സ്നേഹത്തിന് നിറമുണ്ടോ? മണമുണ്ടോ? ഇല്ലെന്നു പറയുന്നവര്‍ക്കും ഉണ്ടെന്നു പറയുന്നവര്‍ക്കും അവരുടെതായ ന്യായീകരണങ്ങളുണ്ട്. പ്രപഞ്ചത്തിന്റെ ഓരോ തുടിപ്പിലും സ്നേഹത്തിന്റെ പൂമ്പാറ്റകളെ കാണാം. വര്‍ണമനോഹരമായ ചിറകുകള് വീശി അവ ആരെയാണ് ആകര്ഷിക്കാത്തത്? അതുകൊണ്ട് അവര്‍ക്കെന്താണ് നേട്ടം? നേട്ടത്തിനു വേണ്ടി, സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മൃഗീയാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തിന് സ്നേഹത്തിന്റെ വഴികാട്ടിക്കൊടുക്കുന്നത്, സ്നേഹത്തിന്റെ ശക്തിമനസ്സിലാക്കിച്ചുകൊടുക്കുന്നത് തനി പാവങ്ങളാണ്.
ആഡംബരത്തിന്റെ, ആഭിജാത്യത്തിന്റെ, പ്രൗഢിയുടെ ദന്തഗോപുരവാസികളുടെ അടുത്ത് സ്നേഹത്തിന് വിലയുണ്ടോ എന്ന് ചോദിച്ചാല്‍ മറുപടിക്ക് ഇത്തിരി സമയമെടുക്കും. കണ്ണുകൊണ്ട് കാണാനാവാത്തതും കാതുകൊണ്ട് കേള്‍ക്കാനാവാത്തതും സ്നേഹത്തിന് കാണാനും കേള്ക്കാനുമാവുമെന്ന്് ഒരു ദാര്ശനികന് പറഞ്ഞത് നാം നേരത്തെ പരിചിന്തനം ചെയ്തിരുന്നു. ഇനി ഇത്തവണത്തെ ചോദ്യം ഇതാണ്. സ്നേഹത്തെ എങ്ങനെ കാണാം?
ഇതിന്റെ ഉത്തരത്തിനായി മാതൃഭൂമി (ഡിസം.02) യിലേക്കൊന്നു പോയാലോ.
പാറുഅമ്മ ജീവിക്കുന്നു, സമീറയുടെ സ്നേഹത്തണലില്‍ എന്ന സ്വന്തം ലേഖകന്റെതായിവന്ന വാര്‍ത്തയില്‍ നിങ്ങള്‍ക്ക് സ്നേഹത്തെ കാണാം. ആരോരും തുണയില്ലാത്ത, വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ 75കാരിയെ തന്നാലാവും വിധം പരിചരിക്കുന്നു സമീറയെന്ന നാല് പെണ്‍കുട്ടികളുടെ അമ്മയായ തനി സാധാരണക്കാരി. സ്നേഹത്തിന്റെ നിറവും മണവും ശുദ്ധിയും ഈ ജീവിതങ്ങളില്‍ നിന്ന് നമുക്കു കണ്ടുപഠിക്കാം.
വാര്‍ത്തയിലേക്ക്: സദാചാരത്തിന്റെ മതം ചോദിച്ചാല്‍ പാറുവമ്മയ്ക്ക് ആരുമല്ല, സമീറയെന്ന യുവതി. ഹിന്ദുവായ ഈ വയോധിക സമീറയ്ക്കും ആരുമല്ല. സ്നേഹം മാത്രം മതമായി കാണുന്ന ഇവര്‍ക്കിടയില്‍ ആത്മബന്ധത്തിന്റെ നൂലിഴകളാണ് ഇഴപിരിഞ്ഞുകിടക്കുന്നത്. ഇത്തരം നൂലിഴകള്‍ ബോധപൂര്‍വം പൊട്ടിക്കാന്‍ ന്യായീകരണങ്ങള്‍ തേടി നടക്കുന്നവരുടെ ആര്‍ത്തട്ടഹാസങ്ങള്‍ക്കിടയില്‍ ദൈവത്തിന്റെ പതിഞ്ഞ സ്വരം സമീറയും പാറുവമ്മയും കേള്‍ക്കുന്നുണ്ടാവില്ലേ? നമുക്ക് അതൊന്ന് കേള്‍ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്?
പെയിന്റിംഗ് തൊഴിലാളിയായ സമീറയുടെ ഭര്‍ത്താവ് അഷ്റഫ് ഗള്‍ഫില്‍ പോയെങ്കിലും ഒന്നും നേടാനാവാതെ നീതാഖത്തില് കുടുങ്ങി തിരിച്ചുപോന്നു.
തങ്ങളുടെ പ്രാരബ്ധങ്ങള്‍ക്കിടയിലും ഈ അമ്മയെ പൊന്നുപോലെ നോക്കാന്‍ സമീറ – അഷ്റഫ് ദമ്പതികളും അവരുടെ മക്കളും തയാറാവുന്നു. ആരുടെയും പ്രേരണയില്ലാതെ, പ്രലോഭനങ്ങളില്ലാതെ. സര്‍ക്കാരില്‍ നിന്ന് വല്ലപ്പോഴും കിട്ടുന്ന വാര്‍ധക്യ പെന്‍ഷനാണ് പാറുഅമ്മയുടെ സമ്പാദ്യം. അതുകൊണ്ടു തന്നെ ദാരിദ്ര്യരേഖയ്ക്കു മുകളിലാണവര്‍. ബിപിഎല്‍ കാര്‍ഡ് അന്യം. രണ്ടു തവണ ഹൃദ്രോഗബാധയുണ്ടായി. വൃദ്ധരായ മാതാപിതാക്കള്‍, തങ്ങളുടെ സ്വകാര്യതയ്ക്ക് അലോസരമാവുമെന്നതിനാല് റോഡിനോരത്തും ക്ഷേത്രനടയിലും കൊണ്ടുപയി തള്ളുന്ന ഈ കംപ്യൂട്ടര്‍ യുഗത്തില്‍ വയനാട്ടിലെ പടിഞ്ഞാറത്തറയിലുള്ള സമീറ-അഷ്റഫ് ദമ്പതികളെ നമുക്ക് ദൈവത്തിന്റെ കൂട്ടുകാര്‍ എന്നെങ്കിലും വിളിച്ചുകൂടേ? ഇല്ലെങ്കില്‍ മനുഷ്യരായിങ്ങനെ നടന്നിട്ട് കിം ഫലം?
സ്നേഹത്തിന് ഒരുപാട് ശാഖോപശാഖകളുണ്ട്. ഓരോ തലത്തില്‍ അത് അതിന്റെ കരുത്തും കരുണയും പ്രാഗത്ഭ്യവും മമതയും കാണിക്കും. അങ്ങനെയുള്ള രണ്ട് സംഗതികളിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നത്. ഇത്തരം ഒരുപാട് സംഭവങ്ങള്‍ ഉണ്ടാവാം. അത് പക്ഷേ, ജനങ്ങള്‍ അറിയുന്നില്ല; ചര്‍ച്ച ചെയ്യുന്നില്ല. ബാര്‍, സോളാര്‍, പീഡനപര്‍വങ്ങള്‍ അങ്ങനെയല്ലല്ലോ. കുളിര് വിറ്റ് കുളിര് നേടാനുള്ള ആവേശമല്ലേ എല്ലായിടത്തും.
നാടോടികളെ കണ്ടാല്‍ ഓടിച്ചിട്ടടിക്കുക എന്നതാണല്ലോ നാട്ടു നടപ്പ്. എന്നാല്‍ തങ്കപ്പെട്ട മനസ്സിന്റെ ഉടമകളും അതിലുണ്ടെന്ന്് അറിയുന്നത് എത്ര ആഹ്ലാദകരമാണ്. ഈ തമിഴ് മനസ്സിന് പത്തരമാറ്റ് എന്ന തലക്കെട്ടില്‍ നവം. 29ന് മലയാള മനോരമയില്‍ മുന്‍പേജില്‍ (കോഴിക്കോട് പതിപ്പ്) ഒരു വാര്‍ത്ത. ഒരു പാവം നാടോടി സ്ത്രീ വീടുകളില്‍ നിന്ന് പഴയ സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോയി വിറ്റാണ് ജീവിതം തള്ളിനീക്കുന്നത്.
ഒരു ദിവസം പഴയ വസ്ത്രങ്ങള്‍ക്കൊപ്പം ലഭിച്ച ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് അഞ്ചരപവന്‍ വരുന്ന മാല കിട്ടി. പത്തുറുപ്പിക തികച്ചെടുക്കാനില്ലാത്ത രശ്മിയെന്ന 24കാരിക്ക് കണ്ണ് മഞ്ഞളിച്ചില്ല. അവര്‍ക്ക് ഉടമയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും മാല വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഇതിനിടെ മാല നഷ്ടപ്പെട്ട വീട്ടമ്മ നാടോടികള്‍ താമസിക്കുന്നിടത്തെല്ലാം അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയപ്പോള്‍ അവരെ അമ്പരപ്പിച്ചുകൊണ്ട് അതാ സ്വര്‍ണ്ണമാല പോലീസ് സ്റ്റേഷനില്‍. എസ്. ഐ യുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ അത് വീട്ടമ്മയ്ക്ക് കൈമാറി.ആ സംഭവത്തിന്റെ മാറ്റിന് ഒട്ടും കുറവു വരുത്താതെ മനോരമ ആയത് ഒന്നാം പുറത്തില്‍ തന്നെ കൊടുത്തു.
രണ്ടാമത്തെ സംഭവവും വാടാനപ്പള്ളി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ത്തന്നെ നടന്നതാണ്. ഒരു ലക്ഷം രൂപയും ലക്ഷങ്ങളുടെ സ്ഥിര നിക്ഷേപ രേഖകളുമടങ്ങിയ ബാഗ് റോഡരികില്‍ നിന്ന് കിട്ടയപ്പോള്‍ ആഹ്ലാദമല്ല, അത് നഷ്ടപ്പെട്ടയാളുടെ മനോവേദനയാണ് നിര്‍മാണ തൊഴിലാളിയായ വാക്കാട്ടില്‍ ധനോജിനെ അസ്വസ്ഥനാക്കിയത്. വാടാനപ്പള്ളിയിലെ പച്ചക്കറി വ്യാപാരി പള്ളിയകായില്‍ ഹമീദിന്റെതായിരുന്നു പണം. ഭാര്യയെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ തിരക്കിലാണ് ബാഗ് നഷ്ടമായത്. ബാഗും രേഖകളും ധനോജ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് ഉടമസ്ഥന് അതു കൈമാറുകയും ചെയ്തു. നന്മയുടെ വഴിയില്‍ സ്നേഹത്തിന്റെ പ്രകാശമോ സ്നേഹത്തിന്റെ വഴിയില്‍ നന്മയുടെ പ്രകാശമോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇഴപിരിയാതെയിരിക്കുന്നു സംഭവഗതികള്‍.
സ്നേഹം, സൗഹാര്‍ദ്ദം, കാരുണ്യം, ദയ ഇത്യാദിയൊന്നും തങ്ങളുടെ നിഘണ്ടുവില്‍ ഇല്ലാത്തതിനാല്‍ അവ ഉപ്പാണോ മുളകാണോ എന്ന് അറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ക്ക് ആയിട്ടില്ല. പേശീബലംകൊണ്ട് എന്തും നേടാം എന്ന് കരുതുന്ന പാര്‍ട്ടികളില്‍ ഒന്നാണല്ലോ സിപിഎം. എന്നാല്‍ അത്യാവശ്യം വകതിരിവുള്ള നേതാക്കള്‍ അവരിലുണ്ട്. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അതിലൊരാളാണ്. മനുഷ്യത്വമില്ലാതെ എന്ത് കമ്യൂണിസം എന്ന് അദ്ദേഹം ചോദിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയാറായ ഒരു പ്രധാനമന്ത്രി തന്റെ സംസ്ഥാനത്ത് വരുമ്പോള്‍ മാന്യമായ രീതിയില്‍ വരവേല്‍ക്കാനും മന്ത്രി സഭാംഗങ്ങള്‍ക്കൊപ്പം അദ്ദേഹവുമായി സംസാരിക്കാനും തയാറായി മണിക് സര്‍ക്കാര്‍.
അസഹിഷ്ണുത മാത്രം ജീവവായുവായി കരുതുന്ന മൂത്ത നേതാക്കള്‍ക്ക് ഇത് സഹിക്കുമോ? അവരെ തൃപ്തിപ്പെടുത്താന്‍ നേരൂഹന്‍ പത്രത്തില്‍ അവരൊരു വാര്‍ത്ത കൊടുത്തു, വലുതായിത്തന്നെ. തീവ്രവാദി ആക്രമണങ്ങള്‍ നേരിടുന്നതു സംബന്ധിച്ച് ഉപദേശം തേടാനാണ് നരേന്ദ്രമോദി ത്രിപുരയില്‍ പോയതെന്ന് ! 2014 ലെ ഏറ്റവും മികച്ച തമാശയ്ക്കുള്ള പുരസ്കാരം നേരൂഹന്‍ പത്രാധിപര്‍ക്ക് നല്‍കണോ, പത്രാധിപരെ നിയന്ത്രിക്കുന്ന നേതാക്കള്‍ക്ക് നല്‍കണോ എന്നതു സംബന്ധിച്ച് നമുക്കൊരു ചര്‍ച്ച സംഘടിപ്പിച്ചാലോ?
ലോകം വെട്ടിപ്പിടിച്ചുവെന്ന് അഹങ്കരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തി തന്റെ അന്ത്യത്തിന് തൊട്ടുമുമ്പ് വിശ്വസ്തരായ പരിചാരകന്മാരോട് ഇങ്ങനെ പറഞ്ഞത്രെ. എന്നെ സംസ്കരിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഇരു കൈയും മലര്‍ത്തിയിടണം. ലോകം വെട്ടിപ്പിടിച്ചയാള്‍ വെറുംകൈയോടെ മടങ്ങുന്നത് ജനങ്ങള്‍ കണ്ടറിയട്ടെ. ആ വാക്കിന്റെ ഉള്ളിന്റെ ഉള്ളിലെ സത്യം നെഞ്ചേറ്റാന്‍ തയാറായാല്‍ ഭൂമിയില്‍ ദൈവത്തിന്റെ കൈയ്യൊപ്പുകളേ ഉണ്ടാവൂ. നടക്കാത്ത എത്ര മനോഹരമായ സ്വപ്നം എന്നാണോ നിങ്ങള്‍ ആലോചിക്കുന്നത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: