നാല് വര്‍ഷം മുമ്പാണ് കൃത്യമായി പറഞ്ഞാല്‍ 2010 മാര്‍ച്ച് 21-ലെ ജന്മഭൂമിയുടെ വാരാദ്യപ്പതിപ്പ്. ആ ലക്കം പ്രസിദ്ധപ്പെടുത്തിയ പ്രധാനപ്പെട്ട രചനകളിലൊന്ന് വളയന്‍ചിറങ്ങരയിലെ ഒരു ചുവര്‍ചിത്രകാരനെക്കുറിച്ചായിരുന്നു. ‘വര്‍ണചിത്രങ്ങള്‍ വിരിയിക്കുന്ന വിരലുകള്‍’ എന്ന തലവാചകത്തിലൂടെ രാജേന്ദ്രന് കര്‍ത്തായെന്ന കലാകാരന് കൂറേക്കൂടി ജനങ്ങളിലേക്ക് അറിയപ്പെട്ടു. പക്ഷെ, അതിനും വളരെയേറെ മുമ്പേ മറ്റൊരു കാത്തിരുപ്പിന്റെ പ്രതിജ്ഞയിലായിരുന്നു ഈ കലാകാരന്.
നാളിതുവരെ പേരിനെങ്കിലും ഒരു പുസ്തകംപോലും ഇറങ്ങിയിട്ടില്ലാത്ത കവിയുടെ കാത്തിരിപ്പ്. ഒന്നും രണ്ടുമല്ല നീണ്ട 18വര്‍ഷങ്ങളാണ് ആ കാത്തിരിപ്പിലൂടെ കഴിഞ്ഞുപോയത്. ഇനി ഒരറ്റ കവിതകൂടി… ഏതെങ്കിലും ഒരു ആനുകാലികത്തിലൂടെ, പത്രത്തിലൂടെ അത് വെളിച്ചപ്പെടണം. കാത്തിരിപ്പിന് അതോടെ വിരാമമാകും. ഇക്കഴിഞ്ഞവാരം ഒരു ദിനപത്രത്തില്‍ വന്ന ‘പ്രതി’ എന്ന കവിതയോടെ അച്ചടിക്കപ്പെട്ട കവിതകളുടെ മാത്രം ലിസ്റ്റ് 100-ല്‍ എത്തി നില്ക്കുന്നു.
ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന മലയാളികളുടെ വായനാസമ്പന്നതയുടെ ഓണപ്പതിപ്പുകളില്‍ വേറിട്ട നിലപാടുതറയില്‍ ശ്രദ്ധേയമായ ജന്മഭൂമിയുടെ ഓണപ്പതിപ്പില്‍ ചിത്രകാരനായ ഈ കവിയുണ്ട്. ജേര്‍ണലിസം, ചെളിവാരിയെറിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി കവിതകളൊക്കെ ജന്മഭൂമിയിലെ ഓണപ്പതിപ്പുകളിലൂടെ വെളിച്ചം കാണുമ്പോള്‍ കവിയെന്ന നിലയിലും വലിയ പ്രോത്സാഹനങ്ങള്‍ അവ നേടികൊടുത്തു.
സത്യം മാത്രമേ പറയാവു, മുഴുവന്‍ സത്യവും പറയണമെന്നില്ലല്ലെന്ന പത്രപ്രവര്‍ത്തകരുടെ പ്രതിജ്ഞയെ അങ്ങേയറ്റം പരിഹാസ്യമായി ചോദ്യം ചെയ്യുന്നു ഇതിവൃത്തമായിരുന്നു ജേര്‍ണലിസത്തില്‍ പറഞ്ഞതെങ്കില്‍ പ്രമുഖമായൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നിലവിലുള്ള മൂല്യച്യുതികളെ തുറന്ന്കാട്ടുന്നതായിരുന്നു ചെളിവാരിയെറിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. അതെന്തായാലും 18വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കവിയെന്ന നിലയിലുള്ള റിസല്‍റ്റ് മറ്റൊന്നാണ്.
ഒന്നോ രണ്ടോ സൃഷ്ടികള്‍ ഏതെങ്കിലും ആനുകാലികത്തില്‍ വെളിച്ചപ്പെടുമ്പോഴേക്കും പുസ്തകങ്ങള്‍ പടച്ചിറക്കി സാഹിത്യകാരനായി സ്വയം അവരോധിക്കപ്പെടുന്നവരുടെ പട്ടിക ദിനംതോറും വര്‍ദ്ധിച്ചുവരുന്ന കാഴ്ചകളാണ് കേരളമെമ്പാടും നിലവിലുള്ളത്.
വല്ലതുമൊക്കെ കുറേ എഴുതികൂട്ടി കഥയെന്നോ, കവിതയെന്നോ പേരു നല്കി കൂണുകള്‍പോലെ പൊട്ടിമുളച്ചിട്ടുള്ള ഏതെങ്കിലുമൊരു പ്രസാധകരെ സമീപിച്ച് പറയുന്ന കാശ് കൊടുത്താല്‍ അകത്ത് ഉള്‍ക്കരുത്തില്ലാത്ത, പുറം കാഴ്ചയില്‍ വളരെ മനോഹരമായ ഒരു ‘ഒന്നാംതരം’ പുസ്തകത്തിന്റെ ആയിരമോ പതിനായിരമോ കോപ്പികള്‍ റെഡി. പിന്നെ രാഷ്ട്രീയത്തിലെയോ സാഹിത്യരംഗത്തേയോ ഉന്നതരെ ഉള്‍പ്പെടുത്തി നാടൊട്ടുക്ക് കൊട്ടിഘോഷിച്ച് വിപുലമായൊരു പ്രകാശനചടങ്ങും സംഘടിപ്പിക്കണം. അങ്ങനെ വിശാലമായികിടക്കുന്ന മലയാള സാഹിത്യത്തിന്റെ തിരുമുറ്റത്ത് തങ്ങളും ഒരക്കമായി അവരോധിക്കപ്പെട്ടെന്ന സായൂജ്യം നേടാം.
അച്ചടിക്കപ്പെട്ട രചനകളുടെ എണ്ണം മാത്രം കണക്കാക്കിയാല്‍ തന്നെ ഇതിനകം 25രചനകള്‍ ഉള്‍പ്പെടുത്തി ഭേദപ്പെട്ട നാല് പുസ്തകങ്ങള്‍ വരെ ഇറക്കാമിയിരുന്നിട്ടുകൂടി അതിനുതുനിയാത്ത കവിയുടെ 18 വര്‍ഷങ്ങള്‍ പിന്നിട്ട കാത്തിരിപ്പിന്റെ മൂല്യം കൂറേക്കൂടി ബോദ്ധ്യപ്പെടുന്നത് അത്തരം കാഴ്ചകളില്‍ കൂടിയാണ്.
രാജേന്ദ്രന്റെ ഒരു കവിത ആദ്യമായി അച്ചടിക്കപ്പെട്ടത് 1995ലാണ്. വളയന്‍ചിറങ്ങര വി.എന്‍. കേശവപിള്ള സ്മാരക വായനശാലയുടെ കനകജൂബിലി സ്മരണികയില്‍. അതിന് മുമ്പ് വായനശാലയുടെ തന്നെ കയ്യെഴുത്ത് പ്രസിദ്ധീകരണമായ ‘ആഗ്നേയ’ത്തില്‍ സ്ഥിരം എഴുതുമായിരുന്നെങ്കിലും അച്ചടിക്കപ്പെട്ട ആദ്യ രചനയിലൂടെയാണ് നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങള്‍ ലഭിച്ചത്. ഒരിക്കലും നടക്കാനിടയില്ലാത്ത സ്വപ്നമെന്ന് അക്കാലത്ത് അത്രയേറെ ബോദ്ധ്യമുണ്ടായിരുന്നിട്ടും വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറായി ഒരു പ്രതിജ്ഞയെടുത്തു. ആനുകാലികങ്ങളിലുടെ അച്ചടിച്ചുവരുന്ന 101 രചനകള്‍ ചേര്‍ത്തായിരിക്കണം ആദ്യത്തെ കവിതാസമാഹാരം.
ആകാശവാണിയിലൂടെയും കവിത പുറത്ത് വന്നിട്ടുണ്ട്. ഈയ്യല്, നയതന്ത്രം തുടങ്ങിയ രചനകളൊക്കെ ആകാശവാണി പ്രക്ഷേപണം ചെയ്തവയാണ്.
താനറിയാത്ത, നേരിട്ടൊരിക്കലും കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത നിരവധി ആനുകാലികങ്ങളുടെ പത്രാധിപസമിതികള്‍ കോഴിക്കോടും തിരുവനന്തപുരത്തും കൊച്ചിയിലും മറ്റുമുള്ള ഓഫീസുകളിലിരുന്ന് തപാലിലെത്തുന്ന, ഏതോ ഒരു വ്യക്തിയുടെ രചന ഭേദമെന്ന് തോന്നി തങ്ങളുടെ പ്രസിദ്ധീകരണത്തിലേക്ക് തിരഞ്ഞെടുക്കുന്നു. അങ്ങനെ മറ്റുള്ളവര്‍ തിരഞ്ഞെടുത്ത് വായനക്കാര്‍ക്ക് മുമ്പില്‍ ഇതിനകം തന്നെ അവതരിപ്പിക്കപ്പെട്ട 101 കവിതകളുടെ പുസ്തകരൂപത്തിന് വേറിട്ടൊരു മൂല്യമുണ്ടെന്ന് സ്വയം തിരിച്ചറിയാനാവുന്നുണ്ടെന്നും രാജേന്ദ്രന് പറഞ്ഞു.
കവിതയുടെ വഴിയില്‍ ചില ഭേദപ്പെട്ട അംഗീകാരങ്ങള്‍ ഇതിനകം തന്നെ ഈ യുവപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. 2009ല്‍ എഐടിയുസിയുടെ ദേശീയസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കവിതാമത്സരത്തില്‍ ‘പ്രിന്റിംഗ് തകരാറുമൂലം പ്രസിദ്ധീകരിക്കപ്പെടാതെപോയ ഒരു റിസല്‍ട്ടില്‍ നിന്ന് ‘ എന്ന രചന സമ്മാനര്‍ഹമായി. തിരുവന്തപുരം വിജെടി ഹാളില്‍ അന്നത്തെ കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന് ആ പുസ്തകം സമ്മാനിക്കുമ്പോള്‍ കാക്കനാടന്, സി. രാധാകൃഷ്ണന് തുടങ്ങിയ പ്രമുഖവ്യക്തികളും സന്നിഹിതരായിരുന്നു.
കെപിസിസിയുടെ കലാസാംസ്കാരിക സംഘടനയായ സംസ്കാരസാഹിത്യ അതിന്റെ ആരംഭത്തില്‍ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാന അവാര്‍ഡ് (2008) ലഭിച്ചു. പി. ഗോവിന്ദപ്പിള്ള, പ്രൊഫ. നബീസ ഉമ്മാള്, പ്രൊഫ. എം.കെ. സാനു, സാറാ ജോസഫ്് തുടങ്ങിയ പ്രമുഖര്‍ ഉപദേശകസമിതിയംഗങ്ങളായി ഓറ മാസികയുടെ (Orgin for Radical Action-) 2007ലെ സംസ്ഥാന കവിതാ (ആലപ്പുഴ) അവാര്‍ഡിന് തിരഞ്ഞെടുത്തത് രാജേന്ദ്രനെയാണ്. ആശാന് സ്മാരക സാഹിത്യവേദിയുടെ 2006-ലെ സുവര്‍ണ്ണകേരളം കവിതാ പുരസ്കാരം, കോടനാട് സര്‍ഗവേദിയുടെ 2014-ലെ സംസ്ഥാന കവിതാ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങളും കവിതയെ തേടിച്ചെന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: