പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയിലെ സിപിഎം ഏതാനും നാളുകളായി നടത്തി കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ ആസൂത്രിതവും ഉന്നത നേതൃത്വത്തിന്റെ അറിവോടെയുമെന്ന് സൂചന.
കാരണം കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ അവശേഷിക്കുന്ന രണ്ട് ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിലും ആശയങ്ങളിലും നേതാക്കളുടെ പ്രവര്‍ത്തന ശൈലിയിലും മനംമടുത്ത് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമാണ് ദേശീയ പ്രസ്ഥാനങ്ങളായ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
ഇതില്‍ വിറളിപൂണ്ട് രണ്ടു മണ്ഡലങ്ങളിലേയും പാര്‍ട്ടിഗ്രാമങ്ങളില്‍ സംഘപരിവാര്‍ അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വളരെ ആസൂത്രിതമായി കഴിഞ്ഞ ഏതാനും മാസങ്ങളായി സിപിഎം അക്രമിസംഘം ഏകപക്ഷീയമായി അക്രമങ്ങള്‍ നടത്തുകയാണ്. സംഘപരിവാര്‍ സംഘടനകളുടെ ആത്മസംയമനം ഒന്നു കൊണ്ടു മാത്രമാണ് മേഖലയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടംതൊട്ട് പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് ഡിവൈഎഫ്ഐ നേതാക്കളുള്‍പ്പെടെയുളള യുവാക്കള്‍ പരസ്യമായി ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പു രംഗത്തിറങ്ങി പ്രവര്‍ത്തിച്ചിരുന്നു.
ബിജെപിക്ക് ബൂത്ത് കമ്മിറ്റികള്‍ പോലും ഇല്ലാത്ത പയ്യന്നൂര്‍,കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ ബൂത്തുകളില്‍ പോലും സിപിഎം നേതൃത്വത്തെ ഞെട്ടിക്കുന്ന തരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ലഭിച്ചിരുന്നു. കല്ല്യാശ്ശേരി പഞ്ചായത്തു പോലുളള സിപിഎം കേന്ദ്രങ്ങളില്‍ 2000 ത്തോളം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് നേതാക്കള്‍ അവകാശപ്പെടുന്ന പയ്യന്നൂര്‍ മുന്സിപ്പാലിറ്റിയുള്പ്പെടുന്ന പ്രദേശത്തു പോലും ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനം വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു. തുടര്‍ന്ന് സിപിഎം അക്രമത്തിനെതിരെ സ്വാതന്ത്ര്യം സമാധാനം സുരക്ഷ തുടങ്ങിയ മുദ്യാവാക്യം ഉയര്‍ത്തി കല്ല്യാശ്ശേരി മണ്ഡലത്തിലും പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി ഏരിയയിലും ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ജനശക്തി യാത്രയ്ക്കും ജനശക്തി സംഗമങ്ങള്‍ക്കും ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സിപിഎം ശക്തികേന്ദ്രങ്ങളില്‍ വന്‍ വരവേല്‍പ്പ് ലഭിക്കുകയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നുളള കാലങ്ങളില്‍ കൂടുതല്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 1-ാം തീയ്യതി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനാചരണപരിപാടി ജനശക്തിസംഗമം എന്ന പേരില്‍ പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് വന്‍ ജനപങ്കാളിത്തതോടെ നടത്തിയിരുന്നു.
സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുതുതായി അന്നേ ദിവസം പയ്യന്നൂര്‍ നഗരത്തെ പ്രകമ്പനം കൊളളിച്ചുകൊണ്ടു നടന്ന റാലിയിലും പൊതുസമ്മേളനത്തിലും അണിനിരന്നിരുന്നു.
പാര്‍ട്ടി ശക്തി കേന്ദത്തില്‍ ബിജെപി നടത്തിയ സമ്മേളനത്തിന്റെ വിജയത്തില്‍ വിറളിപൂണ്ട് അന്നേ ദിവസം പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കു നേരെ ജില്ലയിലെമ്പാടും സിപിഎമ്മുകാര്‍ വ്യാപകമായി അക്രമം നടത്തുകയും വിവിധ സ്ഥലങ്ങളിലുളള നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മടക്കാട് വെച്ച് സിപിഎമ്മുകാരുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനായ ആലക്കോട് ചീക്കാട് സ്വദേശി രാജനെന്നയാള് ഇപ്പോഴും അപകടനില തരണംചെയ്യാതെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവുമില്ലാതെ കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചതും ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കെ.രാജേഷിന്റെ പയ്യന്നൂര്‍ നഗരത്തിലെ കാരയിലെ വീടിനു നേരേയും യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.പി.അരുണ്‍കുമാറിന്റെ വെളളൂരിലെ വീട്ടിനുനേരേയും ബിജെപി പ്രവര്‍ത്തകരായ മറ്റ് അഞ്ചുപേരുടെ വീടുകള്‍ക്കു നേരെയും ബോംബെറിഞ്ഞ സംഭവങ്ങള്‍.
എല്ലാ വീടുകള്‍ക്ക് നേരേ ബോംബേറ് നടത്തിയ നാലോളം ബൈക്കുകളിലായെത്തിയ സിപിഎം സംഘമാണ് എന്നത് അക്രമങ്ങള്‍ പാര്‍ട്ടി ഉന്നതനേതൃത്വത്തിന്റെ അറിവോടെ വളരെ ആസൂത്രിതമായി നടത്തിയ അക്രമങ്ങളാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അക്രമങ്ങള്‍ നടത്തി ഭീഷണിപ്പെടുത്തി സംഘപരിവാര്‍ സംഘടനകളുടെ പയ്യന്നൂര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയെന്ന വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അക്രമങ്ങളെന്ന് വ്യക്തമാവുകയാണ്.
മാത്രമല്ല ഇത്തരം അക്രമങ്ങളിലൂടെ സിപിഎം വിട്ടു പുറത്തു പോകുന്ന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്താമെന്ന ഗൂഢലക്ഷ്യവുമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂരിലെ മനോജിനെ യാതൊരു പ്രകോപനവുമില്ലാതെ കൊലപ്പെടുത്തി ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ അക്രമങ്ങളില്ലാതെ ശാന്തതയിലേക്ക് മടങ്ങുകയായിരുന്ന ജില്ലയില്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ട സിപിഎമ്മിനെതിരെ പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ പേരു ദോഷത്തില്‍ നിന്നും രക്ഷപ്പെടാനായി കഴിഞ്ഞ ഏതാനും നാളുകളായി പ്രകേപനമുണ്ടാക്കി സംഘപരിവാര്‍ സംഘടനകളെക്കൊണ്ട് തിരിച്ചടിപ്പിക്കാന് സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്നലെ പയ്യന്നൂരില്‍ സിപിഎം നടത്തിയ അക്രമങ്ങള്‍ക്കു പിന്നിലും ഇത്തരം ഗൂഢമായ ഒരു ഉദ്ദേശം കൂടിയുണ്ടെന്നത് വ്യക്തമാണ്. എന്നാല്‍ മനോജ് വധം നടന്നിട്ടു പോലും ഒരു ചെറു അക്രമത്തിനു പോലും തയ്യാറാകാതെ സംഘപരിവാര്‍ നേതൃത്വം ജില്ലയില്‍ പൂര്‍ണ്ണമായും സമാധാനം നിലനില്ക്കണമെന്ന ആഗ്രം കൊണ്ട് സിപിഎമ്മിന്റെ അക്രമങ്ങളെ ജനാധിപത്യപരമായ രീതിയില്‍ പൊതുയോഗങ്ങളും മറ്റും സംഘടിപ്പിച്ച് നേരിട്ടു വരികയാണ്.
ഇതിനിടയിലാണ് വീണ്ടും ജില്ലയെ കലാപകലുഷിതമാക്കി പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ന്നു വരുന്ന വിഭാഗീയതയുള്പ്പെടെയുളള പ്രശ്നങ്ങള്‍ക്ക് തടയിട്ട് പാര്‍ട്ടി അണികളെ കൂടെ നിര്‍ത്താന്‍ ജില്ലാ നേതൃത്വത്തിന്റെ വ്യക്തമായ അറിവോടെ പയ്യന്നൂരില്‍ വീണ്ടും അക്രമവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
പയ്യന്നൂര്‍ മേഖലയില്‍ ഏതാനും മാസങ്ങളായി സിപിഎം നടത്തിയ അക്രമ കേസുകളിലെ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകാത്ത പയ്യന്നൂര്‍ പോലീസിന്റെ നടപടികള്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പയ്യന്നൂര്‍ മേഖലയിലെ പാര്‍ട്ടി ഗ്രാമങ്ങളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: