സംവിധായകനും തിരക്കഥാകൃത്തും ഒരാള്‍ തന്നെയായാലുള്ള നേട്ടങ്ങള്‍?
ഒരു കഥ രൂപപ്പെട്ടതിന് ശേഷം ആ കഥ സിനിമയായി വരാന്‍ പോകുന്നത് എങ്ങനെയാണ് എന്നതിന്റെ വിശദീകരണമാണ് തിരക്കഥ.
തിരക്കഥാകൃത്തിന്റെ മനസ്സിലെ വിഷ്വലൈസേഷന്‍ അത്രയും പേപ്പറിലേക്ക് പകര്‍ത്തുന്നതിന് പരിമിതിയുണ്ട്. മനസ്സിലുള്ളത് മുഴുവന്‍ മനുഷ്യന് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. ഭാഷ എന്നത് മനുഷ്യസൃഷ്ടിയാണല്ലോ എന്നാല്‍ വിഷ്വല്‍ ഇംപാക്ടിന്റെ സാധ്യതകള്‍ അനന്തമാണ് അത് വാക്കുകള്‍ക്കൊക്കെ അപ്പുറത്താണ്.
മനസ്സിലെ കഥ പേപ്പറിലേക്ക് പകര്‍ത്തിയാലും ഡയറക്ടറോട് തിരക്കഥാകൃത്ത് കൊടുത്ത നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഡയറക്ടറുടേതായ വേര്‍ഷന്‍ വേറെയാകാനും മതി. അതേസമയം തിരക്കഥാകൃത്ത് തന്നെയാണ് സംവിധാനം ചെയ്യുന്നതെങ്കില്‍ അയാള്‍ എന്താണോ ആലോചിച്ചത് അത് പരിപൂര്‍ണതയോടെ സിനിമയിലേക്ക് കൊണ്ടുവരാന്‍ പറ്റും.
കൂടാതെ സ്വയം എഴുതിയ തിരക്കഥ ചിത്രീകരിക്കുമ്പോള്‍ നടീനടന്മാരുടെ ചില ഡയലോഗുകള്‍ വേണമെങ്കില്‍ ചുരുക്കാന്‍ പറ്റും. ഇതിനെല്ലാം പുറമെ സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണ്. അതുകൊണ്ട് കഥ, തിരക്കഥ, സംവിധാനം ഒരാള്‍ തന്നെ ആവുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക എന്ന വിശ്വാസക്കാരനാണ് ഞാന്‍. എന്നാല്‍ ഒരുപോലെ ചിന്തിക്കാന്‍ പറ്റുന്ന രണ്ടു മനസ്സുകളെ തിരക്കഥാകൃത്തും സംവിധായകനും ഒന്നിക്കുന്നതും നല്ലതാണ്. എംടി-ഹരിഹരന് കൂട്ടുകെട്ട് ശ്രീനിവാസന്-സത്യന് അന്തിക്കാട് ടീം ഇവരൊക്കെ ഒന്നിച്ച് വര്‍ക്ക് ചെയ്താലും നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ പറ്റും.
മലയാള സിനിമയിലെ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങളുടെ മികവൊന്നും പിന്നീട് വന്ന ഇരട്ട സംവിധായകരില്‍ പ്രതിഫലിച്ച് കണ്ടില്ല?
വിന്‍സന്റ് മാഷും രാമുകാര്യാട്ടും ഒന്നിച്ച് ഒരു സിനിമ ചെയ്തതാണ് മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായക ചിത്രം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിന്നീടാണ് തുടര്‍ച്ചയായി ചിത്രങ്ങള്‍ ഉണ്ടായത്. അഞ്ച് സിനിമകള്‍, തിരക്കഥയിലും സംവിധാനത്തിലും ഇരട്ടയായി തുടര്‍ന്നു. പിന്നീട് അശോകന്-താഹ, അനില്‍- ബാബു, റാഫി-മെക്കാര്‍ട്ടിന്‍ ഇങ്ങനെ ഒരുപാട് ഇരട്ടസംവിധായകര്‍ മലയാളസിനിമയില്‍ ഉണ്ടായിട്ടുണ്ട്. ഇന്നും തുടരുന്നുമുണ്ട്.
ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു രീതി ഉണ്ടായിരുന്നു. അതിന്റെ മാക്സിമം പ്രേക്ഷകര്‍ക്ക് ലഭിച്ചതായിരിക്കാം ഞങ്ങളുടെ കൂട്ടുകെട്ട് ഇന്നും പ്രേക്ഷകര്‍ ശ്രദ്ധിച്ചുപോരുന്നത്. ഞങ്ങള്‍ക്ക് ശേഷം വന്നവര്‍ക്കും അവരുടേതായ ഐഡന്റിറ്റി മലയാളസിനിമയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
സിദ്ദിഖ് സിനിമകളിലെ പാത്രസൃഷ്ടി പൂര്‍ണമാണ് അതിനെക്കുറിച്ച്?
മനസ്സില്‍ കഥ ഉണ്ടായാല്‍ ആ കഥയുടെ അന്തരീക്ഷത്തില്‍ സ്വാഭാവികമായി ഉണ്ടായി എന്നുതോന്നിപ്പിക്കുന്ന, എന്നാല്‍ സ്വാഭാവികമായി ഉണ്ടാക്കാതെ ഞാന്‍ എഴുതി സൃഷ്ടിക്കുന്ന കുറെ കഥാപാത്രങ്ങള്‍ എന്നും കരുത്തുറ്റതാക്കാന്‍ ആദ്യമേ ശ്രമിക്കാറുണ്ട്. ആവശ്യമില്ലാത്ത ഒരു കഥാപാത്രവും സിനിമയില്‍ സൃഷ്ടിക്കപ്പെടരുത് എന്ന നിര്‍ബന്ധം എഴുത്തില്‍ത്തന്നെ ഞാന്‍ കണിശമാക്കാറുണ്ട്. അനാവശ്യമായ ഒരു വിഷ്വലും ഒരു ഡയലോഗുപോലും സിനിമയില്‍ ഉണ്ടാകരുത്. അപ്പോഴാണ് സിനിമ ഏകാഗ്രമാവുന്നത്. അങ്ങനെ ആകുമ്പോള്‍ സിനിമയുടെ രസച്ചരട് പൂര്‍ണമായും പ്രേക്ഷകരില്‍ ബന്ധിക്കപ്പെടും. ഇതെല്ലാം എന്റെ എല്ലാ സിനിമികളിലും പൂര്‍ണമായും ഉണ്ട് എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല.
1989 ല്‍ ന്യൂജനറേഷനായിട്ടാണ് സിദ്ദിഖ്-ലാല്‍ എത്തിയത്. എന്നാല്‍ ഇന്നത്തെ ന്യൂജെന്‍ സിനിമാ സാഹചര്യം താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
നമുക്ക് പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ ഏറ്റവും നന്നായി പറയുക എന്നതായിരുന്നു ന്യൂജനറേഷനായി ഞങ്ങള്‍ സിനിമയിലെത്തിയപ്പോള്‍ ആദ്യം ചെയ്തത്. അത് ഒരു പുതിയ രീതി ആയിരുന്നു എന്ന് പിന്നീടാണ് ഞങ്ങള്‍ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഞങ്ങളുടെ ഐഡന്റിറ്റിയായി ആ രീതിയെ സിനിമാ ലോകവും പ്രേക്ഷകരും വിധി എഴുതിക്കഴിഞ്ഞിരുന്നു. അതുവരെ അത്തരമൊരു പുത്തന്‍ ചിന്താഗതിയില്‍ ആരും സിനിമ പറഞ്ഞിട്ടില്ല. ഗൗരവകരമായ കഥ ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന രീതി ഉണ്ടായിരുന്നില്ല.
പിന്നെ ഞങ്ങളുടെ ശൈലി അനുകരിച്ച് കുറേ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും നിലനിന്നിരുന്നില്ല. കാരണം ഞങ്ങളുടെ ശൈലി ഞങ്ങളുടേത് മാത്രമാണെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നു എന്നതുതന്നെ. പിന്നെ റാംജിറാവു ഇറങ്ങുന്ന സമയത്ത് മമ്മൂക്കയുടെയും മോഹന്‍ലാലിന്റെയും പടങ്ങള്‍ മാത്രം വിജയിച്ചിരുന്ന ഒരു സാഹചര്യമായിരുന്നു. മലയാള സിനിമയില്‍ അപ്പോഴാണ് ന്യൂജനറേഷന്‍കാരായ ഞങ്ങള്‍ സായ്കുമാര്-രേഖ തുടങ്ങിയ പുതിയ താരങ്ങളും മുകേഷുമൊക്കെയായി പറഞ്ഞ സിനിമ ഇവിടെ വന്‍ വിജയമായത്. അതിനുമുമ്പ് ”നഖക്ഷതങ്ങള്‍” എന്ന പുതുമുഖ സിനിമ വിജയിച്ചിരുന്നു. അതിനുമുമ്പ് ഫാസില്‍ സാറിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ വിജയം വരിച്ചു.
ഇങ്ങനെ അപൂര്‍വമായി മാത്രം പുതുമുഖ ചിത്രങ്ങള്‍ വിജയിച്ചിരുന്ന കാലത്ത് വ്യത്യസ്തമായി ഇന്നത്തെ ന്യൂജനറേഷന് ചിത്രങ്ങള്‍ വന്‍ വിജയമല്ലെങ്കിലും തുടര്‍ച്ചയായി വിജയം കൈവരിക്കുന്നുണ്ട്. ഇന്നത്തെ ന്യൂജനറേഷന്‍കാരുടെ കഴിവ് ശരിക്കും അഭിനന്ദനമര്‍ഹിക്കുന്നു. ചെറിയ കഥാതന്തു ആണെങ്കിലും അത് പറയുമ്പോഴുള്ള അവരുടെ കഴിവിനെ ഞാന്‍ പൂര്‍ണമായും അഭിനന്ദിക്കുന്നു-അംഗീകരിക്കുന്നു.
ന്യൂജനറേഷന് വായന കുറവാണെന്നും വിശാലവീക്ഷണം തിരക്കഥയില്‍ വരുന്നില്ല എന്നും തോന്നിയിട്ടുണ്ടോ?
ഓരോ കാലഘട്ടത്തിലും പല മാറ്റങ്ങള്‍ സമൂഹത്തില്‍ സംഭവിക്കാറുണ്ട്. അതിന് അക്കാലത്തെ തലമുറയെ പറഞ്ഞിട്ട് കാര്യമില്ല. ഞാനുള്‍പ്പെടെയുള്ള തലമുറയില്‍ പരന്നവായനയും ഞങ്ങളുടെ ജീവിതസാഹചര്യവും ഒരുപാട് അനുഭവങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് കഥകള്‍ ഉണ്ടാക്കി സിനിമയാക്കി എന്നത് അക്കാലത്തെ സിനിമകളുടെ മികവ് തന്നെയാണ്. ഇന്നത്തെ തലമുറയ്ക്ക് അത്രമാത്രം അനുഭവം ഉണ്ടാകാത്തത് അവരുടെ കുറ്റമല്ല. സൂര്യനുദിക്കുന്നത് കിഴക്കുനിന്നാണെങ്കില് ഇവിടെ പലതും സംഭവിക്കുന്നത് പടിഞ്ഞാറുനിന്ന് ഇങ്ങോട്ടാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഉണ്ടായ പലതും കുറച്ചു കഴിഞ്ഞ് ഇവിടെയും സംഭവിക്കുന്നു. നമ്മുടെ കുടുംബബന്ധങ്ങളുടെ തകര്‍ച്ച, അണുകുടുംബ വ്യവസ്ഥിതിയിലേക്കുള്ള ചുരുങ്ങല്‍, ”എനിക്ക് എന്ത് നേട്ടം” എന്ന ചിന്താഗതി ഇതെല്ലാം മുമ്പ് അവിടെ സംഭവിച്ചു.
ഇപ്പോള്‍ ഇവിടെയും സംഭവിക്കുന്നു. നമ്മുടെ സംസ്കാരമനുസരിച്ച് നമ്മള് നമ്മള്‍ക്കുവേണ്ടിയല്ല ജീവിച്ചിരുന്നത്. നമ്മുടെ രക്ഷിതാക്കള്‍ നമുക്കുവേണ്ടി ജീവിച്ചു. എന്നാല്‍ ഇനിയുള്ള തലമുറ അവരുടെ മക്കള്‍ക്കുവേണ്ടി ജീവിക്കുമോ എന്ന് പറയാന്‍ പറ്റില്ല. ഇതിന്റെ ദുരന്തമനുഭവിക്കാന്‍ പോകുന്നത് വൃദ്ധസമൂഹവും കുട്ടികളുമാണ്. അത് നമുക്ക് പാശ്ചാത്യരാജ്യങ്ങളില്‍ കാണാന്‍പറ്റും. ഈ ദുരന്തപൂര്‍ണമായ മാറ്റം നമ്മുടെ സമൂഹത്തില്വന്ന് തുടങ്ങിയ കാലത്താണ് ഇന്നത്തെ ന്യൂജനറേഷന്റെ ആവിര്‍ഭാവം. അവര്‍ക്ക് പഴയ തലമുറയുടെയത്ര ജീവിതാനുഭവമോ വായനയോ ഉണ്ടാകുന്നില്ല എന്നത് സ്വാഭാവികം. അതിനാല്‍ അവര്‍ കഥകള്‍ കണ്ടെത്തുന്നത് വിദേശസിനിമയുടെ ചില സ്വീക്ക്വന്‍സില്‍ നിന്നാണ്.
അത് കോപ്പിയടിയല്ല. അതേസമയം ജീവിതാനുഭവങ്ങള്‍, ഏകാഗ്രമായ വായന ഇവയില്‍നിന്ന് ഇന്‍സ്പെയര്‍ ചെയ്ത സിനിമാക്കഥകളും സിനിമയും ഉണ്ടാക്കിയാല്‍ പഴയകാല സിനിമയുടെ പ്രമേയത്തിനൊപ്പം ന്യൂജനറേഷനും നില്ക്കും. അതിനുള്ള സാഹചര്യം പുതുതലമുറക്ക് ഇല്ലാതാക്കിയത് ”ഞാന്‍ എന്നിലേക്ക്” എന്ന ചുരുങ്ങിപ്പോക്കാണ്. സ്വതന്ത്രമായ ശൈലിയും ചിന്തകളും മലയാളികള്‍ എന്നും സ്വീകരിച്ചിട്ടുണ്ട്. സിനിമ ഇങ്ങനെ മാത്രമേ പറയാവൂ എന്നൊന്നുമില്ല. ഒരുദിവസത്തെ സംഭവവും സിനിമയാക്കി പറയാം. ആ ചിത്രങ്ങള്‍ക്ക് അതിന്റെതായ നിലവാരവും ശക്തിയും ഉണ്ടായിരിക്കാം.
നായിക-പ്രതിനായിക കഥാപാത്രങ്ങള്‍ പുരുഷ കഥാപാത്രങ്ങള്‍ക്ക് തുല്യം നില്ക്കുന്നതായി കാണുന്നു?
സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണു ള്ളത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ പല സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ പുരുഷന്റെ നിഴലായി മാത്രം ഒതുക്കപ്പെട്ടിരിക്കുന്നു. എന്റെ എല്ലാ ചിത്രങ്ങളിലും പുരുഷ കഥാപാത്രത്തോടൊപ്പം സ്ത്രീകഥാപാത്രവും നില്ക്കാന് ശ്രമിച്ചിട്ടുണ്ട്. റാംജിറാവുവില്‍ തൊഴില്‍രഹിതനായ ബാലകൃഷ്ണന്റെ സാമ്പത്തിക ബുദ്ധിമുട്ടും വേദനകളും അത്രതന്നെ റാണി എന്ന സ്ത്രീകഥാപാത്രത്തിനും ഉണ്ട്. തൊഴില്‍രഹിതയായ അവള്‍ക്കും കുടുംബത്തിന്റെ ഉത്തരവാദിത്വം ഭാരിച്ചതായിരുന്നു.
ഇന്‍ഹരിഹര്‍ നഗറിലാണെങ്കില്‍ ഏട്ടന്റെ മരണം അന്വേഷിച്ച് വരുന്ന സഹോദരി മായക്ക് മുഴുനീള പ്രാധാന്യമുണ്ട്. ഗോഡ്ഫാദറില് അഞ്ഞൂറാന് മുതലാളി എന്ന പുരുഷ കഥാപാത്രത്തിന് ഒരു എതിരാളി തന്നെയാണ് അച്ചാമ്മ. ക്രോണിക് ബാച്ചിലറില്‍ മമ്മൂക്കയുടെ കഥാപാത്രത്തിന് തുല്യം ഇന്ദ്രജയുടെ ഭവാനി. ഇതെല്ലാം പുരുഷനു തുല്യമാണ് സ്ത്രീ എന്ന വീക്ഷണത്തില്‍ നിന്നുണ്ടായതാണ്. അതുകൊണ്ട് തന്നെ എന്റെ എല്ലാ ചിത്രങ്ങളും കുടുംബപ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്.
സാഹിത്യാഭിരുചിയോടെ തിരക്കഥ എഴുതിയവരില്‍ എം.ടി.വാസുദേവന്‍നായര്‍, ലോഹിതദാസ് ഇവരിലൂടെ മലയാള സിനിമ യാത്ര ചെയ്തത്?
സത്യസന്ധമായ സമീപനത്തോടുകൂടിയാണ് സിനിമയെ കലാകാരന് സ്വീകരിക്കുന്നതെങ്കില്‍ എത്രകാലം കഴിഞ്ഞാലും അത് അംഗീകരിക്കപ്പെടും. ഭരതന്‍സാര്‍ പത്മരാജന്‍സാര്‍ ഇവരുടെ സിനിമകള്‍ ഇന്നും ചര്‍ച്ചാവിഷയമാകുകയും ശ്രദ്ധേയവുമായി വരുന്നതും അതുകൊണ്ടാണ്. വിഷയവൈരുദ്ധ്യത്തില് പത്മരാജനോളം പോന്ന ഒരു തിരക്കഥാകൃത്ത് മറ്റെവിടെയും ഇല്ല. ഓരോന്നിലും വളരെ വ്യത്യസ്തമായിരുന്നു പത്മരാജന് സാറിന്റെ തിരക്കഥകള്‍.
എംടിയുടേയും ലോഹിയുടെയും സിനിമകള്‍ക്ക് മറ്റ് പല പ്രത്യേകതകളുമുണ്ട്. ചില പ്രത്യേക ഏരിയകളില്‍ ഇവരെ വെല്ലാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സാഹിത്യത്തില്‍ തിളങ്ങിയ അപൂര്‍വം പേര്‍ക്കേ സിനിമ എന്ന സങ്കേതം വഴങ്ങീട്ടുള്ളൂ. അതില്‍ എംടി യുടെ സ്ഥാനം അത്ര വലുതാണ്. അദ്ദേഹം പറയുന്ന കഥകള്‍, അന്തരീക്ഷം അതിന്റെ അടുത്തെത്താന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ലോഹിയുടെ തിരക്കഥയില്‍ സിബി മലയില്‍ ,സത്യന് അന്തിക്കാട്, ഐ.വി.ശശി, ജോഷി ഇങ്ങനെ വ്യത്യസ്ത ശൈലിയിലുള്ള പല സംവിധായകരെല്ലാം സിനിമ ചെയ്തു. എല്ലാം ഒന്നിനൊന്ന് മികച്ചതായി മാറിയത് ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ അസാമാന്യമായ പ്രതിഭാവിലാസവും എഴുതി ഫലിപ്പിക്കുവാനുള്ള ഏകാഗ്രതയുടെ പൂര്ണതയുമാണ്. ശ്രീനിവാസന്റെ തിരക്കഥകള്‍ക്കും സംവിധാനം ചെയ്ത സിനിമകള്‍ക്കും അതിന്റേതായ സ്ഥാനം ചലച്ചിത്ര ലോകത്തുണ്ട്. ശ്രീനിക്ക് സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത സമകാലിക വിഷയം തന്മയത്വത്തോടെ കൊണ്ടുവരാന്‍ സാധിച്ചു എന്നതും മലയാള സിനിമയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുന്നു.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ സിനിമ സംവിധാനം ചെയ്തു. ഇതിനെ എങ്ങനെ വിലയിരുത്തുന്നു.
മലയാള സിനിമയില്‍ തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകള്‍ എന്റേതായി വന്നപ്പോള്‍ തമിഴില്‍നിന്ന് ഒരുപാട് ഓഫറുകള്‍ വന്നു. അപ്പോഴൊന്നും സമയമായിട്ടില്ല എന്ന ചിന്തയായിരുന്നു മനസ്സില്‍. ഏതൊരു മേഖലയേയും കുറിച്ച് പഠിച്ച് കഠിനാദ്ധ്വാനം ചെയ്താല്‍ ദൈവാനുഗ്രഹം ഉണ്ടെങ്കില്‍ വിജയിക്കാന്‍ പറ്റും എന്ന വിശ്വാസക്കാരനാണ് ഞാന്‍. തുടരെത്തുടരെയുള്ള വിജയങ്ങള്‍ എന്നെ ഒരിക്കലും മതിമറന്നുപോകുന്ന അവസ്ഥയില്‍ എത്തിച്ചില്ല.
ക്ഷമയോടെ കാര്യങ്ങള്‍ മനസ്സിലാക്കി മുമ്പോട്ട് പോയാല്‍ മാത്രമേ വിജയം നിലനിര്‍ത്താനാവൂ. മലയാളത്തില്‍ വിജയിച്ച അതേ ഫോര്‍മുല തമിഴില്‍ കൊണ്ടുപോയാല്‍ വിജയിക്കില്ല. അവര്‍ക്ക് അവരുടേതായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ട്. അത് പഠിച്ചെടുക്കാനും നിരീക്ഷിക്കാനും ഒരുപാട് സമയം എടുക്കുന്നു. അങ്ങനെ ”ഫ്രണ്ട്സ്” തമിഴില്‍ വന്‍ വിജയമായി. (ആദ്യ തമിഴ് ചിത്രം). ഒരുപാട് ഹിന്ദി ഓഫറുകള്‍ വന്നെങ്കിലും മലയാളം ബോഡിഗാര്‍ഡ് ഹിന്ദിയില്‍ ചെയ്യാനായിരുന്നു ദൈവം എനിക്കുവേണ്ടി കരുതിവെച്ച ഹിന്ദി ചിത്രം.
സിനിമയില്‍ തിരക്കേറിയപ്പോള്‍ സിദ്ദിഖിന്റെ ജീവിതത്തിലിപ്പോള്‍ സമയം തീരെയില്ലാതായിരിക്കുന്നു. വെറുതെ കളയാന്‍ സമയമില്ലാത്തവിധത്തില്‍ ഈ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ സിദ്ദിഖിനെ മാറ്റിയെടുത്തിരിക്കുന്നു എന്നുപറയുന്നതാവും കൂടുതല്‍ ശരി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: