കണ്ണൂര്‍: കൊട്ടിയൂര്‍ ദേവസ്വത്തിന്റെ 2014 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് പോലും 2014 ഡിസംബര്‍ മാസമായിട്ടും അംഗീകരിച്ച് നല്‍കാത്ത മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ ലഘൂകരിച്ച് കാണാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന്റെ നിലപാട് ക്ഷന്തവ്യമല്ലെന്ന് കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബോര്‍ഡ് കമ്മീഷണറുടെ അനാസ്ഥക്കെതിരെ ബോര്‍ഡിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമില്ലെന്ന് കണ്ട നിലയില്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകാരം ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ദേവസ്വം അധികൃതര്‍ ഹൈക്കോടതി മുമ്പാകെ രണ്ട് റിട്ട് ഹര്‍ജികള്‍ മുഖേന സമര്‍പ്പിച്ചിരിക്കുകയാണ്. ആയതിന്റെ തീരുമാനമനുസരിച്ച് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കുന്നതുമാണ്.
പ്രസിഡണ്ട് സൂചിപ്പിച്ചിരുന്ന കോടതി നടപടി കഴിഞ്ഞ ഉത്സവക്കാലത്തെ ഭക്തജനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഹൈക്കോടതി സ്വമേധയാ ആരംഭിച്ചിരിക്കുന്ന നടപടിയായിരുന്നു. അത് ദേവസ്വം മരാമത്തുകളുടെ അനുമതിയോ നിര്‍വ്വഹണമോ ഒരു വിഷയമായിരുന്നില്ല. തീരുമാനങ്ങള്‍ കാത്തിരിക്കുന്ന ഫയലുകളുടെ നിജസ്ഥിതി യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതില്‍ അക്കാര്യവും രേഖാമൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ചെയര്മാന് ടി.ബാലന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: