മണ്ണാര്‍ക്കാട്: പ്ലാന്റേഷന് കോര്‍പ്പറേഷന്റെ മണ്ണാര്‍ക്കാട് എസ്റ്റേറ്റില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ശേഖരം നീക്കുമെന്ന ഉറപ്പ് അധികൃതര്‍ പാലിച്ചില്ല. മണ്ണാര്‍ക്കാട് എസ്റ്റേറ്റിലേതുള്പ്പടെ കേരളത്തിലെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ശേഖരവും ഡിസംബര്‍ 12 ന് മാറ്റുമെന്നാണ് ജില്ലാ കലക്ടര്‍ കെ.രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍ ഉറപ്പു നല്‍കിയിരുന്നത്.
ഒക്ടോബര്‍ 12ന് മണ്ണാര്‍ക്കാട്ടെ 225 ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍ ശേഖരം സുരക്ഷിതമായ ബാരലുകളിലേക്ക് മാറ്റിയിരുന്നു. ഇതിന് മുന്നോടിയായി ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റാനായി ഒക്ടേബര് ഒന്നിനു തെങ്കര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തിലും ഡിസംബര്‍ 12ന് എന്‍ഡോസള്‍ഫാന്‍ ശേഖരം മാറ്റുമെന്ന് ഉറപ്പു നല്‍കിയിരുന്നു. യോഗത്തില്‍ കലക്ടര്‍ കെ.രാമചന്ദ്രനും എന്‍.ഷംസുദ്ദീന് എംഎല്‍എയും പങ്കെടുത്തിരുന്നു.
ഡിസംബര്‍ 12ന് മാറ്റുമോ എന്ന ആശങ്ക വേണ്ടെന്നും നോഡല്‍ ഓഫീസര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 12നു വന്‍ സന്നാഹത്തോടെ എന്‍ഡോസള്‍ഫാന്‍ ശേഖരം പുതിയ ബാരലുകളിലേക്കു മാറ്റി. തികച്ചും അന്ത്രാരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഓപ്പറേഷന് ബ്ലോസം എന്ന് പേരിട്ട മാറ്റല്‍ പ്രക്രിയ നടത്തിയത്. അഞ്ചു വര്‍ഷം വരെ സുരക്ഷിതമായി സൂക്ഷിക്കാവുന്ന ബാരലുകളിലേക്കാണ് മാറ്റിയത്. ഇതു മാറ്റിയ ശേഷവും ഡിസംബര്‍ 12ന് എന്‍ഡോസള്‍ഫാന്‍ ശേഖരം കേരളത്തില്‍ നിന്ന് കടത്തുമെന്ന്പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: