ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചക്കൃഷി ഇറക്കിയ പാടശേഖരങ്ങളിലെ 25 ദിവസം വരെ പ്രായമായ ചെടികളില്‍, ഈച്ച വര്‍ഗത്തില്‍പ്പെടുന്ന നാശകാരിയായ കീടത്തിന്റെ സാന്നിദ്ധ്യം മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇലയുടെ മുകളില്‍ ഒരു പെണ്‍കീടം സാധാരണയായി 50 മുതല്‍ 100 വരെ മുട്ടകളിടും. മുട്ട വിരിഞ്ഞിറങ്ങുന്ന മാഗട്ടുകള്‍ ഇലകള്‍ക്കുള്ളിലൂടെ സഞ്ചരിച്ച് ഇല കാര്‍ന്നു തിന്നും. ഇല തിന്നു നശിപ്പിക്കുന്ന കീടം പിന്നീട് ഇലയ്ക്കുള്ളില്ത്തന്നെ സമാധിയാകും. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെല്‍ച്ചെടി ഉരുകി നശിച്ചതുപോലെ കാണപ്പെടും. ഇളം പ്രായത്തിലുള്ള ചെടികളെ മാത്രമേ കീടം ആക്രമിക്കുകയുള്ളൂ.
വെള്ളം പൂര്‍ണമായി വാര്‍ത്തു കളയുക വഴി കീടബാധ നിയന്ത്രിക്കാം. ഒന്നാം വളത്തോടൊപ്പം കാര്‍ട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് ഏക്കറിന് 7.5 കിലോ എന്ന തോതിലോ ഫെര്‍ട്ടറ ഏക്കറിന് നാലു കിലോ എന്ന തോതിലോ ചേര്ത്തിടുന്നത്, ഈ കീടബാധ നിയന്ത്രിക്കും. തണ്ടുതുരപ്പന്‍, ഓലചുരുട്ടി ഇല കാര്‍ന്നു തിന്നുന്ന മറ്റു പുഴുക്കള്‍ എന്നിവയേയും ഫലപ്രദമായി നിയന്ത്രിക്കാന്‍ ഇതുവഴി സാധിക്കും. വിളയുടെ ആദ്യ 55 ദിവസങ്ങളില്‍ കീടനാശിനി തളിക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നു മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: