പാര്‍ലമെന്റിനുള്ളില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ മതിയായ കാരണങ്ങളൊന്നും ഇല്ലാതെ ഉഴറുകയായിരുന്നു പ്രതിപക്ഷമെന്നുപോലും വിശേഷിപ്പിക്കാന്‍ സാധ്യമല്ലാത്ത കോണ്‍ഗ്രസും മറ്റുള്ളവരും.
ഒടുവില്‍ നടുക്കയത്തില്‍ മുങ്ങിത്താഴാന്‍ പോകുമ്പോള്‍ ഒരു കച്ചിത്തുരുമ്പ് കിട്ടിയാലും മതിയല്ലോ? സര്‍ക്കാരിനെ പഴിക്കാന്‍ എന്തെങ്കിലും കിട്ടണേ എന്ന് മോഹിച്ചിരുന്നവര്‍ക്ക് വീണുകിട്ടിയ നിധിയാണ് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ വാക്കുകള്‍. ഏറ്റുപിടിക്കാന്‍ അവര്‍ അത്രയൊന്നും പറഞ്ഞിട്ടില്ലെന്ന് പാടി നടക്കുന്നവര്ക്കുമറിയാം കേള്‍ക്കുന്നവര്‍ക്കും അറിയാം. പക്ഷേ പൊട്ടക്കണ്ണന്റെ മാവേലേറുപോലെ എറിഞ്ഞുനോക്കുകയാണ്.
അബദ്ധത്തിലാണെങ്കിലും സംഗതി ഏറ്റാലോ. ദല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിച്ച സാധ്വി പറഞ്ഞത് ഭാരതത്തിലെ ക്രൈസ്തവരും മുസ്ലിംങ്ങളും എല്ലാവരും രാമന്റെ മക്കളാണെന്നാണ്. വിഭാഗീയമായി ചിന്തിക്കുന്നവരേയും ദേശവിരുദ്ധ ശക്തികളേയും ഉദ്ദേശിച്ചാണ് അങ്ങനെ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
രാമനെന്നോ കൃഷ്ണനെന്നോ കേട്ടാലുടനെ വാളും പരിചയും എടുത്ത് ചാടി വീഴുന്നവര്‍ ഇക്കുറിയും അതാവര്‍ത്തിച്ചു എന്നു പറയുന്നതാവും ശരി. ന്യൂനപക്ഷങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമാണ് കേന്ദ്രസഹമന്ത്രിയില് നിന്നും ഉണ്ടായതത്രെ. അത്തരത്തില്‍ ആരെ എങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ഖേദിക്കുന്നതായും അവര്‍ പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളേയും സ്തംഭിപ്പിച്ചുകൊണ്ട് ജനാധിപത്യപ്രക്രിയയെ തടസ്സപ്പെടുത്തിക്കൊണ്ട് രാജ്യപുരോഗതിക്കായി ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ട അവസരം നഷ്ടപ്പെടുത്തുകയാണ് കോണ്‍ഗ്രസും മറ്റു കക്ഷികളും ചെയ്തത്.
ആര് എന്തുപറഞ്ഞാലും അവരുടെ സാമൂഹ്യപശ്ചാത്തലം കണക്കിലെടുത്തും ദളിത് കാര്‍ഡിറക്കിയും കളത്തില്‍ കളി ഗംഭീരമാക്കുന്ന കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും സ്വാധ്വിയുടെ കാര്യം വന്നപ്പോള്‍ കളിയുടെ ഗതിതന്നെ തിരിച്ചുവിട്ടു. അവരുടെ സാമൂഹ്യ പശ്ചാത്തലം ആരും കണക്കിലെടുത്തില്ല. ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗമായ നിഷാദ ജാതിയില്‍പ്പെട്ട സാധ്വിയെ അവര്‍ ഉപയോഗിച്ച വാക്കുകളുടെ പേരില്‍ വേട്ടയാടുമ്പോള്‍ സംഭവിക്കുന്നതും ദളിത് പീഡനമല്ലേ എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരം ഉണ്ടാവില്ല.
ഉത്തര്‍പ്രദേശിലെ ഹമീര്‍പൂറില്‍ 1967 ല്‍ ജനിച്ച സാധ്വി, ഉമാ ഭാരതിയെപ്പോലെ വാക്കുകളില്‍ തീപ്പൊരി നിറയ്ക്കുന്ന പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകള്‍ കീഴടക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഇതര പാര്‍ട്ടിക്കാര്‍ക്ക് നിരഞ്ജന് ജ്യോതി ഭീഷണിയാകുമെന്ന ചിന്തയാണ് ഇപ്പോള്‍ അവര്‍ക്കെതിരെ ആഞ്ഞടിക്കാന്‍ പ്രേരിപ്പിക്കുന്നതും.
സാധ്വിയുടെ ഭാഷയെ വിമര്‍ശിക്കുന്നവരും വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ശ്രമിക്കുന്നവരും ഇതിന് മുമ്പ് പലര്‍ക്കും നേരെ വ്യക്തിഹത്യ നടത്തിയവര്‍ക്കെതിരെ വിമര്‍ശിക്കുകയോ ശകാരിക്കുകയോ ചെയ്ത് കണ്ടില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ അദ്ദേഹത്തെ വാക്കുകള്‍ക്കൊണ്ട് തേജോവധം ചെയ്തവരാണ് കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും. മരണവ്യാപാരി, ചായവില്പ്പനക്കാരന് തുടങ്ങിയ വാക്കുകള്‍ അതില്‍ ചിലതുമാത്രം.
ഇങ്ങ് കൊച്ചുകേരളത്തില്‍ മഹാത്മാഗാന്ധിയെപ്പോലും അധിക്ഷേപിച്ച് സംസാരിച്ചിട്ടും ആരും ഇത്ര പുകില് ഉണ്ടാക്കിയില്ല. കേരളത്തില്‍ സംഭവിച്ചത് അങ്ങ് കേന്ദ്രത്തില്‍ അറിയാതിരുന്നിട്ടും ആവില്ല. ഒരുപാട് നുണകള്‍ക്കുമേലാണ് ഗാന്ധിജിയെ രാഷ്ട്രം ആദരിക്കുന്നതെന്നും അദ്ദേഹം വര്‍ഗ്ഗീയവാദിയാണെന്നും പറഞ്ഞത് ബുക്കര്‍ സമ്മാനം നേടിയ ബുദ്ധിജീവി അരുന്ധതി റോയ് ആയിരുന്നു. അര്‍ഹിക്കാത്ത ആദരവാണ് ഗാന്ധിജിയെന്ന അഹിംസാവാദിക്ക് രാഷ്ട്രം നല്‍കുന്നതത്രെ. ജാതി സമ്പ്രദായത്തെ അംഗീകരിച്ചുവെന്നതാണ് ഗാന്ധിജിക്കുമേല്‍ അരുന്ധതി ചാര്‍ത്തിക്കൊടുക്കുന്ന കുറ്റം.
ഗാന്ധിജിയുടെ യഥാര്‍ത്ഥ അനുയായികളെന്ന് മേനി നടിക്കുന്ന കോണ്‍ഗ്രസുകാര്‍ എന്തേ അരുന്ധതിയ്ക്കെതിരെ പടവാളോങ്ങിയില്ല. അവരെ കേട്ടുകൊണ്ടിരുന്നവരില്‍ ഒരാള്‍ പോലും ആ വേദിയില്‍ വച്ച് അവരെ എതിര്‍ത്തില്ല. ഗാന്ധിവിരുദ്ധ പരാമര്‍ശം നടത്തിയ അരുന്ധതി മാപ്പുപറയണമെന്ന് ചില നേതാക്കള്‍ ശബ്ദം താഴ്ത്തി ഉരുവിട്ടതല്ലാതെ അവര്‍ മാപ്പുപറഞ്ഞതായി അറിയില്ല. അവര്‍ക്കെതിരെ കേസ് എടുക്കുമെന്നും പറഞ്ഞിരുന്നു. ഗാന്ധിയെപ്പോലെ തന്നെ വര്‍ഗീയവാദിയാണ് മോദിയെന്നും അരുന്ധതി പറഞ്ഞത് കോണ്‍ഗ്രസുകാര്‍ക്ക് നന്നേ ബോധിച്ചതുകൊണ്ടാവും ഗാന്ധിജിയെപ്പറ്റി പറഞ്ഞതും ഗൗരവത്തിലെടുക്കാതിരിക്കാന്‍ കാരണം.
ഭാരതീയര്‍ ഒന്നടങ്കം ആദരവോട് മാത്രം നോക്കി കാണുന്ന രാഷ്ട്രപിതാവിനെ അവഹേളിച്ചപ്പോള്‍ ഇല്ലാതിരുന്ന ഒച്ചപ്പാടാണിപ്പോള് പാര്‍ലമെന്റിന് അകത്തും പുറത്തും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍ക്കണ്ട് നടക്കുന്നത്. ഭരണ സ്തംഭനമാണ് ഇതിലൂടെ ലാക്കാക്കുന്നതെങ്കില് അതൊരിക്കലും ലക്ഷ്യം കാണുകയുമില്ല എന്ന് പ്രതിപക്ഷത്തിനറിയാമായിരുന്നു. ഒടുവില്‍ നിരുപാധികം കീഴടങ്ങി പാര്‍ലമെന്റില്‍ ഇരിക്കാന്‍ അവര്‍ തയ്യാറായി.
സാധ്വി നിരഞ്ജന് ജ്യോതിയുടെ പ്രസ്താവന അനുചിതമായെന്നും നാട്ടിന്‍പുറത്തുകാരിയായ മന്ത്രിക്ക് അനുഭവജ്ഞാനം കുറവാണെന്നും അവര്‍ മാപ്പുപറഞ്ഞ സ്ഥിതിക്ക് സഭാനടപടികള്‍ തുടരാന്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രിതന്നെ അഭ്യര്‍ത്ഥിച്ചിട്ടും ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന കോണ്‍ഗ്രസും മറ്റുകക്ഷികളുമാണിപ്പോള് രാജ്യതാല്പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന് പറയേണ്ടിയിരിക്കുന്നു.
അടിക്കാന്‍ ഒരു വടികിട്ടിയ സ്ഥിതിക്ക് വടി ഒടിയുന്നതുവരെ അടിയ്ക്കണമല്ലോ. പക്ഷേ, ഈ വിഷയത്തില്‍ അടികൊണ്ടത് സ്വന്തം പുറത്തുതന്നെയായിപ്പോയെന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: