ഹരിപ്പാട്: തൃക്കുന്നപ്പുഴ എസ്ഐയെയും പോലീസുകാരനെയും മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതിയും സഹായികളും ഉള്‍പ്പെടെ എഴുപേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. പ്രധാന പ്രതി പല്ലന പൂത്തറ വീട്ടില്‍ മുജീബിനെയും ഇയാളോടൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നുപേരെയും അക്രമത്തിന് ശേഷം ഇവരെ ഒളിവില്‍ താമസിപ്പിക്കുന്നതിന് സഹായിച്ച മറ്റു മൂന്നുപേരെയുമാണ് ഇന്നലെ പുലര്‍ച്ചെ അടൂരിലെ ഒരു ലോഡ്ജില്‍ നിന്ന് കായംകുളം ഡിവൈഎസ്പിയുടെ സ്പെഷ്യല്‍ സ്ക്വാഡ് പിടിച്ചതായാണ് വിവരം. എന്നാല്‍ പോലീസ് വിവരം ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല.
തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ റോഡില്‍ പല്ലന തോപ്പില്മുക്കു ഭാഗത്ത് ചൊവ്വാഴ്ച വൈകിട്ട് 6.30നായിരുന്നു അക്രമം. സംഭവ ശേഷം പ്രതികള്‍ നിരന്തരം വിളിച്ചിരുന്ന നമ്പരുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. തോട്ടപ്പള്ളി, ചെങ്ങന്നൂര്‍, പത്തനാപുരം എന്നിവടങ്ങളിലുള്ള യുവാക്കളാണ് പ്രതികളെ ഒളിവില്‍ താമസിക്കുവാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തി കൊടുത്തത്. മുജീബിന്റെ സുഹൃത്തായ തോട്ടപ്പള്ളി സ്വദേശിയെ ആദ്യം കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം ചെങ്ങന്നൂരിലെയും പത്തനാപുരത്തെയും സഹായികളെ പിടിച്ചു. പത്തനാപുരത്തെ സഹായിയെ കൊണ്ട് അയാളുടെ ഫോണില്‍ പ്രതികളെ വിളിച്ചു താമസസ്ഥലം ഉറപ്പിച്ചു. സഹായികളുമായി പോലീസ് അടൂരിലെ ലോഡ്ജില്‍ എത്തി പ്രതികളെ പുലര്‍ച്ചേ മൂന്നോടെ കസ്റ്റഡിയില്‍ എടുത്തു.
രാത്രിയോടെ പ്രതികളെ ഹരിപ്പാട് സിഐ ഓഫീസില്‍ കൊണ്ടുവന്നതായി അറിയുന്നു. വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അക്രമി സംഘത്തിന്റേതെന്ന് സംശയിക്കുന്ന ഒരു ബൈക്ക് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു. എസ്ഐ: സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വിനോദ് ഇപ്പോഴും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൂഢാലോചന, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അക്രമം തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് തൃക്കുന്നപ്പുഴ പോലീസ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: