മലയാള സിനിമയുടെ തങ്കപ്പതക്കങ്ങളിലൊന്നായ ‘ഭാര്‍ഗവീ നിലയം’ റിലീസ് ചെയ്തിട്ട് 50 വര്‍ഷം തികഞ്ഞു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സിനുവേണ്ടി ടി.കെ.പരീക്കുട്ടിയാണ് ഈ ചിത്രം നിര്‍മിച്ചത്. 1964 നവംബര്‍ 22 ന് ‘ഭാര്‍ഗവീ നിലയം’ കേരളത്തിലെ തിയേറ്ററുകളിലെത്തി. പ്രേംനസീര്‍, മധു, വിജയ നിര്‍മല, പി.ജെ.ആന്റണി, അടൂര്‍ഭാസി, കുതിരവട്ടം പപ്പു, കെടാമംഗലം ആലി, ബേബി ശാന്ത, മാലാ ശാന്ത, പാര്‍വതി, കൃഷ്ണ ഗണേഷ്, കുട്ടന്, കെ.ബി.പിള്ള, നാരായണന് നായര്‍ തുടങ്ങിയവരാണിതില്‍ അഭിനയിച്ചത്.
സ്വസ്ഥമായി സാഹിത്യരചന നടത്തുവാന്‍ വാടകവീട് അന്വേഷിച്ചു നടന്ന ഒരു ചെറുപ്പക്കാരന് (മധു) ലഭിച്ച വസതിയാണ് ഭാര്‍ഗവീനിലയം. വീട് എടുത്തപ്പോള്‍ തന്നെ അത് പ്രേതബാധയുള്ള വീടാണെന്ന് അയാള്‍ അറിയുന്നു. എന്നാല്‍ വീടിന്റെ പഴമയും ഗാംഭീര്യവും അയാള്‍ക്ക് ഹൃദയാവര്‍ജകമായി. ഭയാശങ്കകളില്ലാതെ ആ സാഹിത്യകാരന് അവിടെത്തന്നെ താമസിക്കാന്‍ തീര്‍ച്ചയാക്കി. അന്നുതന്നെ ഒരു പ്രേതത്തിന്റെ അദൃശ്യസാന്നിദ്ധ്യം അയാള്‍ അറിയുന്നു. ഭാര്‍ഗവി (വിജയനിര്‍മല) എന്ന ബിരുദ വിദ്യാര്‍ത്ഥിനി താമസിച്ചിരുന്ന വീടാണതെന്നും നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന അവളെ ശശികുമാര്‍ (പ്രേംനസീര്‍)എന്നൊരു യുവകോമളന് പ്രേമിച്ചിരുന്നുവെന്നും സാഹിത്യകാരന് അറിഞ്ഞു. എങ്കില്‍ അവളുടെ കഥ തന്നെ എഴുതാമെന്ന് അയാള്‍ തീരുമാനിക്കുന്നു. താമസമായപ്പോള്‍ പരിചയക്കാരായ പലരോടും വിവരങ്ങള്‍ ശേഖരിച്ചു. പിന്നെ പ്രേതത്തോടു തന്നെ സഹായം അഭ്യര്‍ത്ഥിക്കുകയാണ്.
ഭാര്‍ഗവിയുടെ അമ്മാവന്റെ മകനായ എംഎന്‍ (പി.ജെ.ആന്റണി)അവളെ വിവാഹം കഴിക്കാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവള് അതിനു വഴങ്ങിയില്ല. ഈ വൈരാഗ്യം നിമിത്തം എംഎന്‍ ഒരുനാള്‍ ട്രെയിനില്‍ യാത്ര ചെയ്ത ശശികുമാറിനെ കൊലപ്പെടുത്തി. ആ വാര്‍ത്തയറിഞ്ഞ ഭാര്‍ഗവി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. പിന്നീട് പകലും പാതിരാവും അവള്, യഥേഷ്ടം ചുറ്റിത്തിരിയുന്ന പ്രേതമായിത്തീര്ന്നെന്നാണ് ജനസംസാരം. ഭാര്‍ഗവിയുടെ കഥ എഴുതുന്നതില്‍ കോപാകുലനായി എംഎന്‍ അവിടെയെത്തി കഥ കൈക്കലാക്കി. സാഹിത്യകാരനുമായി മല്‍പ്പിടിത്തം നടത്തി അയാള്‍, ഭാര്‍ഗവി ആത്മഹത്യ ചെയ്ത അതേ കിണറ്റില്‍ വീണു മരിക്കുകയും സാഹിത്യകാരന് രക്ഷപ്പെടുകയും ചെയ്യുന്നു. ഇതാണ് പ്രമേയം.
ഭാര്‍ഗവീ നിലയത്തിലേക്കുള്ള റിക്ഷാവണ്ടിയിലെ വീട്ടുപകരണങ്ങള്‍ വണ്ടിക്കാര് ഭയവിഹ്വലത കാരണം വഴിയിലാണ് ഇറക്കുന്നത്. പോസ്റ്റുമാനും ശിപായിയും ഹോട്ടല്‍ ജീവനക്കാരനുമൊക്കെ ഭയപ്പാടോടെയാണ് സംസാരിക്കുന്നത്. സാഹിത്യകാരന് കിണറ്റില്‍ കല്ലിടുമ്പോഴുള്ള പ്രതിധ്വനിയും ഭീതികരമാണ്. സിനിമ സാങ്കേതികമായി വികാസം പ്രാപിക്കാത്ത ഒരു കാലഘട്ടമാണ് 1964. മലയാളത്തില്‍ ഒരു വര്‍ണചിത്രം വരുന്നതുതന്നെ 1961 ലാണ് (കണ്ടംബച്ചകോട്ട്). ഇതിവൃത്തം, ഗാനചിത്രീകരണം, അഭിനയം, ശുഭപര്യവസായി അല്ലെങ്കില്‍ ദുഃഖപര്യവസായി എന്നീ തലങ്ങളിലല്ലാതെ ഛായാഗ്രഹണം, ശബ്ദലേഖനം, എഡിറ്റിങ് തുടങ്ങിയവയുടെ കാര്യത്തില്‍ നിഷ്കര്‍ഷ പാലിക്കാന്‍ നിര്‍മാതാക്കള്‍ക്കോ സംവിധാകര്ക്കോ കഴിയുമായിരുന്നില്ല.
അവിടെയാണ് വിന്‍സന്റ് മാഷ് വിജയിച്ചത്. ഭാര്‍ഗവീനിലയത്തിലെ ഓരോ ദൃശ്യവും ഭംഗിയാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മരണദേവന്റെ വാഹനമായ പോത്ത്, താനേ ആടുന്ന ഊഞ്ഞാല്, പറക്കുന്ന കരിയിലകള്‍, കയറിന്റെ കിരുകിരാ സ്വരം, താനെ കത്തുന്ന ചന്ദനത്തിരികള്‍, പാടുന്ന ഗ്രാമഫോണുകള്‍, കടലിന്റെ ശാന്ത-രൗദ്രഭാവങ്ങള്‍ ഇവയുടെ സന്നിവേശനം അത്ഭുതകരമാണ്. ഒന്നാന്തരം ഛായാഗ്രാഹകനായ വിന്‍സന്റ് മാഷിന്റെ നിര്‍ദ്ദേശങ്ങള്‍ ഭാര്‍ഗവീനിലയത്തിന്റെ ക്യാമറാമാന് ഭാസ്കര്‍ റാവു സ്വീകരിച്ചിട്ടുണ്ട്.
‘ഭാര്‍ഗവീ നിലയത്തിലെ ഗാനങ്ങള്‍ എല്ലാം രചനാസമ്പുഷ്ടവും സംഗീതമാധുരിയും ആലാപനസുഭഗതയും കൊണ്ട് ആകര്‍ഷകമായി. കടല്‍ത്തീരത്ത് സാഹിത്യകാരന് നടക്കുമ്പോഴുള്ള ‘ഏകാന്തതയുടെ അപാര തീരം’ എന്ന ഗാനം ഭാവസാന്ദ്രമാണ്. കമുകറ പുരുഷോത്തമനാണ് അത് പാടിയത്. ”പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാന്‍”, ”വാസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവുകണ്ടു”, ”അനുരാഗമധുചഷകം അറിയാതെ മോന്തിവന്ന മധുമാസ ശലഭമല്ലൊ”, ”പൊട്ടാത്ത പൊന്നിന്‍കിനാവുകൊണ്ടൊരു” എന്നീ ഗാനങ്ങള്‍ എസ്.ജാനകിയും ”അറബിക്കടലൊരു മണവാളന് കരയോ നല്ലൊരു മണവാട്ടി” എന്ന ഗാനം യേശുദാസും പി.സുശീലയും ചേര്‍ന്ന് ആലപിച്ചു. യേശുദാസിന്റെ വശ്യസുന്ദരമായ ഗാനമാണ് ”താമസമെന്തേ വരുവാന്‍.” പി.ഭാസ്കരന്റെ കാവ്യസുന്ദരമായ വരികള്‍ക്ക് ബാബുരാജ് ഈണം പകര്‍ന്നു.
‘ഭാര്‍ഗവീ നിലയ’ത്തിന്റെ സ്ക്രീന്‍പ്ലേ വൈക്കം മുഹമ്മദ് ബഷീറായിരുന്നുവെങ്കിലും അതിന്റെ എഡിറ്റിങ്ങും ഉത്തരവാദിത്തവും വിന്‍സന്റ് മാഷിന് തന്നെയായിരുന്നു. ഭാര്‍ഗവിയും ശശികുമാറും തമ്മില്‍ ഒരു മതിലിന് അപ്പുറവും ഇപ്പറവുമായുള്ള സംഭാഷണം പോലെ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘മതിലുകളി’ലുമുണ്ട്. മതിലുകളില്‍ അദൃശ്യരൂപിണിയായ കെ.പി.എ.സി.ലളിതയും മമ്മൂട്ടിയുമാണ് മതിലിനപ്പുറവും ഇപ്പറവുമായി സംഭാഷണം ചെയ്യുന്നത്.
വിന്‍സന്റ് മാഷ്- ”ഇത് തികച്ചും യാദൃച്ഛികം എന്നുപറയാന്‍ വയ്യ. കഥ രണ്ടും ബഷീറിന്റേതാണ്. എങ്കിലും ദൃശ്യത്തിന്റെ സാമ്യം സംശയാസ്പദമല്ലേ?”
വിന്‍സന്റ് മാഷ് തര്‍ക്കിക്കാനോ വ്യാഖ്യാനിക്കാനോ ഇല്ല. ഒരു സങ്കല്‍പ്പത്തിന്റെ ആഖ്യാനം അതിഭാവുകത്വത്തില്‍ ആവിഷ്കരിക്കാതെ തികച്ചും സ്വാഭാവികതയോടെ ജീവിതഗന്ധിയായി ചിത്രീകരിക്കുകയാണ് വിന്‍സന്റ് ചെയ്തത്. പ്രേതസാന്നിദ്ധ്യം ഒരു ഭാവനയോ മിഥ്യയോ യാഥാര്‍ത്ഥ്യമോ എന്ന് മതിഭ്രമമുള്ള ആധുനികയുഗത്തിലും ഇതുപോലെ ഒരു കഥയ്ക്ക് പ്രസക്തിയുണ്ട്.
ആദ്യ സംവിധാനമാകയാല്‍ ഓരോ സീനും വളരെ ശ്രദ്ധയോടെയാണ് എടുത്തത്. എസ്.കൊന്നനാട്ട് കലാസംവിധാനവും ജി.വെങ്കിട്ടരാമന് ചിത്ര സംയോജനവും ഗംഗാധരന് ചമയവും വി.ശിവറാമും എം.പി.രാമചന്ദ്രനും ശബ്ദലേഖനവും നിര്‍വഹിച്ചു. പ്രൊഡക്ഷന്‍ മാനേജര്‍ പി.എ.ബക്കറും എക്സിക്യൂട്ടീവ് ആര്.എസ്.പ്രഭുവുമായിരുന്നു. വാഹിനിസ്റ്റുഡിയോയിലും വിജയാലാബറട്ടറിയിലുമായിരുന്നു ഷൂട്ടിങ്ങും പ്രോസസിങ്ങും. ആദ്യത്തെ ‘പ്രേത സിനിമ’ എന്ന നിലയ്ക്ക് ‘ഭാര്‍ഗവീ നിലയ’ത്തിന് നല്ല സ്വീകരണവും പ്രതികരണവും ലഭിച്ചു.
പില്ക്കാലത്ത് ആള്‍പ്പാര്‍പ്പില്ലാത്ത പല വീടുകള്‍ക്കും ‘ഭാര്‍ഗവീ നിലയം’ എന്ന പേര് കൈവന്നു.
1947 ലാണ് വിന്‍സന്റ് മാഷ് മദ്രാസിലെ ജെമിനി സ്റ്റുഡിയോയില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവേശിക്കുന്നത്. തമ്പു എന്നയാളായിരുന്നു മുഖ്യന്. 1948 ലാണ് ഹിന്ദിയുടെ തമിഴ് റീമേക്കായ ചന്ദ്രലേഖ വരുന്നത്. മലയാളത്തിലെ ആദ്യ ഛായാഗ്രഹണം ‘നീലക്കുയില്‍’ ഹൈദരാബാദില്‍ രാമോജിറാവുവിന്റെ ഫിലിംസിറ്റിയില്‍ 2002 വരെയുണ്ടായിരുന്നു. അവസാനം ചെയ്ത പടം ‘കൊച്ചുതെമ്മാടി’യാണ്.
പുതിയ സമീപനങ്ങളോടും കാഴ്ചപ്പാടുകളോടും വിന്‍സന്റ് മാഷിന് പ്രതിഷേധമോ വിരോധമോ ഇല്ല. ”ചിലതൊക്കെ നന്നായി തോന്നുണ്ട്. സംഘടനകള്‍ തമ്മിലുള്ള മാത്സര്യവും ആരാധനയും ഇന്നത്തെപ്പോലെ അന്നില്ലായിരുന്നു. അന്ന് ആസ്വാദനവും വിമര്‍ശനവുമുണ്ട്. ഇന്ന് വിമര്‍ശിക്കുന്നത് ഗൗരവബുദ്ധിയോടെ കാണുന്നില്ല. ചില പിന്നാമ്പുറങ്ങള്‍ കാണുമ്പോള്‍ ഞങ്ങള്‍ സഹിച്ച യാതനകളും വേദനകളും ഓര്‍ത്തുപോവും.”
ഇനി ഒരങ്കത്തിന് ബാല്യമില്ലെന്നാണ് വിന്‍സന്റ് മാഷിന്റെ അഭിപ്രായം. 1958 ഏപ്രില്‍ 28 നായിരുന്നു അലോഷ്യസ് വിന്‍സന്റിന്റെ വിവാഹം. മാഗി എന്ന ഓമനപ്പേരുള്ള മാര്‍ഗരറ്റാണ് സഹധര്‍മിണി. ചേറ്റ്പെറ്റിലെ അല്സാകോര്ട്ടിലാണ് താമസം. രണ്ടാണ്മക്കളും രണ്ടു പെണ്മക്കളും. ജയാനന്‍, അജയന്, സുമിത്ര, സ്നേഹലത എന്നിവരാണ് മക്കള്‍. ഷീബ, കൃഷ്ണപ്രിയ, ഡിസൂസ, സാബു എന്നവര്‍ മരുമക്കളും. സിനിമാനുഭവങ്ങള്‍ എഴുതണമെന്ന അഭിലാഷത്തിലാണ് വിന്‍സന്റ് മാഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: