യത്തിലെ ഉത്തമാംശങ്ങളെ സ്വീകരിച്ചുകൊണ്ട് സനാതനമായ ഭാരതീയ നീതി സംഹിതയുടെ തത്വങ്ങളെക്കൂടി ഉള്‍പ്പെടുത്തിയ ഒരു സംവിധാനം വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ആ അഭിലാഷത്തിന്റെ പ്രതിഫലനമാണ് 700 ലേറെ വിധിന്യായങ്ങളിലൂടെ കൃഷ്ണയ്യര്‍ കാട്ടിത്തന്നത്. നീതിബോധവും, മനുഷ്യത്വവും, ദൈവികതയും അവയില്‍ ഉള്‍ക്കൊണ്ടു. കേരളത്തിലെ നിയമപരിഷ്കരണത്തിന് അദ്ദേഹം തലവനായ ഒരു ലോറിഫോംസ് കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു. 2006-ല്‍ രൂപീകൃതമായ ആ കമ്മീഷന് വേണ്ടി ജ. കൃഷ്ണയ്യര്‍ ഒറ്റയ്ക്ക് നിയമസംഹിത എഴുതിയുണ്ടാക്കുകയാണ് ചെയ്തത്. അദ്ദേഹം അതിന് എക്സ്പ്രസ് വേഗതയിലാണ് നീങ്ങിയത്. ജഡ്ജിമാരും അഭിഭാഷകരും അടങ്ങിയ മറ്റംഗങ്ങള്‍ക്ക് അദ്ദേഹം പറഞ്ഞുകൊടുത്ത് ടൈപ്പ് ചെയ്യിച്ച ഡ്രാഫ്റ്റ് വായിച്ചുനോക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. അവയ്ക്ക് ഭേദഗതി നിര്‍ദ്ദേശിക്കുവാനുള്ള കോപ്പുകള്‍ അവര്‍ക്ക് ഇല്ലായിരുന്നത്രേ. ആ പരിഷ്കരണത്തിന്റെ ഭാഗമായി നിയമമാക്കാന്‍ 104 ബില്ലുകള്‍ ജ. കൃഷ്ണയ്യര്‍ എഴുതിയുണ്ടാക്കി. അവയുടെ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നിയമത്തിന് മുമ്പില്‍ തുല്യമായ സ്ഥാനമാണ് ഉണ്ടാകേണ്ടത് എന്ന കാര്യം അദ്ദേഹം നിഷ്കര്‍ഷിച്ചു. കുടുംബാസൂത്രണം, വിവാഹം, വിദ്യാഭ്യാസം, പിന്തുടര്ച്ച മുതലായ കാര്യങ്ങളില്‍ അദ്ദേഹം നല്കിയ നിര്‍ദ്ദേശങ്ങള്‍ ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിന് വിധേയമായി. അവര്‍ ശക്തിയായി പ്രതികരിച്ചു. കൃഷ്ണയ്യര്‍ ന്യൂനപക്ഷ വിരുദ്ധനാണെന്ന് പരസ്യമായി ആക്ഷേപിച്ചു. അദ്ദേഹം തയ്യാറാക്കിയ ബില്ലുകള്‍ നിയമസഭ പാസ്സാക്കുന്നതിനെതിരെ താക്കീത് നല്കി. ഒടുവില്‍ കമ്മീഷനെ നിയമിച്ച ഇടതു മുന്നണി സര്‍ക്കാര്‍ തന്നെ ബൃഹത്തായ ആ റിപ്പോര്‍ട്ട് സ്വീകരിച്ച് നിലവറയിലേക്ക് മാറ്റി. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്ര ചുരുങ്ങിയ ചെലവിലും, ചുരുങ്ങിയ സമയത്തിനുള്ളിലും ഇത്ര സമഗ്രവും ദൃഢബദ്ധവുമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ടാവില്ല. താനും സ്റ്റെനോഗ്രാഫര്‍ ചന്ദ്രികയുമല്ലാതെ കൂടുതലായി ഒരു സ്റ്റാഫിനെപ്പോലും നിയമിക്കാതെയും സദ്ഗമയയിലെ സ്വന്തം മുറിയല്ലാതെ ഓഫീസുപോലും എടുക്കാതെയുമാണ് ഇതദ്ദേഹം ചെയ്തത്. വൃഥാവ്യായാമമായിത്തീര്ന്ന നിയമ പരിഷ്കരണ റിപ്പോര്‍ട്ടിനെ അദ്ദേഹത്തിന്റെ ചരമം ആഘോഷിച്ച മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. അതുപോലെ സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങളും അധികാരങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും അവരുടെ ചൂഷണവും തടയുന്നതിന് ആവശ്യമായ പരിപാടികള്‍ നിര്‍ദ്ദേശിക്കുന്നതിനായി ജ. കൃഷ്ണയ്യര്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയും ദൂരവീക്ഷണവും മനുഷ്യസ്നേഹവും ഹൃദയാലുത്വവും പ്രകടമാക്കുന്ന ഒരു മാഗ്നകാര്‍ട്ട തന്നെയാണത്. അതും വെളിച്ചം കാണാന്‍ ഇടയായില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ പീഡനങ്ങളും കുറ്റകൃത്യങ്ങളും നിത്യസംഭവങ്ങളായി മുമ്പെന്നത്തേക്കാളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുമ്പോള് ജ. കൃഷ്ണയ്യരുടെ ആ റിപ്പോര്‍ട്ട് പുറത്തുവന്ന് ആവശ്യമായവിധം പ്രയോജനപ്പെടേണ്ടതായിരുന്നു. അതും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.
1957-ലെ കേരള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമ, ജലസേചന, വൈദ്യുതി വകുപ്പുകളുടെ ചുമതല ഇടതു സ്വതന്ത്രനായി ജയിച്ച കൃഷ്ണയ്യര്‍ക്കായിരുന്നു. അന്നു രാജ്യത്തെ ഏറ്റവും കുറഞ്ഞ ജലസേചന സൗകര്യങ്ങള്‍ ഉള്ള സംസ്ഥാനമായിരുന്നു കേരളം . വൈദ്യുത പദ്ധതികളുടെ കാര്യത്തിലും സ്ഥിതി അതുതന്നെ. ഈ രണ്ടു മേഖലകളില്‍ കേരളത്തിന്റെ മുഴുവന്‍ സാദ്ധ്യതകളേയും പരിഗണിച്ചുകൊണ്ട് കൃഷ്ണയ്യര്‍ ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി പ്രസിദ്ധം ചെയ്തിരുന്നു. കേരളത്തിലെ മുഴുവന്‍ നദികളേയും വൈദ്യുത നിര്‍മ്മാണത്തിനും ജലസേചനത്തിനുമായി മെരുക്കിയെടുക്കുവാനുള്ള ഒരു സമഗ്ര പരിയോജനയായിരുന്നു അത്. അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന കുറ്റ്യാടി പദ്ധതിയും പമ്പാവാലിയും മാത്രമേ ഭാഗികമായെങ്കിലും നടപ്പാക്കിയിട്ടുള്ളൂ. നേരത്തെ നടപ്പാക്കിയിരുന്ന കുന്നത്തുനാട്, ചാലക്കുടി, നെയ്യാറ്റിന്‍കര ജലസേചന പദ്ധതികളും നടന്നുവന്നു. ഈ മാസ്റ്റര്പ്ലാനിനെപ്പറ്റിയും പത്രങ്ങളില്‍ കണ്ടില്ല.
പില്ക്കാലത്ത് ഹൈക്കോടതിയില്‍ ന്യായാധിപനായും, ലോ കമ്മീഷനായും , സുപ്രീം കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ച കാലത്തും ഇടതു ചിന്താഗതിക്കാരന് എന്ന ലേബല്‍ അദ്ദേഹത്തില്‍ ചാര്‍ത്തപ്പെട്ടിരുന്നു. എന്നാല്‍ പരമേശ്വര്‍ജി ദീനദയാല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരുന്ന കാലത്ത് അദ്ദേഹവുമായി നിരന്തര സമ്പര്‍ക്കം വയ്ക്കുകയും, ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക പരിപാടികളില്‍ ജ. അയ്യര്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നെന്നു പറയാം. വിചാരകേന്ദ്രം ഇടപ്പള്ളിയിലെ മാധവന് നായര്‍ സ്മാരകത്തില്‍ നടത്തിയ ചരിത്ര സെമിനാറില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ വിജ്ഞാനപ്രദമായിരുന്നു. ഇടയ്ക്കിടെ വരുന്ന സംഭവങ്ങളെ സംഘപരിവാറിനെ അധിക്ഷേപിക്കാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പതിവ് സ്ഥിരം ഇടതുപക്ഷ കപടബുദ്ധിജീവികള്ക്കുണ്ടല്ലോ. ടെലഫോണ്‍, ഇന്റര്‍നെറ്റ് മുതലായ മാര്‍ഗ്ഗങ്ങളിലൂടെ സമ്മതം വാങ്ങിച്ചെന്നുവരുത്തി, രാജ്യത്തെ പ്രധാന ബുദ്ധിജീവികളുടേയും നേതൃപ്രമുഖരുടേയും പേരിലാണത് അരങ്ങേറിയത്.
എന്‍ഡിഎ മന്ത്രിസഭയില്‍ മാനവശേഷി മന്ത്രിയായിരുന്ന ഡോ. മുരളി മനോഹര്‍ ജോഷി സെക്കന്ററി വിദ്യാഭ്യാസ നവീകരണത്തിനായി ഒരു പദ്ധതി തയ്യാറാക്കി അതിന്റെ റിപ്പോര്‍ട്ട് സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും വേണ്ടി അയച്ചുകൊടുത്തു. ആറു മാസത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിമാരുടേയും ഡയറക്ടര്‍മാരുടേയും നാലു ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് വായിക്കുകപോലും ചെയ്യാതെ അവിടെയെത്തി. സെമിനാറിന്റെ തുടക്കത്തില്‍ സരസ്വതീവന്ദനം പാടിയതിന്റെ പേരില്‍ സെമിനാര്‍ ബഹിഷ്കരിച്ചു. വിദ്യാഭ്യാസം കാവിവല്‍ക്കരിക്കുന്നുവെന്ന് വിളിച്ചുകൂവി. സ്ഥിരം ഒപ്യാന്മാരുടെ പേരില്‍ പ്രസ്താവനയുമിറക്കി. അക്കൂട്ടത്തില്‍ ജ. കൃഷ്ണയ്യരുമുണ്ടായിരുന്നു. റിപ്പോര്‍ട്ടും അതിന്മേല് സ്വീകരിച്ച നടപടികളും വിശദീകരിച്ച് ഡോ. ജോഷി അദ്ദേഹത്തിന് കത്തയച്ചു. അത് വായിച്ച് താന്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും, റിപ്പോര്‍ട്ട് വിദ്യാഭ്യാസ രംഗത്തിന് മുതല്‍ക്കൂട്ടാവുമെന്നും കാണിച്ച് അദ്ദേഹം ജോഷിക്കയച്ച കത്ത് പത്രങ്ങള്‍ക്കും നല്കി. മിക്ക പത്രങ്ങളും അത് മുക്കി.
രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആര്. വെങ്കിട്ടരാമന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥിയാകാന്‍ ചിലര്‍ കൃഷ്ണയ്യരെ സമീപിച്ചു. അദ്ദേഹം ബിജെപിയുടെ പിന്തുണ തനിക്ക് കിട്ടുമോ എന്ന് അന്വേഷിച്ചു. ഇടതുപക്ഷക്കാര്‍ അയ്യരെ പിന്തുണയ്ക്കുമെന്ന പ്രതീതി ഉണ്ടാക്കി. പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപിയുടെ പിന്തുണ തേടരുത് എന്ന വ്യവസ്ഥ ഇഎംഎസ് മുന്നില്‍വച്ചു. അദ്ദേഹം പിന്‍വാങ്ങാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലായി. മുഴുവന്‍ പ്രതിപക്ഷങ്ങളുടേയും സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജയസാദ്ധ്യത അങ്ങനെ മാര്‍ക്സിസ്റ്റുകള്‍ ഇല്ലാതാക്കി. അതിന് തത്വാധിഷ്ഠിത നിലപാട് എന്ന പേരും ചാര്‍ത്തി.
947 മുതല്‍ സംഘത്തിന്റെ പ്രവര്‍ത്തനവുമായി താല്‍പ്പര്യം കാട്ടിയ ആളായിരുന്നു കൃഷ്ണയ്യര്‍. തലശ്ശേരിയില്‍ അഭിഭാഷകനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കക്ഷിയായിരുന്ന കടത്തനാട്ട് എ.കെ.എം. രാജയുടെ വസതിയിലായിരുന്നു പ്രചാരകന് മാധവ്ജി താമസിച്ചത്. അന്ന് ഒരു സ്വയംസേവകനെ ഒടിസി പരിശീലനത്തിന് അയയ്ക്കാനുള്ള തുക കൃഷ്ണയ്യര്‍ കൊടുത്തതായി മാധവ്ജി പറഞ്ഞിട്ടുണ്ട്. ഗാന്ധിവധത്തെച്ചൊല്ലി തലശ്ശേരിയിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്‍.ഇ. ബാലറാമിന്റെ നേതൃത്വത്തില്‍ രാജായുടെ വസതി കയ്യേറി ആയുധ പരിശോധനയും മറ്റും നടത്തി. ഒന്നും കിട്ടിയില്ല. വിവരമറിഞ്ഞ് കൃഷ്ണയ്യര്‍ അവിടെയെത്തി. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്ന് സഖാക്കന്മാരും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് രാജായും എഴുതി ഒപ്പിട്ട് പരസ്പരം കൈമാറി. സംഭവം കേസാകുകയും ആ ഒപ്പിട്ടവര്ക്കെല്ലാം ശിക്ഷ ലഭിക്കുകയും ചെയ്തു. ആ സംഭവം എ.കെ.എം. രാജയും കൃഷ്ണയ്യരും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം കൊണ്ടുണ്ടായതാവാം.
തലശ്ശേരിയ്ക്ക് ചുറ്റും ചേര്‍ത്തല താലൂക്കിന്റെ ചില ഭാഗങ്ങളിലും സംഘ-മാര്‍ക്സിസ്റ്റ് സംഘര്‍ഷങ്ങള്‍ നടന്ന അവസരത്തില്‍ കൃഷ്ണയ്യരും ജ. ചന്ദ്രശേഖരമേനോനും അവിടം സന്ദര്‍ശിച്ചു സമാധാനശ്രമങ്ങള്‍ നടത്തി. അതിന്റെ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സദ്ഗമയയില്‍ അദ്ദേഹം പത്രക്കാരെ കണ്ടപ്പോള്‍ സംഘപ്രവര്ത്തകന് ഹരിപ്രസാദിന്റെ പരിശ്രമങ്ങളെ പേരെടുത്തു ശ്ലാഘിച്ചു. മാര്‍ക്സിസ്റ്റുകള്‍ മനസ്സിരുത്തിയാല്‍ സംഘട്ടനങ്ങള്‍ ഇല്ലാതാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
തുടക്കത്തില്‍ നരേന്ദ്രമോദിയുടെ ഗുജറാത്ത് ഭരണത്തിന്റെ വിമര്‍ശകനായിരുന്ന കൃഷ്ണയ്യര്‍ മെല്ലെ മെല്ലെ അഭിപ്രായം മാറ്റുകയും വിവരങ്ങളുടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ അനുമോദകനായിത്തീരുകയും ചെയ്തിരുന്നു. മദ്യനിരോധനം, സൗരവൈദ്യുതി മുതലായ കാര്യങ്ങളെ പ്രശംസിച്ച് കത്തെഴുതിയതും നരേന്ദ്രമോദി അദ്ദേഹത്തെ നേരിട്ട് വന്നുകണ്ട് അനുഗ്രഹം തേടിയതും ഇടതു പക്ഷക്കാരെയും ബുദ്ധിജീവികളേയും കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അദ്ദേഹവും സര്‍സംഘചാലക് ശ്രീ മോഹന്‍ ഭാഗവതുമായി അടുത്തകാലത്ത് വളര്‍ന്നുവന്ന സൗഹൃദവും അതുപോലെ പലര്‍ക്കും ദഹിക്കാതെപോയി. കേരളത്തില്‍ ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനെത്തുന്ന സമയത്ത് പ്രധാനമന്ത്രി ജ. കൃഷ്ണയ്യരെ സന്ദര്‍ശിച്ച് നൂറ്റാണ്ട് പിറന്നാള്‍ ആശംസകള്‍ നേരിട്ട് നല്‍കാനിരിക്കുകയായിരുന്നു.
ജസ്റ്റിസ് കൃഷ്ണയ്യരെ സംബന്ധിച്ചുള്ള ഇത്തരം പല വസ്തുതകളും കേരള ജനത അറിയരുത് എന്ന സ്ഥാപിത താല്‍പ്പര്യം വച്ചുപുലര്‍ത്തുന്ന മാധ്യമങ്ങള്‍ അവയെല്ലാം സമര്‍ത്ഥമായി മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നുതന്നെവേണം അദ്ദേഹത്തെപ്പറ്റി വന്ന വിശേഷാല്‍ ലേഖനങ്ങളും മറ്റും കാണുമ്പോള്‍ മനസ്സിലാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: