കാഞ്ഞങ്ങാട്:’ആകെയുള്ള പതിനഞ്ച് സെന്റ് ഭൂമിക്കും കൊച്ചുവീടിനും ജപ്തി നോട്ടീസ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെയും കൂട്ടി ആശ്വാസത്തിനായി അമ്മ അമ്പലത്തറ സ്നേഹാലയത്തിലെത്തി. ഏഴാംമൈല്‍ കാലിച്ചാംപാറയിലെ ബുദ്ധിമാന്ദ്യവും അപസ്മാര രോഗവും മൂലം ദുരിത യാതനയനുഭവിക്കുന്ന മകള്‍ വിജിതയും അമ്മ ശാന്തകുമാരിയുമാണ് ജപ്തി ഭീഷണിയുമായി കഴിയുന്നത്.
2012ല്‍ കാസര്‍കോട് പിന്നോക്ക ക്ഷേമ ബോര്‍ഡില്‍ നിന്ന് ശാന്തകുമാരി ഒരു ലക്ഷം രൂപ വായ്പെയടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച ഇവര്‍ മകളുടെ ചികിത്സക്കുവേണ്ടിയാണ് ആധാരം പണയം വെച്ച് ലോണെടുത്തത്. മറ്റു സാമ്പത്തിക വരുമാനമില്ലാത്തതിനാലാണ് ലോണടവ് മുടങ്ങിയതെന്ന് ശാന്തകുമാരി പറയുന്നു. ചികിത്സയ്ക്കും ലോണടവിനും വേറെ മാര്‍ഗമില്ലാത്തതിനാല്‍ മകനെ ഗള്‍ഫിലേക്കയച്ചു. എന്നാല്‍ ഗള്‍ഫ് നാടും ശാന്തകുമാരിയുടെ കുടുംബത്തിനെ ചതിച്ചു. നല്ലൊരു ജോലി കിട്ടാത്ത മകന് വിജേഷിന് തിരിച്ച് വരാനുള്ള മാര്‍ഗം പോലുമില്ലെന്ന് അമ്മ പറയുന്നു.
ചെറുപ്പത്തില്‍ തന്നെ രോഗബാധിതയായ മകളെ വിവിധ ആശുപത്രികളിലായി ചികിത്സിക്കുന്നു. എട്ടു വയസുവരെ മണിപ്പാലിലും പിന്നീട് തിരുവനന്തപുരം ശ്രീചിത്രയിലുമായിരുന്നു ചികിത്സ. പണമില്ലാത്തതിനാല്‍ മകളെയു കൂട്ടി വീട്ടിലേക്ക്. ഇപ്പോള്‍ മകള്‍ വിജിതയ്ക്ക് വയസ് ഇരുപത്. ഏതുസമയവും അമ്മ എടുത്തുനടക്കണമെന്ന് വാശിയിലാണ് മകള്‍. മൂന്നുമാസം കൂടുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുത്തിവെപ്പിനായി കൊണ്ടുപോകണം. ആംബുലന്‍സിലുള്ള യാത്രയ്ക്കു തന്നെ നല്ലൊരു തുകവേണം. അടുത്തകാലത്താണ് വിജിത എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഇടം നേടിയത്.
കുട്ടിക്ക് പോഷകമൂല്യമുള്ള ആഹാരത്തിന്റെ കുറവുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഭക്ഷണ പ്രിയയായ മകളെ തൃപ്തയാക്കാന് സാമ്പത്തിക ദുരിതമനുഭവിക്കുന്ന അമ്മയ്ക്ക് സാധിക്കുന്നില്ല. പലദിവസങ്ങളിലും അമ്മയും മകളും മുഴുപ്പട്ടിണിയിലാണ്. വിശന്നുള്ള മകളുടെ കരച്ചില് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ മകളെ വീടിനകത്ത് പൂട്ടിയിട്ട് അയല്‍വീടുകളില്‍ ജോലിക്കുപോയാണ് ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുന്നത്. ഇതിനിടയിലാണ് ജപ്തിയെന്ന പേരില്‍ ദുരന്തം വീണ്ടും വിജിതയുടെ വീട്ടുപടിക്കലെത്തിയത്. പോഷകമൂല്യമുള്ള ഭക്ഷണം നല്കാനായില്ലെങ്കിലും ഒരുനേരത്തെ കഞ്ഞിവെള്ളമെങ്കിലും നല്‍കുന്നതിന് മകളെ പൂട്ടിയിട്ട് പോകാന്‍ കൊച്ചുവീടുണ്ടായിരുന്ന ശാന്തകുമാരിയമ്മ ജപ്തി നോട്ടീസ് വന്നതോടെ ഇനിയെന്ത് എന്ന ആധിയിലാണ്.ഫോണ്‍: 9496785249.
പ്രതികരിക്കാൻ ഇവിടെ എഴുതുക: