മാനിഷാദ എന്ന് പണ്ട് ഒരു ഋഷിവര്യന് പറഞ്ഞു. അന്ന് ഒരാളോടേ അങ്ങനെ പറയേണ്ടിവന്നിരുന്നുള്ളൂ. അതെന്തിനായിരുന്നുവെന്ന് മാനം മര്യാദയുള്ള എല്ലാവര്ക്കും അറിയാം. ഇപ്പോള്‍ പത്രപ്രവര്‍ത്തനരംഗത്തെ ഒരു ഋഷിവര്യന് (ദൈവമേ, അങ്ങനെ വിശേഷിപ്പിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക. ഉപമാനവും ഉപമേയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കിലേ അത്തരം സാഹസത്തിന് മുതിരാവൂ എന്ന് ചൊല്ലിപ്പഠിപ്പിച്ച അഭിവന്ദ്യ ഗുരുനാഥ ലീലാവതി ടീച്ചറോടും ക്ഷമ പറയട്ടെ) മേപ്പടി കാര്യം നമ്മളോട് പറയുന്നു. ഇണക്കിളികള്‍ സൈ്വരസല്ലാപം നടത്തുന്നത് തടയാനൊരുമ്പെട്ടത് കൊണ്ടാണത്രെ വേടനോട് ഋഷിക്ക് അങ്ങനെ ആജ്ഞാപിക്കേണ്ടി വന്നത്. ഒന്നുകൂടി മലയാണ്മയാക്കിയാല്‍ പരസ്യചുംബനം തടയാന്‍ വേടന് അമ്പെടുത്തത് കൊണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അന്തക്കാലത്തും അതിനു മുമ്പത്തെ അന്തഅന്തക്കാലത്തും പരസ്യചുംബനം ഈ ഭൂമിമലയാളത്തില്, സോറി ഭൂമി ഭാരതത്തില്‍ ഉണ്ടായിരുന്നു. ആയതിനാല്‍ കൂട്ടരേ ചുംബനസമരം വിജയിപ്പൂതാക. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വില്ലാളിയായ പത്രാധിപര്‍ അത് തീര്‍ത്തു തരുന്നു. നോക്കിന്, മാതൃഭൂമി (ഡിസം.09) പത്രം.
സത്യസമത്വ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളം മുഖത്ത് പതിപ്പിച്ച പത്രത്തിന്റെ അന്നത്തെ പത്രാധിപക്കുറിപ്പിലേക്ക് സാദരം സ്വാഗതം. പശ്ചാത്തലം: കോഴിക്കോട്ട് നടന്ന പരസ്യചുംബന സമരം എന്ന ആഭാസത്തം. തലക്കെട്ട് ഇങ്ങനെ: അരുത്, ജനാധിപത്യാവകാശങ്ങളെ കൊല്ലരുത്. ജനാധിപത്യാവകാശങ്ങള്‍ എന്തൊക്കെയാണെന്ന് മേപ്പടി പത്രത്തിന് നല്ല തിട്ടമുണ്ട്. കാരണം ജനവികാരം എന്തെന്നും അതിന്റെ ശക്തികൊണ്ട് എന്തൊക്കെ നേടാമെന്നും ലോകത്തിന് കാണിച്ചുകൊടുത്ത മഹാത്മാവിന്റെ പാത പിന്തുടരുന്നവരാണ് തങ്ങളെന്ന് നാഴികക്ക് നാല്‍പ്പതുവട്ടം ഊറ്റംകൊള്ളുന്നവരാണല്ലോ അതിന്റെ നടത്തിപ്പുകാര്‍. ആദരണീയ പത്രാധിപരുടെ ഉദീരണങ്ങളില്‍ നിന്ന്: ജനങ്ങളുടെ ആധുനികത്വവിവേകവും ജനാധിപത്യ ശക്തികളുടെ ഇടപെടലുകളുമാണ് ഫാസിസ്റ്റ് പ്രവണതകളുടെ ഹിംസാത്മകത്വം കേരളത്തില്‍ വളര്‍ന്ന് പടരാതിരിക്കാന്‍ കാരണം. എന്നാല്‍, ഇപ്പോള്‍ സംസ്കാരത്തെയും രാഷ്ട്രീയത്തെയും മനുഷ്യത്വത്തെയും അവകാശങ്ങളെയും കുറിച്ചുള്ള പഴയ സങ്കല്‍പ്പങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെട്ടു കഴിഞ്ഞ ബദല്‍ സങ്കല്പങ്ങള് സ്വീകാര്യമായിക്കഴിഞ്ഞ സമകാലികാവസ്ഥയില്‍ ഫാസിസം അദൃശ്യത വെടിഞ്ഞ് ദൃശ്യമായിത്തീരുന്നു. കോഴിക്കോട്ടു നടന്ന ‘ചുംബനസമര’ത്തെ ചില സംഘടനകള്‍ നേരിട്ട രീതിയാണ് ഫാസിസത്തിന്റെ പ്രത്യക്ഷപ്പെടലിന് ഉദാഹരണം. ഡോക്ടറേറ്റ് അടിച്ചെടുത്ത ഏതോ വിദ്വാന് വഴിയാണ് മുഖപ്രസംഗം എന്ന അറുവഷളന്‍ സാധനം ആറുറുപ്പിക കൊടുത്ത് വാങ്ങുന്ന കടലാസില്‍ അച്ചടിച്ചു വിട്ടിരിക്കുന്നത്. ആധുനികത്വ വിവേകം എന്ന് ഉദ്ദേശിച്ചിരിക്കുന്നത് എന്താണാവോ? അമ്മ പെങ്ങന്മാര് എന്ന നമ്മുടെ മഹിത സംസ്കാരത്തിന് ഏതു തരത്തിലുള്ള വ്യതിയാനമാണ് സംഭവിച്ചിരിക്കുന്നത്? അരാജകവാദികളും തീവ്രലൈംഗികപിമ്പുകളും അവര്‍ക്ക് ഒത്താശയുമായി കുറെ സാംസ്കാരിക ആഭാസന്മാരും കവലച്ചട്ടമ്പികളും കാട്ടിക്കൂട്ടുന്ന ചുടലച്ചാട്ടത്തിന് പക്കമേളമൊരുക്കാന്‍ കെ.പി. കേശവമേനോനെപ്പോലുള്ള മഹിത പാരമ്പര്യക്കാരുടെ നന്മ തുടിക്കുന്ന ഓര്‍മ്മകളുണര്‍ത്തുന്ന പത്രത്തിന് എങ്ങനെ കഴിയുന്നു? ചുംബന സമരക്കാര്‍ക്ക് കരുത്തു പകരാന്‍ സ്ഥാപനത്തില്‍ നിന്ന് ആളെ വിട്ട് പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഇങ്ങനെയല്ലേ എഴുതാന്‍ കഴിയൂ എന്ന് ആശ്വസിക്കയത്രെ കരണീയം. ഒടുവില്‍ ഭീഷണമായ ചില വാക്കുകളിലൂടെ അത് അവസാനിക്കുന്നു, നോക്കുക: അക്രമരഹിതമായി പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെന്നും മനുഷ്യ ശരീരമാണ് രാഷ്ട്രീയ പ്രതിഷേധത്തിന്റെ പ്രകാശനോപാധിയെന്നും ഭാരതീയ പാരമ്പര്യം മനുഷ്യശരീരത്തിന്റെ ആവിഷ്കാരങ്ങളെ വിലക്കുന്നതല്ലെന്നുമാണ് അവര്‍ പറഞ്ഞു കൊടുക്കേണ്ടത്. ഇല്ലെങ്കില്‍ അടിച്ചമര്‍ത്തലിന്റെ ഈ വഴി നാളെ എല്ലാ എതിര്‍പ്പുകളെയും കൊല്ലാനുള്ള വഴിയായിത്തീരും. ആയതിനാല്‍ നാട്ടുകാരെ, അമ്മ പെങ്ങന്മാരെ, ആരോമല്‍ച്ചേകവന്മാരേ ഇനി മുതല്‍ ഇത്തരം സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് പത്രത്തോടൊപ്പം അണിചേരുക. പത്രത്തോടൊപ്പമുള്ള സംസ്കാരം എന്തെന്ന് ഇപ്പോഴാണ് നാട്ടിലുള്ള അണ്ടിപ്പണ്ടാരങ്ങള്‍ക്ക് മനസ്സിലായത്. യഥാര്‍ത്ഥ പത്രത്തിന്റെ ശക്തി കാണിച്ചുകൊടുക്കാന്‍ ഇതിലും പറ്റിയ മറ്റെന്ത് അവസരമാണുള്ളത്. ഇനി സാംസ്കാരിക സായാഹ്നങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ നാട്ടിലെമ്പാടും ചുംബന പാര്‍ലറുകള്‍ പണിയാം. അതിനുമുകളില്‍ സ്പോണ്‍സേര്‍ഡ് കലയുടെ അംശ്ലീലാക്ഷരങ്ങള്‍ കുറിച്ച ബോര്‍ഡുവെക്കാം. സ്വര്‍ലോകത്തിരുന്ന് പൂര്‍വസൂരികളായ പത്രമുത്തശ്ശന്മാര്‍ അതുകണ്ട് കോരിത്തരിക്കട്ടെ. പതിനാലു ജില്ലകളിലും മേപ്പടി സമരം നടക്കാനിരിക്കേ ഇതിനേക്കാള്‍ കോള്മയിര് കൊള്ളിക്കുന്ന മുഖപ്രസംഗങ്ങള്‍ ഉറപ്പായും പ്രതീക്ഷിക്കാം. ഡോക്ടറേറ്റ് കിട്ടിയവരും കിട്ടാന്‍ പോകുന്നവരും പുതുപുതുവാക്കുകളും ശൈലികളും കണ്ടുപിടിച്ച് തയ്യാറായിരിക്കുക.
ഡിസം. 09ന്റെ നാലാം പേജില്‍ അശ്ലീലാക്ഷരം നിറച്ച് അശുദ്ധിവന്നതിന്റെ പ്രായശ്ചിത്തമെന്നോണം ഡിസം.11ന് ഒരു പുണ്യാഹം നടത്തി മേപ്പടി പത്രം. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൊലചെയ്യപ്പെട്ട കേന്ദ്രമന്ത്രി എല്‍.എന്‍. മിശ്രയുടെ കേസിന്റെ വിധി 40 വര്‍ഷത്തിന് ശേഷം വന്നതിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കാലവിളംബത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന ലേഖനമാണ് ആത്മശുദ്ധീകരണത്തിന് മാതൃഭൂമി വഴിവെച്ചത്, അതുവഴി വായനക്കാര്‍ക്ക് നല്ലൊരു വായനാവിഭവമായത്. ഒരു കേന്ദ്രമന്ത്രിയുടെ കാര്യത്തില്‍ ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് മിശ്രയുടെ കുടുംബത്തിലെ രണ്ടാം തലമുറയില്‍പ്പെട്ട ബിഹാറിലെ എംഎല്‍എ റിഷിമിശ്രയുടെ ചോദ്യം ഓരോ ഭാരതീയനോടുമാണ്. ഒച്ചിന്റെ വേഗത്തില്‍ നമ്മുടെ നീതിക്രമം നീങ്ങുമ്പോള്‍ ആരൊക്കെ പ്രതിക്കൂട്ടിലാവുന്നു, അതിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെ തുടങ്ങിയ നൂറുനൂറ് ചോദ്യങ്ങള്‍ക്കാണ് പ്രിയങ്കരനായ അഭിഭാഷകന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉത്തരം കണ്ടെത്തുന്നത്. വായനക്കാരനെ ഉദ്ബോധിപ്പിക്കാനും നേര്‍വഴി നടത്താനും ഇത്തരം ലേഖനങ്ങള്‍ സഹായിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അക്കാര്യത്തില്‍ കൊടുക്കാം ഒരു കൈ മാതൃഭൂമിക്ക്.
വസന്തം വിരുന്നു വരുമ്പോള്‍ എന്താണ് തോന്നുക. പലര്‍ക്കും പലതായി തോന്നും. പ്രപഞ്ചത്തെ നോക്കിക്കാണുന്നതും അതുപോലെ തന്നെ. നൂറ് പേരുണ്ടെങ്കില്‍ നൂറ് പ്രപഞ്ചം. ഓരോ പ്രപഞ്ചത്തിനും ഓരോ മുഖം, ഭാവം, വികാരം. സിനിമയുടെ കാര്യത്തിലും അങ്ങനെ തന്നെ. പറഞ്ഞു വരുമ്പോള്‍ എല്ലാത്തിലും സ്ഥിതിവ്യത്യസ്തം. അടുത്തിടെ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ച് വിവാദം ഉയര്‍ന്നു. വിശ്വപ്രശസ്തനായ സിനിമാകാരന് അദ്ദേഹത്തിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സിനിമയെ വ്യാഖ്യാനിച്ചതിന്റെ പ്രശ്നമാവാം. അത് വേണ്ട രീതിയില്‍ വിശകലനം ചെയ്യാത്തതാവാം. എന്തായാലും ആംഗലേയം മനസ്സിലാകാത്തവര്‍ ഫിലിം ഫെസ്റ്റിവലില്‍ വന്ന് ചുരുട്ടും വലിച്ച് അത് കാണണ്ട എന്ന് കട്ടായം പറഞ്ഞു അദ്ദേഹം. അതെന്തോ ആകട്ടെ. ഫിലിം ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തില്‍ കമലറാമന്റെ വാരിക മേപ്പടി വിഷയം കുത്തിനിറച്ചാണ് ഇറക്കിയിരിക്കുന്നത്. നന്നായിട്ടുണ്ട്. വിവരമുള്ളവര്‍ക്ക് വായിക്കാം, ഇല്ലാത്തവര്‍ക്ക് പോട്ടം കണ്ട് തൃപ്തിപ്പെടാം, അസൂയപ്പെടാം. സിനിമയും സംസ്കാരവും പതിപ്പായതിനാല്‍ പംക്തികള്‍ മുടക്കിയിട്ടുണ്ട്. ഏതായാലും ട്രൂകോപ്പിയില്‍ പരകായ പ്രവേശം ചെയ്യുന്ന മനില സി. മോഹന്റെ ഫെസ്റ്റിവെലിന് പോകാത്ത ഹിറ്റ് മേക്കര്‍ വളരെ നന്നായിട്ടുണ്ട്. ജീവസുറ്റ ചോദ്യം, കലാത്മകവും ആത്മാര്‍ത്ഥവുമായ മറുപടി. ലാല്‍ എന്ന പച്ചയായ മനുഷ്യനോടുള്ള ചോദ്യവും അതിന്റെ മറുപടിയും മാത്രം കുറിക്കാം. അതില്‍ നിന്ന് ശേഷിച്ചതൊക്കെ കിട്ടും. മതിലുകളില്‍ എന്തിനാണ് കെപിഎസി ലളിതയെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചതെന്നറിയുമോ എന്ന് ലാലിന്റെ ചോദ്യം. മനില സി. മോഹന്‍ സാധാരണഗതിയില്‍ ഉത്തരം നല്കുന്നു: പോപ്പുലര്‍ വോയ്സായതുകൊണ്ട്. എന്നാല്‍ ലാലിന്റെ മറുപടി കേട്ടോളൂ: അല്ല. പോപ്പുലര്‍ വോയ്സാവുമ്പോ ഡാമേജുണ്ടാകുകയല്ലേയുള്ളൂ? മമ്മൂട്ടി ഇപ്പുറത്തുനിന്ന് പറയുമ്പോള്‍ അപ്പുറത്ത് ലളിതച്ചേച്ചിയെ നമ്മള് മനസ്സില്‍ കാണും. അതല്ല കാര്യം. ഇവിടത്തെ മലയാളികള്‍ക്കുവേണ്ടിയല്ല ആ സിനിമ. പുറത്തുള്ളവര്‍ കാണുമ്പോള്‍ നല്ല മോഡുലേഷനുള്ള ശബ്ദമുള്ള ഒരു സ്ത്രീയേ മാത്രമേ കാണൂ. അവര്‍ക്കുവേണ്ടിയുള്ള സിനിമയാണ്. ഇവിടെയുള്ളവര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ പുതിയ വോയ്സേ ഇടൂ. ഇത് ചിലപ്പോള്‍ എന്റെ മാത്രം തോന്നലായിരിക്കാം. വിവാദമുണ്ടാക്കരുത് കേട്ടോ എന്ന് കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ സിനിമ എങ്ങനെയും കാണാം; ബുദ്ധികൊണ്ടും ഹൃദയംകൊണ്ടും. അത് നിശ്ചയിക്കേണ്ടത് കാണുന്നവര്‍ തന്നെ.
മൊഴിവെട്ടം
സംസ്കാരം കണ്ണിന്റെ കാഴ്ചപോലെയാണ്. ഇല്ലാതാകുമ്പോള്‍ മാത്രമേ തിരിച്ചറിയൂ. നമുക്ക് ധാരാളം സംസ്കാരമുണ്ടെന്ന തെറ്റിദ്ധാരണയുണ്ട്. അന്ധനാകുമ്പോള്‍ മാത്രമേ നഷ്ടപ്പെട്ടതെന്താണെന്ന് മനസ്സിലാക്കൂ. -ഷാജി എന്‍. കരുണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: