മയ്യില്‍: പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സന്‍സദ് ആദര്‍ശഗ്രാമ യോജന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പദ്ധതി രൂപീകരണ സമ്മേളനം ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗ്രാമവികസന വകുപ്പ് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. ആദര്‍ശ് ഗ്രാമം പദ്ധതിയിലൂടെ ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പഞ്ചായത്തിന്റെ സമ്പൂര്‍ണ വികസനം നടപ്പിലാക്കുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഓരോ ഗ്രാമത്തിനും തനതായ പ്രത്യേകതയും സവിശേഷതകളും ഉണ്ട്. ഇതു കണ്ടെത്തി വികസിപ്പിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയണമെന്നും മന്ത്രി പറഞ്ഞു. പി കെ ശ്രീമതി ടീച്ചര്‍ എംപി പദ്ധതി വിശദീകരണം നടത്തി. കില ഡയരക്ടര്‍ ഡോ. പി പി ബാലന് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. സി എച്ച് മേമി അധ്യക്ഷനായി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എം എസ് നാരായണന് നമ്പൂതിരി ആശംസ നേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുജാത സ്വാഗതവും സെക്രട്ടറി രാജന് പുതുശ്ശേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നാല് വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ഗ്രൂപ്പ് ചര്‍ച്ചയിലൂടെ പഞ്ചായത്തിന്റെ വികസന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: