കൊച്ചി: ഇന്ത്യയിലെ സ്വകാര്യ സ്വര്‍ണശേഖരത്തെ അടിസ്ഥാനമാക്കിയുള്ള ധനവിനിയോഗ സാധ്യതകള്‍ക്കായി ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ചേര്‍ന്ന് നയപരമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഒരു സ്വര്‍ണനയം വേണം? എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ ഏഴു നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ഇന്ത്യ ഗോള്‍ഡ് എക്സ്ചേഞ്ച് രൂപീകരിക്കണമെന്നും വിലയുടെ കാര്യത്തില്‍ ഏകീകരണം വേണമെന്നും സപ്ലൈ-ഡിമാന്‍ഡ് സംബന്ധിച്ച് കൂടുതല്‍ സുതാര്യത വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറക്കുമതി കൈകാര്യം ചെയ്യുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഇന്ത്യന്‍ സ്വര്‍ണ വിപണി പരമാവധി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അന്താരാഷ്ട്ര നിലവാരത്തിന് അനുസരിച്ച് അക്രഡിറ്റഡ് റിഫൈനറീസ് വികസിപ്പിക്കണമെന്നും ഫിക്കിയും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലും ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ബാങ്കുകള്‍ സ്വര്‍ണം അവരുടെ ലിക്വിഡിറ്റി നിക്ഷേപത്തിന്റെ ഭാഗമാക്കണം. ഇതുവഴി സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപപദ്ധതികള്‍ തുടങ്ങണം. സ്വര്‍ണനിക്ഷേപ പദ്ധതികള്‍ പുനരവതരിപ്പിക്കുന്നതിനും സ്വര്‍ണത്തെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ബാങ്കുകള്‍ക്ക് ഇന്‍സന്റീവുകള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇന്ത്യന്‍ കരകൗശല വിദ്യയില്‍ രൂപപ്പെടുത്തുന്ന ആഭരണങ്ങളുടെ വില്‍പ്പനയ്ക്കായി സജീവമായ വിപണന തന്ത്രങ്ങള്‍ രൂപീകരിക്കണം. ഇതുവഴി കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ഇന്ത്യയുടെ ഈ രംഗത്തെ കഴിവുകളും മൂല്യവും പുറംരാജ്യങ്ങളെ ബോധിപ്പിക്കാനും കഴിയും. ഇന്ത്യ മെയ്ഡ് ജ്വല്ലറികള്‍ പ്രോത്സാഹിപ്പിക്കണം.
ഗുണമേന്മയിലും വിലയിലും വിശ്വാസം വരുന്നതിനായി സ്വര്‍ണത്തിന്റെ നിലവാരം ഏകീകരിക്കണം. നിര്‍ബന്ധമായും ഗുണമേന്മാ സര്‍ട്ടിഫിക്കററുകള്‍ നടപ്പിലാക്കുകയും വിശ്വാസത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയും വേണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നതായി ഫിക്കി സെക്രട്ടറി ജനറല്‍ ഡോ. എ. ദിദര്‍ സിംഗ്, വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പി.ആര്. സോമസുന്ദരം എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: