കാസര്‍കോട്: ജില്ലയുടെ ആസ്ഥാന സിരാകേന്ദ്രമായ വിദ്യാനഗര്‍ ബിസി റോഡ് ജംഗ്ഷനില്‍ ഗതാഗതത്തിരക്ക് വര്‍ദ്ധിക്കുന്നു. യാത്രക്കാര്‍ ഇവിടെ റോഡ് മുറിച്ചു കടക്കുന്നത് ജീവന് പണയം വെച്ചാണ്. ഏറ്റവുമധികം ജനങ്ങള്‍ വന്നുപോകുന്ന ജംഗ്ഷനില്‍ ഏറെ സമയം കാത്ത് നിന്നാല്‍ മാത്രമാണ് റോഡ് മുറിച്ച് കടക്കാന്‍ കഴിയുക. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ഇവിടെ കഴിയാത്ത സ്ഥിതിയാണ്. പ്രശ്നപരിഹാരത്തിനായി ആവശ്യമുയര്‍ന്നിട്ട് കാലങ്ങളായി. ഇന്നും ഇതുവഴി നടന്നുപോകുന്നവര്‍ പാഞ്ഞുവരുന്ന വാഹനങ്ങള്‍ മൂലം റോഡ് മുറിച്ചു കടക്കാന്‍ കഴിയാതെ അനേക സമയം കാത്ത് നില്‍ക്കുന്നത് കാണാന്‍ കഴിയും. ഏറെ വിദ്യാര്‍ത്ഥികള്‍ പഠിക്കാനെത്തുന്ന ജംഗ്ഷന് കൂടിയാണിത്.
സംസ്ഥാനത്തെ തന്നെ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നവ നായന്മാര് മൂല ടിഐഎച്ച്എസ്, ചിന്മയ വിദ്യാലയം എന്നീ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ നീണ്ട നിര തന്നെ രാവിലെ ഇവിടെ കാണാന്‍ കഴിയും. കേന്ദ്ര വിദ്യാലയം, ഗവ.കോളേജ്, കോപ്പ തന്ബീഹുല് ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റര്‍, ആലമ്പാടി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ സിവില്‍ സ്റ്റേഷന് ജീവനക്കാരുടെ തിരക്കും കൂടിയാകുമ്പോള്‍ ബിസി റോഡ് ജംഗ്ഷന് ശരിക്കും വീര്‍പ്പു മുട്ടും.
കോടതി, വിദ്യാനഗര്‍ ടെലഫോണ്‍ എക്സ്ചേഞ്ച്, പോലീസ് സ്റ്റേഷന്, ഇഎസ്ഐ ഡിസ്പെന്‍സറി എന്നിവിടങ്ങളിലേക്കും പോകേണ്ടവര്‍ ഇതേ സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്. ഇതിനു പുറമെയാണ് സിപിഎം, ആര്‍എസ്പി, ഡിവൈഎഫ്ഐ, കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസുകളും. കല്ലക്കട്ട, നീര്ച്ചാല്, മാന്യ, മുണ്ട്യത്തടുക്ക, പടുവടുക്കം, പന്നിപ്പാറ, കോപ്പ പ്രദേശങ്ങളിലേക്കുള്ളവരും. അവിടെ നിന്ന് വരുന്നവരും ബസ്സിറങ്ങുന്നതും കയറുന്നതും ഇതേ സ്റ്റോപ്പില്‍ നിന്നു തന്നെ. ഇവിടെ മേല്‍പ്പാലം പണിയണമെന്ന ആവശ്യവുമായി ജനങ്ങള്‍ മുന്നിട്ടിറങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. കൃത്യമായി ഫണ്ടില്ലെന്ന സ്ഥിരം ആരോപണമാണ് അവര്‍ ഉന്നയിക്കുന്നത്. റോഡ് സുരക്ഷാ പ്രശ്നങ്ങള്‍ കണ്ട് പരിഹാരം കാണുന്നതിനായുള്ള സുരക്ഷാസമിതി ജില്ലയില്‍ സജീവമാണ്. എന്നാല്‍ ഈ വിഷയത്തില്‍ അവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നും പരാതിയുണ്ട്. ബിസി റോഡിലെ ഗതാഗത പ്രശ്നം സുരക്ഷാസമിതിയുടെ കൂടി നേതൃത്വത്തില്‍ ഉടന്‍ പരിഹരിയ്ക്കപ്പെടണം എന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
മേല്‍പ്പാലം വന്നാല്‍ പടികള്‍ കയറി റോഡിനപ്പുറത്തേക്ക് പോകാന്‍ ആരും തയ്യാറാകില്ല എന്നതാണ് പ്രധാന പ്രശ്നമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ജീവനേക്കാള്‍ വലുതല്ലല്ലോ അത്തരം പ്രശ്നങ്ങള്‍ എന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: