അധികാരത്തേയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും ചോദ്യം ചെയ്യുന്ന ആശയങ്ങള്‍ ചിന്തിക്കുന്ന മനുഷ്യരില്‍ എപ്പോഴും തീ പടര്‍ത്തുന്നു… ആശയങ്ങളിലൂടെ മഹാവിപ്ലവം സൃഷ്ടിച്ച വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ കേരളീയ നവോത്ഥാനത്തിന്റെ കരുത്തായിരുന്നു. വേദാന്തം, ചരിത്രം, ഭാഷാശാസ്ത്രം, വൈദ്യം, സംഗീതം, പാചകം, കായിക കല, സ്ഥലനാമശാസ്ത്രം, ജീവകാരുണ്യം, പാരിസ്ഥിതിക ശാസ്ത്രം…. ഇങ്ങനെ നിരവധി മേഖലകളില്‍ വിളങ്ങിയ ചട്ടമ്പിസ്വാമികള്‍ മറ്റൊരു സ്വാമിയ്ക്കും കൈവരാത്ത കലാ-വിജ്ഞാന വിസ്മയങ്ങളുടെ പ്രതിഭാ വിലാസമായിരുന്നു. അത് കണ്ടറിഞ്ഞ ശ്രീനാരായണ ഗുരുദേവന് സര്‍വജ്ഞനായും സദ്ഗുരുവായും പരിപൂര്‍ണ്ണ കലാനിധിയായും മഹാപ്രഭുവായും വിദ്യാധിരാജനെ വാഴ്ത്തി.
അറിവിന്റെ സവര്‍ണ്ണ കുത്തകയ്ക്കെതിരെ ഇടിമുഴക്കം സൃഷ്ടിച്ച ‘വേദാധികാര നിരൂപണ’വും പൗരോഹിത്യ വാഴ്ചയുടെ അടിക്കല്ലിളക്കിയ ‘പ്രാചീന മലയാള’വും തൊട്ടാല്‍ പൊള്ളുന്നവയായിരുന്നു. ഈ കൃതികള്‍ വായിച്ച നടരാജഗുരു പറഞ്ഞത്, ഇതെഴുതിയ കടലാസിന് തീ പിടിച്ചില്ലല്ലോ എന്നാണ്. പക്ഷേ, കാലാന്തരത്തില്‍ ചട്ടമ്പിസ്വാമികള്‍ എഴുതിവെച്ച പലതും മറഞ്ഞുപോയി…..അല്ല, ശിഷ്യപരമ്പരകള്‍ മറന്നുപോയി. സ്വാമിയ്ക്ക് വേണ്ടപ്പെട്ടവര്‍ പോലും ആ രചനകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ ഉദാസീനത വരുത്തി… നിത്യ സഞ്ചാരിയായിരുന്ന സ്വാമികള്‍ കുത്തിക്കുറിച്ചിട്ട ആശയങ്ങള്‍ പലതും അങ്ങനെ വിസ്മൃതിയിലായി.
എന്നാല്‍ എണ്‍പത്തിയെട്ട് വര്‍ഷത്തിന് ശേഷം അപ്രതീക്ഷിതമായി നാല് ചട്ടമ്പിസ്വാമി കൃതികള്‍ വെളിച്ചം കാണുമ്പോള്‍ നമ്മുടെ ഗവേഷകര്‍ക്ക് അത്ഭുതം…ചട്ടമ്പിസ്വാമി ഭക്തര്‍ക്ക് ആഹ്ലാദം..
സ്വാമിയുടെ അച്ചടിച്ചതും അല്ലാത്തതുമായ എട്ടോളം കൃതികള്‍ കണ്ടുകിട്ടാനുണ്ടെന്ന തിരിച്ചറിവും അത് കണ്ടെടുക്കാനുള്ള ആര്‍ജ്ജവവുമാണ് സുരേഷ് മാധവ് എന്ന ഗവേഷകനെ പിന്നോട്ട് നടത്തിച്ചത്. ‘ക്രിസ്തുവിന്റെ പ്രകാശ വിളംബരം’ എന്ന കൃതിയിലൂടെ തത്വചിന്തയുടെ ആഴം വായനക്കാര്‍ക്ക് തെളിയിച്ചു കൊടുത്ത ഈ ദാര്‍ശനിക പ്രതിഭ ചട്ടമ്പിസ്വാമിയില്‍ എത്തിയത് സ്വാഭാവികം മാത്രം.
ബൈബിള്‍ ആത്മാവില്‍ അനുഭവിച്ച എഴുത്തുകാരനെന്ന് പ്രമുഖ നിരൂപകനായ കെ.പി.അപ്പന് വിശേഷിപ്പിച്ച സുരേഷ് മാധവിന്റെ ആത്മാവില്‍ ചട്ടമ്പിസ്വാമികള്‍ വന്നുതൊടുകയായിരുന്നു. ഏതായാലും ആഴത്തില്‍ മുങ്ങിത്തപ്പിയപ്പോള്‍ കയ്യില്‍ തടഞ്ഞത് നാല് അപൂര്വനിധികള്. തമിഴകം, ദ്രാവിഡ മാഹാത്മ്യം, ഒഴിവിലൊടുക്കം തര്‍ജമ, കേരള ചരിത്രവും തച്ചുടയ കൈമളും എന്നീ പ്രബന്ധങ്ങള്‍ കണ്ടെടുത്തപ്പോള്‍ അതൊരു ചരിത്രനിയോഗമാണെന്ന് സുരേഷ് അറിഞ്ഞു. നമ്മുടെ അതിപ്രഗത്ഭമതികളായ ഗവേഷകരും പണ്ഡിതന്മാരും കാണാതെ പോയത് ആ ചെറുപ്പക്കാരന് കണ്ടു. പക്ഷെ, എന്തുകൊണ്ട് അവരിത് കാണാതെ പോയി എന്ന ചിന്ത ആശങ്കയുമായി. അപൂര്‍വ കൃതികള്‍ കണ്ടെടുത്ത സുരേഷ് മാധവ് എന്ന പേര് ഇന്ന് സാംസ്ക്കാരിക-ഗവേഷണ മണ്ഡലങ്ങളില്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമാവുകയാണ്. ഓരോ ദിവസവും അനവധി ഫോണ്‍ കോളുകള്‍. പലര്‍ക്കും അറിയേണ്ടത് ഇതെവിടെനിന്ന് കിട്ടി എന്നാണ്. നമുക്ക് മുന്നിലുണ്ടായിരുന്നു. പക്ഷേ നോക്കാത്തതുകൊണ്ട് കണ്ടില്ലാ എന്നാണ് സുരേഷിന്റെ താത്വികമായ മറുപടി.
ഇനിയും ചട്ടമ്പിസ്വാമിയുടെ പല കൃതികളും കണ്ടെത്താനുണ്ട് എന്നറിയുമ്പോള്‍ കഴിഞ്ഞ തലമുറ വെച്ചു പുലര്‍ത്തിയ തികഞ്ഞ ഉദാസീനതയിലേക്കാണ് പുതിയ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. ഗവേഷണത്തിന്റെ പതിവു മെത്തഡോളജിയ്ക്കപ്പുറം വൈകാരികമായ താല്‍പ്പര്യവും ഉത്സാഹവുമാണ് വേണ്ടതെന്നാണ് സുരേഷ് മാധവിന്റെ അനുഭവ സാക്ഷ്യം.
ആത്മീയതയോടും ചരിത്രത്തോടുമുള്ള അഭിനിവേശമാണ് സുരേഷ് മാധവിനെ ചരിത്രപഠനത്തിലെത്തിച്ചത്. പഴയ കൃതികളും പുരാരേഖകളും തേടിയുള്ള അന്വേഷണത്തിനിടയില്‍ കണ്ടുമുട്ടിയ ജ്ഞാന വൃദ്ധരില്നിന്ന് കിട്ടിയ അപൂര്‍വ വിവരങ്ങള്‍……അവര്‍ തുറന്നുതന്ന ചരിത്രരഹസ്യങ്ങള്‍….ചിന്തയും അനുഭവങ്ങളും വിട്ട്, പാട്ടില്‍ ലയിച്ചു മദിക്കുന്ന പുതിയ തലമുറയുടെ ബഹളങ്ങള്ക്കിടയിലൂടെയാണ് ഈ ചെറുപ്പക്കാരന് പഴയ കാലങ്ങളിലേയ്ക്ക് പോകുന്നത്. ഡോ.പുതുശ്ശേരി രാമചന്ദ്രനുമായുള്ള ഹൃദയബന്ധമാണ് ചരിത്രപഠനത്തെ ഗൗരവമായി കാണാന്‍ സുരേഷിനെ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ മരുമകനും പ്രമുഖ നിരൂപകനുമായ ഡോ.കെ.എസ്.രവികുമാറിന്റെ കീഴില്‍ ഔപചാരിക ഗവേഷണം നടത്താനായതും ഭാഗ്യമായി.
സ്വന്തം ദേശമായ തേവലക്കരയ്ക്ക് തൊട്ടടുത്തുള്ള പന്മനയിലെ ആശ്രമം പണ്ടേ ശ്രദ്ധിച്ചിരുന്നു. അപ്പൂപ്പന്റെ സഹോദരനായ കുമരക്കാട്ടില് പരമു ആശാന് ചട്ടമ്പിസ്വാമികളെ കാണാന്‍ പോയതും സര്‍പ്പത്തിനൊപ്പം സ്വാമിയെക്കണ്ട് അതിശയിച്ചതും ആദ്യംകേട്ട സ്വാമിക്കഥകള്‍. അതിനുമെത്രയോ അപ്പുറത്ത് പതിനഞ്ചാം നൂറ്റാണ്ടില്‍ വേണാട്ടു രാജാവിന്റെ സാമന്തരില്‍ ഒരാളായിരുന്ന കേരളന്‍ കുമരന് എന്ന ദേശവാഴിയുടെ പാരമ്പര്യവും ആത്മജ്ഞാനം തേടി കാശിയിലും രാമേശ്വരത്തും പോയ യോഗികളുടെ പുരാവൃത്തങ്ങളും സുരേഷ് മാധവിന്റെ കുടുംബവേരുകളിലുണ്ടായിരുന്നു. 1472 ല്‍ തേവലക്കര ദേവീക്ഷേത്രത്തില്‍ കേരളന്‍ കുമരന് സമര്‍പ്പിച്ച ബലിക്കല്ലിലെ ലിഖിതം വായിച്ചതും പുതിയ ചരിത്രം തെളിഞ്ഞതും മറ്റൊരു ചരിത്രരഹസ്യമാണെന്നും അത് പിന്നീട് പറയുമെന്നും സുരേഷ് വെളിപ്പെടുത്തുന്നു. പഴമയുടെ ഈ ജനിതക വീര്യമാണ് സുരേഷിനെ ചട്ടമ്പി സ്വാമിയിലും ശ്രീനാരായണ ഗുരുവിലുമെത്തിച്ചത്. പണ്ടേ ഉണ്ടായിരുന്ന പുസ്തക പ്രേമവും ചട്ടമ്പിസ്വാമിയുടെ കൃതികള്‍ തേടുന്നതിന് കാരണമായി. അന്വേഷണത്തിന്റെ കഥയിങ്ങനെ:-
പുനര്ജന്മം, ഭൂഗര്‍ഭശാസ്ത്രം, തന്ത്രവിദ്യ തുടങ്ങിയ രഹസ്യവിഷയങ്ങളെക്കുറിച്ച് സ്വാമി എഴുതിയ കൃതികളാണ് ആദ്യം അന്വേഷിച്ചത്. ഏറെ പ്രസിദ്ധമായ മോക്ഷപ്രദീപഖണ്ഡനം അച്ചടിച്ചിട്ടില്ലെന്നും അതിന്റെ കയ്യെഴുത്തു പ്രതി തിരുവനന്തപുരത്തുണ്ടെന്നും അന്വേഷണത്തിനിടയില്‍ അറിഞ്ഞു. കേരളത്തിലെമ്പാടും ചുറ്റി സഞ്ചരിച്ചിരുന്ന ചട്ടമ്പിസ്വാമികളുടെ കൃതികള്‍ കണ്ടെത്താന്‍ കേരളം മുഴുവന്‍ അലയണമെന്ന് മനസ്സിലായി. മുന്നിട്ടിറങ്ങാന്‍ തന്നെയായിരുന്നു തീരുമാനം. പന്മനയിലെ ചില പഴയ വീടുകളിലാണ് ആദ്യം തെരഞ്ഞത്. ചട്ടമ്പിസ്വാമികള്‍ സമാധിയായ പ്രാക്കുളം പത്മനാഭപിള്ള സ്മാരക ഗ്രന്ഥശാലയിലുണ്ടായിരുന്ന പുസ്തകങ്ങളെക്കുറിച്ചന്വേഷിച്ചപ്പോള് അത് പലരും സ്വകാര്യ സ്വത്താക്കി മാറ്റിയെന്നറിഞ്ഞു. കുറച്ചുകാലം മുമ്പ് സമാധിസ്മാരകമായിത്തീര്ന്ന ഗ്രന്ഥശാലാ കെട്ടിടം പെയിന്റ് ചെയ്തപ്പോള്‍ സ്വാമി ഭിത്തിയില്‍ വരച്ചിട്ട രണ്ടു ചിത്രങ്ങളും എന്നന്നേയ്ക്കുമായി മാഞ്ഞുപോയി എന്നതും വിധിവൈചിത്ര്യം.
പന്മന ആശ്രമത്തില്‍ അമ്പതുകൊല്ലം മുമ്പ് ചട്ടമ്പിസ്വാമിയുടെ പല കൃതികളും കയ്യെഴുത്തു പ്രതികളും സ്വാമി വരച്ച അപൂര്‍വ ചിത്രങ്ങളും ഒരു തകരപ്പെട്ടിയിലാക്കി സൂക്ഷിച്ചിരുന്നു. കുമ്പളത്ത് ശങ്കുപ്പിള്ള രോഗബാധിതനായി തിരുവനന്തപുരത്ത് വിശ്രമിച്ച സമയത്ത് പന്മനയില് സംരക്ഷിച്ചിരുന്ന തകരപ്പെട്ടിയടക്കം പലതും കാണാതെ പോയി എന്നാണ് കേട്ടത്.
പിന്നീട് ചട്ടമ്പിസ്വാമികള്‍ ഇരുന്നരുളിയ കൊല്ലം, മാവേലിക്കര പ്രദേശങ്ങളിലെ ചില വീടുകളില്‍ അന്വേഷിച്ചു. പൊളിച്ചും പുതുക്കിയും പണിതുയര്‍ത്തിയ പുതിയ ‘തറവാടു’കളില്‍ പൊടി പിടിച്ചു കിടന്ന പഴയ കടലാസുകളും താളിയോലകളും കത്തിച്ചുകളഞ്ഞ് വീട് ‘വൃത്തി’യാക്കിയ പുതിയ കാരണവന്മാരെയാണ് കണ്ടത്. ഓച്ചിറ, കായംകുളം ഭാഗങ്ങളിലെ പഴയ ലൈബ്രറികളില്‍ തെരഞ്ഞപ്പോള്‍ ചില പഴയ ആനുകാലികങ്ങള്‍ കിട്ടി. ‘വിവേകോദയം’ മാസികയുടെ പഴയ ലക്കങ്ങളില്‍നിന്ന് ചില കൗതുകകരമായ വിവരങ്ങള്‍ കിട്ടി എന്നതൊഴിച്ചാല്‍, ഫലം നാസ്തി. ഇതിനിടയില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഒരന്വേഷണം നടത്തിയെങ്കിലും കിട്ടിയത് ‘സദ്ഗുരു’ മാസികയുടെ രണ്ട് പേജുകളാണ്. തിരുവനന്തപുരത്ത് ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് സഹസംവിധായകനായ സുഹൃത്ത് പറഞ്ഞു- “തൃപ്രയാറില്‍ ഒരു പഴയ തറവാടുണ്ട്. ഷൂട്ടിംഗ് നടക്കാറുള്ള ആ വീട്ടില്‍ ഒരുപാട് പഴയ പുസ്തകങ്ങള്‍ കണ്ടിട്ടുണ്ട്. പോയി നോക്കിയാല്‍ ചിലപ്പോള്‍ വല്ലതും കിട്ടും”. പിറ്റേന്ന് തന്നെ അവിടെയെത്തിയെങ്കിലും പെയിന്റ് ചെയ്ത് മോടികൂട്ടിയ തറവാടാണ് കണ്ടത്. എങ്കിലും അവിടുത്തെ കാരണവര്‍ ചില സൂചനകള്‍ തന്നു. ചില വീടുകളും ലൈബ്രറികളും പറഞ്ഞു തന്നു. പിന്നെ അങ്ങോട്ടു പോയി. പേരും വീടും പുറത്തു പറയരുതെന്നും അത് എനിക്ക് ശല്യമാകുമെന്നും കര്‍ശനമായി പറഞ്ഞശേഷം ഒരു കര്‍ക്കശക്കാരനായ കാരണവര്‍ തന്റെ ഹോം ലൈബ്രറിയിലേയ്ക്ക് കൊണ്ടുപോയി.
തത്വപോഷിണി, കേരളധര്‍മം, കൈരളി, സദ്ഗുരു, പൗരന്, വിവേകോദയം, ബദാനന്ദ വിലാസം തുടങ്ങിയ പഴയ മാസികകള്‍ പലതും അവിടെ ഉണ്ടായിരുന്നു. പെട്ടെന്ന് പരിശോധിക്കുന്നതിനിടയിലാണ് ‘അഗസ്ത്യന്’ എന്ന പേരില്‍ ചട്ടമ്പി സ്വാമി എഴുതിയ ചില ലേഖനങ്ങള്‍ കിട്ടിയത്. സദ്ഗുരു, ലക്ഷ്മീഭായി, ലക്ഷ്മീ വിലാസം തുടങ്ങിയ ആനുകാലികങ്ങളുടെ ചില ലക്കങ്ങള്‍ തിരുവനന്തപുരത്തെ ചില ലൈബ്രറികളില്‍ നിന്നും കിട്ടി. കിട്ടിയതെല്ലാം ചേര്‍ത്തു വെച്ചപ്പോള്‍ ചട്ടമ്പിസ്വാമിയുടെ നാല് കൃതികളായി.
ഏറെ പ്രസിദ്ധമായ തമിഴകം, ദ്രാവിഡ മാഹാത്മ്യം എന്നീ പ്രബന്ധങ്ങളും ജീവചരിത്രങ്ങളില്‍പോലും പരാമര്‍ശമില്ലാത്ത ‘കേരളചരിത്രവും തച്ചുടയ കൈമളും’ എന്ന കൃതിയും ‘ഒഴിവിലൊടുക്കം’ തര്ജമയുമാണ് പ്രധാനമായും ലഭിച്ചത്. 1922-23 കാലയളവില്‍ ചട്ടമ്പിസ്വാമിയുടെ ജീവിതകാലത്ത് തന്നെ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളാണവ. ഒഴിവിലൊടുക്കം വിവര്‍ത്തനം പൂര്‍ണമല്ല. ‘സദ്ഗുരു’ പത്രാധിപര്‍ക്ക് സ്വാമി പറഞ്ഞുകൊടുത്ത് എഴുതിച്ചതാണത്. സ്ഥലനാമങ്ങളെക്കുറിച്ച് സ്വാമി എഴുതിയ മൂന്നു ലേഖനങ്ങളും താളിയോലയില്‍ വരച്ച ഒരപൂര്‍വ ചിത്രവും കൂടി കിട്ടിയിട്ടുണ്ട്. ഇവ കൊല്ലത്തെ വിദ്യാധിരാജ സംസ്കൃതി കേന്ദ്രം പ്രസിദ്ധീകരിക്കുന്നുണ്ട്. ചട്ടമ്പി സ്വാമിയുടെ ശിഷ്യനായ പന്നിശ്ശേരി നാണുപിള്ള രചിച്ച ചില അപൂര്‍വ ലേഖനങ്ങളും കിട്ടിയ കൂട്ടത്തില്‍ പെടുന്നു.
അറിയേണ്ടതെല്ലാം അറിഞ്ഞ ആളാണ് എന്ന് ശ്രീനാരായണ ഗുരു വിശേഷിപ്പിച്ച പന്നിശ്ശേരിയുടെ വിഗ്രഹാരാധനാ വാദം, ശിവയോഗി സമീക്ഷ തുടങ്ങിയ പ്രൗഢപ്രബന്ധങ്ങള്‍ പുതിയ സാംസ്ക്കാരിക ഭാവുകത്വത്തില്‍ ഏറെ പ്രസക്തമാണെന്ന് സുരേഷ് മാധവ് പറയുന്നു. മഹായോഗിയും പണ്ഡിതപ്രഭുവുമായിരുന്ന നീലകണ്ഠ തീര്‍ത്ഥപാദരുടെ കൃതികളും കണ്ടെത്തിയവയില്‍പ്പെടുന്നു.
കാലങ്ങളായി മറഞ്ഞുകിടക്കുന്ന അപൂര്‍വ രചനകള്‍ തന്നിലൂടെ വീണ്ടും പിറവികൊള്ളുന്നു എന്നത് വിസ്മയിപ്പിക്കുന്ന നിയോഗമെന്ന് സുരേഷ് വിശ്വസിക്കുന്നു.
കിട്ടിയലേഖനങ്ങള് ഉടന്‍ തന്നെ പന്മന ആശ്രമത്തിലെ കൈവല്യാനന്ദ സ്വാമികളെ കാണിച്ചു. സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദരും ഊര്‍ജ്ജം പകര്‍ന്നു. അവതാരിക തയ്യാറാക്കുന്നതിനായി ഡോ.പുതുശ്ശേരി രാമചന്ദ്രന്, ഡോ.എം.ജി.ശശിഭൂഷണ്‍ എന്നിവരെ കണ്ടപ്പോള്‍ അവരും വലിയ പ്രചോദനമാണ് നല്‍കിയത്. രചനകള്‍ കണ്ടെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ അവ പുസ്തകരൂപത്തില്‍ പുറത്തുവന്നു.
ഭാഷ, സംസ്ക്കാരം, ജീവോത്പത്തി തുടങ്ങി സംസ്ക്കാര പഠന സംബന്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തമിഴകവും ദ്രാവിഡമാഹാത്മ്യവും ചട്ടമ്പിസ്വാമിയുടെ യുക്തിവൈഭവവും വിശകലനപാടവവും തുറന്നുകാട്ടുന്നുണ്ട്. കൂടല്‍മാണിക്യ ക്ഷേത്രത്തിലെ അധികാരിയായിരുന്ന തച്ചുടയകയ്മളെക്കുറിച്ചും അവരോധചരിത്രത്തെക്കുറിച്ചുമാണ് കേരള ചരിത്രവും തച്ചുടയ കൈമളും എന്ന ഗ്രന്ഥം പ്രധാനമായും പ്രതിപാദിക്കുന്നത്. തമിഴ് വേദമെന്ന് പുകള്‍പെറ്റ ഒഴിവിലൊടുക്കത്തിന്റെ തര്‍ജ്ജമയാണ് മറ്റൊന്ന്. ചരിത്രം, സംസ്ക്കാരം, വേദാന്തം എന്നീ വിഭിന്ന വിഷയങ്ങളിലായി എഴുതപ്പെട്ട നാല് കൃതികളും ഇപ്പോള്‍ ഗവേഷണ രംഗത്ത് ചര്‍ച്ചാവിഷയമാകുന്നതിന്റെ സന്തോഷത്തിലാണ് സുരേഷ് മാധവ്. ക്രിസ്തുവിന്റെ പ്രകാശവിളംബരത്തിനുശേഷം ആത്മപ്രബോധോപനിഷത്തിന് ആനന്ദരഹസ്യമെന്ന് വ്യാഖ്യാനമെഴുതിയിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. പ്രൊഫ.ജി.ബാലകൃഷ്ണന് നായര്‍ അവസാനമായി അവതാരിക കുറിച്ച ആ കൃതി ഇനിയും പുറത്തുവന്നിട്ടില്ല. തേവലക്കര ദേശത്തിന്റെ ആധികാരിക ചരിത്രവും തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് ഈ യുവഗവേഷകന്. ചരിത്രത്തിലും തത്വചിന്തയിലും മാത്രമല്ല, മാധ്യമരംഗത്തും ആ പ്രതിഭാ സാന്നിധ്യം പ്രകടമാണ്.
സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ ആര്‍ട്ട് ഓഫ് ഫീലിംഗ്സ് ഉള്‍പ്പെടെ അമ്പതോളം ഡോക്യുമെന്ററികള്‍ക്ക് രചന നിര്‍വഹിച്ച സുരേഷ് മാധവ് സൂര്യ ചാനലിന് വേണ്ടി മറക്കാനാവാതെ എന്ന ഡോക്യു-ഫിക്ഷന്‍ പരമ്പരയും സംവിധാനം ചെയ്തിട്ടുണ്ട്. ഇനിയും മറഞ്ഞു കിടക്കുകയാണ് ചട്ടമ്പിസ്വാമിയുടെ പല കൃതികളുമെന്ന് ഈ അന്വേഷകന് നമ്മെ ഓര്‍മിപ്പിക്കുന്നു. സര്‍വമതസാമരസ്യം, തര്‍ക്കരഹസ്യരത്നം, അന്നംഭട്ടീയ വ്യാഖ്യാനം, പരമശിവസ്തവം, അദ്വൈത പഞ്ജരം അങ്ങനെ പലതും കണ്ടെടുക്കാനുണ്ട്. ദാര്‍ശനികതയുടെ സൗമ്യശാന്തിയിലും ചരിത്രത്തിന്റെ പുതിയ ഖാനികള്‍ തേടുകയാണ് സുരേഷ് മാധവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: