മീനങ്ങാടി: (വയനാട്) കൃഷ്ണഗിരി സ്റ്റേഡിയത്തിലെ ആദ്യ രഞ്ജിയുടെ രണ്ടാം ദിനം 367 റണ്ണിന് എല്ലാവരും പുറത്തായ ഗോവക്കെതിരെ മഴയും വെളിച്ചക്കുറവും മൂലം സ്റ്റമ്പെടുക്കുമ്പോള്‍ 60ന് രണ്ട് എന്ന നിലയിലാണ് കേരളം. ആറിന് 313 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഗോവ 22 ഓവറുകള്‍ക്കുള്ളില്‍ എല്ലാവരും പുറത്തായി.
തലേന്നത്തെ സ്കോറിനോടൊപ്പം 54 റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഗോവയുടെ നാലു ബാറ്റ്സ്മാന്മാരും പുറത്തായി. 10 റണ്ണെടുത്ത അമിത് യാദവാണ് ആദ്യം പുറത്തായത്. യാദവിനെ നിയാസ് നിസാറിന്റെ പന്തില്‍ പവാന്‍ പിടികൂടുകയായിരുന്നു. തലേന്നത്തെ ടീം സ്കോറിലേക്ക് ഏഴ് റണ്ണ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും യാദവിന്റെ വിക്കറ്റ് വീണു. നിലയുറപ്പിച്ച് കളിച്ച ദര്ശന് മിശാലിനെ ടീം സ്കോര്‍ 334ല്‍ നില്‍ക്കേ സഞ്ജു സാംസണ് റണ്ണൗട്ടാക്കി. 168 പന്തില്‍ 76 റണ്‍സെടുത്ത ദര്‍ശനാണ് ഗോവയുടെ ടോപ്സ്കോറര്‍. തുടര്‍ന്നെത്തിയ റോബിന് ഡിസൂസയും ശദാബ് ജഗതിയും ചെറുത്തു നില്പ് നടത്തി ഗോവന്‍ സ്കോര്‍ 361 ലെത്തിച്ചു.
45 പന്തില്‍ 18 റണ്ണെടുത്ത റോബിനെ നിയാസ് നിസാര്‍ റണ്ണൗട്ടാക്കി. തുടര്‍ന്നെത്തിയ ഗൗരേഷിന് കാര്യമായൊന്നും ചെയ്യാനായില്ല. അതിനു മുമ്പെ ശതാബ് ജഗതിയെ ബേസില്‍ തമ്പി ക്യാപ്റ്റന്‍ സച്ചിന് ബേബിയുടെ കൈകളിലെത്തിച്ചു. കേരളത്തിനായി ബേസില്‍ തമ്പി തന്റെ അരങ്ങേറ്റ മത്സരത്തില്‍ നാലു വിക്കറ്റ് വീഴ്ത്തി. നിയാസ് നിസാര്‍ മൂന്നും പ്രശാന്ത് പത്മനാഭന് ഒരു വിക്കറ്റും വീഴ്ത്തി. ഗോവയുടെ 367 എന്ന സ്കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ഓപണര്‍മാര്‍ ശ്രദ്ധിച്ചാണ് ബാറ്റു വീശിയത്. ലഞ്ചിനു പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 19 എന്ന നിലയിലായിരുന്നു കേരളം. ലഞ്ചിനു ശേഷം കളി പുനരാരംഭിച്ച കേരളത്തിന് വി.എ ജഗദീഷിനെ നഷ്ടമായി.
26 പന്തില്‍ എട്ട് റണ്ണെടുത്ത ജഗദീഷിനെ സൗരഭ് ബണ്ടേദ്കര്‍ വിക്കറ്റ് കീപ്പര്‍ കീനന്‍ വാസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ രോഹന് പ്രേമും ഡിഫന്‍സീവ് ശൈലിയിലാണ് ബാറ്റ് വീശിയത്. ഗോവക്ക് ബ്രേക്ക് ത്രൂ നല്കി രോഹന് പ്രേമിനെ ഗൗരേഷ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 32 പന്തില്‍ എട്ടു റണ്ണായിരുന്നു രോഹന്റെ സമ്പാദ്യം. 23.2 ഓവറില്‍ 47ന് രണ്ട് എന്ന നിലയില്‍ കേരളം നില്‍ക്കുമ്പോഴാണ് മഴ വില്ലനായെത്തിയത്. ഇതോടെ അല്പസമയം കളി തടസപ്പെട്ടു. മഴ മാറി കളി പുനരാംഭിച്ച് നാല് ബൗളുകള്‍ കൂടി ചെയ്തപ്പോഴേക്കും വെളിച്ചക്കുറവ് കളിയെ ബാധിച്ചു. ഇത് കളി വീണ്ടും തടസപ്പെടുത്തി. പിന്നീട് വീണ്ടും പുനരാരംഭിച്ച കളി എട്ടോവര്‍ കൂടി പിന്നിട്ടപ്പോള്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് വീണ്ടും തടസപ്പെട്ടു. തുടര്‍ന്ന് മാച്ച് റഫറി രാജീബ് ദേബര്‍മ കളി നിര്‍ത്തി വെച്ചതായി അറിയിച്ചു. നാലാമനായെത്തിയ അമിത് വര്‍മയും ഓപ്പണര്‍ കെ.ബി പവാനുമാണ് ക്രീസിലുള്ളത്. പവാന്‍ 28 ഉം അമിത് വര്‍മ രണ്ടും ഒമ്പതും റണ്ണും നേടിയിട്ടുണ്ട്. കേരളം 60ന് രണ്ട് എന്ന നിലയിലാണ് രണ്ടാം ദിനം കളിയവസാനിപ്പിച്ചത്.
സ്കോര്‍ബോര്‍ഡ്
ഗോവ ഒന്നാമിന്നിങ്സ്
അമോഗ് ദേശായി സി അമിത് വര്‍മ ബി നിയാസ് നിസാര്‍ 75(114), സ്വപ്നില്‍ അസ്നോദ്കര്‍ എല്‍.ബി.ഡബ്ള്യു നിയാസ് നിസാര്‍ 14(73), സഗുന്‍ കാമത് എല്‍.ബി.ഡബ്ള്യു ബേസില്‍ തമ്പി 41(54), രോഹിത് അസ്നോദ്കര്‍ എല്‍.ബി.ഡബ്ള്യു ബേസില്‍ തമ്പി 4(11), കീനന്‍ വാസ് എല്‍.ബി.ഡബ്ള്യു ബേസില്‍ തമ്പി 9(13), ദര്ശന് മിശാല്‍ റണ്‍ഔട്ട് സഞ്ജു സാംസണ് 76(168), സൗരഭ് ബണ്ടേദ്കര്‍ സി നിഖിലേഷ് സുരേന്ദ്രന് ബി പ്രശാന്ത് പത്മനാഭന് 60(101), അമിത് യാദവ് സി പവാന്‍ ബി നിയാസ് നിസാര്‍ 10(67), റോബിന് ഡിസൂസ റണ്‍ഔട്ട് നിയാസ് നിസാര്‍ 18(45), ശദാബ് ജഗതി സി സച്ചിന് ബേബി ബി ബേസില്‍ തമ്പി 23(34), ഗൗരേഷ് നോട്ഔട്ട് 0, എക്സ്ട്രാസ് 37, ആകെ(110.3 ഓവറില്‍) 367ന് എല്ലാവരും പുറത്ത്.
വിക്കറ്റ് വീഴ്ച 92-1, 117-2, 134-3, 161-4, 168-5, 276-6, 320-7, 334-8, 361-9, 367-10.
ബൗളിങ്
നിയാസ് നിസാര്‍ 32-4-74-3, ബേസില്‍ തമ്പി 26.3-4-108-4, അഭിഷേക് മോഹന്‍ 20-0-59-0, പ്രശാന്ത് പത്മനാഭന് 19-0-61-1, രോഹന് പ്രേം 11-0-36-0, അമിത് വര്‍മ 2-0-11-0.
കേരളം ഒന്നാമിന്നിങ്സ്
കെ.ബി പവന് നോട്ഔട്ട് 28, വി.എ ജഗദീഷ് സി കീനന്‍ വാസ് ബി സൗരഭ് ബണ്ടേദ്കര്‍ 8(26), രോഹന് പ്രേം എല്‍.ബി.ഡബ്ള്യു ഗൗരേഷ് 8(32), അമിത് വര്‍മ നോട്ഔട്ട് 9, എക്സ്ട്രാസ് 7, ആകെ(32 ഓവറില്‍ രണ്ട് വിക്കറ്റിന്) 60.
വിക്കറ്റ് വീഴ്ച
23-1, 44-2.
ബൗളിങ്
സൗരഭ് ബണ്ടേദ്കര്‍ 14-7-24-1, റോബിന് ഡിസൂസ 11-3-23-0, ഗൗരേഷ് 7-4-6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: