പാലക്കാട്: ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നിരുത്തരവാദപരമായ നിലപാട് കാരണം ജില്ലാ പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി ആരോപിച്ചു.
ഇതുമൂലം കോടിക്കണക്കിന് രൂപയുടെ പദ്ധതി വിഹിതവും മറ്റു ഫണ്ടുകളും സമയബന്ധിതമായി ചെലവഴിക്കുവാന്‍ സാധിക്കാതെ പാഴായിപ്പോകുവാന്‍ സാധ്യതയുണ്ട്. ഇത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെയും ബന്ധപ്പെട്ടവരുടെയും ശ്രദ്ധയില്‍ പലവട്ടം പെടുത്തിയിട്ടും നിയമപരമല്ലാത്ത രീതിയില്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ടെണ്ടര്‍ നടത്തുന്നു.
ഈ നടപടിക്കെതിരെ കരാറുകാര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഈ ഉത്തരവു പാലിക്കാതെ ടെണ്ടര്‍ നടത്തുന്നതാണ് ഈ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഈ ധിക്കാരപരമായ നടപടിക്കെതിരെ ആള് കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡണ്ട് വി ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ നന്ദകുമാര്‍, ജില്ലാട്രഷറര്‍ പി കെ സുബ്രഹ്മണ്യന്, അബ്ദുള്‍ അസീസ്, മറ്റു ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: