മെലിഞ്ഞ സുന്ദരികളോട് ആര്‍ക്കും ഒരിത്തിരി ഇഷ്ടം കൂടും അല്ലെ? സുന്ദരികളോട് മാത്രമല്ല സുന്ദരന്മാരോടും. തന്റെ കുടവയര്‍ അടുത്ത് നില്ക്കുന്ന മെലിഞ്ഞ പെണ്‍കുട്ടി കാണാതിരിക്കുന്നതിനായി ശ്വാസം അകത്തേക്ക് എടുത്ത് നില്‍ക്കുകയും പെണ്‍കുട്ടി പോയിക്കഴിയുമ്പോള്‍ ദീര്ഘനിശ്വാസംവിടുകയും ചെയ്യുന്ന യുവാവിനെ പരസ്യത്തിലെങ്കിലും കണ്ടിരിക്കാം. അമിതവണ്ണം കാരണം ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണെങ്കില്‍, ജീവിതരീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ സാധിക്കും. ആദ്യമേ തന്നെ വണ്ണം കുറയ്ക്കാനുള്ള പൊടിക്കൈകള്‍ ഒന്നും തന്നെയില്ലെന്നറിയുക.
കൃത്യനിഷ്ഠയില്ലാത്ത ജീവിതശൈലി പിന്തുടരുന്നത് ഒഴിവാക്കുക. വയററിഞ്ഞ് കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുക. എന്നാലിപ്പോള്‍ ടിവിയ്ക്ക് മുന്നില്‍ ഇരുന്നാണ് പലരും ഭക്ഷണം കഴിക്കുന്നത്. ആവശ്യത്തിനുള്ള അളവിനേക്കാള്‍ കൂടുതല്‍ ഭക്ഷണം ഉള്ളില്‍ ചെല്ലാന്‍ ഇത് ഇടയാക്കും. ആദ്യം ഈ ശീലം ഉപേക്ഷിക്കുക.
പോഷകസമൃദ്ധമായ ഭക്ഷണം ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഏത്തപ്പഴം പോലെ നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. ആഹാരം ചവച്ച് അരച്ച് സാവകാശം ആസ്വദിച്ചുകഴിക്കുന്നതും ശീലമാക്കുക. ആഹാരം ഒരുമിച്ച് കഴിക്കുന്നതിന് പകരം പലപ്പോഴായി കഴിക്കുക. സാധാരണ മൂന്നുനേരം ആഹാരം എന്നതാണ് കണക്ക്. ഇതിന് പകരം ക്വാണ്ടിറ്റി കുറച്ച് ഭക്ഷണം ആറ് നേരമാക്കി പരീക്ഷിച്ചുനോക്കാം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഇഷ്ടം പോലെ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുകയെന്നതും പ്രധാനമാണ്.
ഭക്ഷണകാര്യത്തില്‍ ശ്രദ്ധപുലര്ത്തിയതുകൊണ്ടുമാത്രം കാര്യമില്ല. വണ്ണം കുറയ്ക്കുന്നതിന് വ്യായാമത്തിനും തുല്യ പ്രാധാന്യമുണ്ട്. ഇതിന് ജിമ്മില്‍ പോകണമെന്നൊന്നുമില്ല. ദിവസവും രാവിലെയോ വൈകിട്ടോ ഒരു മുപ്പത് മിനിട്ട് ശരീരം വിയര്‍ക്കുന്ന വിധത്തില്‍ വ്യായാമം ചെയ്യുക. ഈ വ്യായാമം ഒരിക്കലും ശരീരത്തിന് ദോഷകരമാവുന്ന വിധത്തിലാവുകയുമരുത്.
വണ്ണം കുറയ്ക്കുന്നതില്‍ തേനിനുള്ള സ്ഥാനം ചെറുതല്ല. ദിവസവും ഒരു ചെറിയ ടേബിള്‍ സ്പൂണ്‍ ചെറുതേനും നാരാങ്ങാ നീരും ചെറുചൂടുവെള്ളത്തില്‍ ചര്‍ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് ഉത്തമമാണ്. പഞ്ചസാര ഉപയോഗിക്കുന്നതിന് പകരം തേന്‍ ഉപയോഗിക്കാം. തേനും ചുക്കുപൊടിയും ചാലിച്ചുകഴിക്കുന്നതും മെലിയാന്‍ സഹായിക്കും.
കൂടാതെ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. അത്താഴം കഴിഞ്ഞ ഉടനെതന്നെ ഉറങ്ങുന്ന ശീലമാണെങ്കില്‍ അത് ഉപേക്ഷിച്ചേ തീരു, വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുള്ളവര്‍. ആവശ്യത്തിന് ഉറങ്ങുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: