അതത് കാലത്ത് നടന്ന സംഭവങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്വഭാവം പലര്‍ക്കും ഉണ്ടായിരുന്നു. ചിലരത് ദിനസരിക്കുറിപ്പുകളായി സൂക്ഷിക്കുന്നു. അത്തരം ഡയറിക്കുറിപ്പുകള്‍ കാലാന്തരത്തില്‍ അതിപ്രാധാന്യമുള്ള ചരിത്രരേഖകളായി തീരുന്നുണ്ട്.
അത് എഴുതിയ ആളുടെ മനോഭാവത്തെയും എഴുതപ്പെട്ട കാര്യത്തിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നു. എന്റെ അച്ഛനും മുത്തച്ഛനും എഴുതിയ ഡയറികള്‍ വായിക്കാന്‍ ഇടയായിട്ടുണ്ട്.
പല പല പഴയ കാര്യങ്ങളും അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. മന്നത്തു പത്മനാഭന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ അദ്ദേഹത്തിന്റെ ഏതാനും വര്‍ഷങ്ങളിലെ വിവരങ്ങള്‍ ലഭ്യമാണ്. ഹിന്ദു മഹാമണ്ഡലക്കാലത്ത് ഡോ. ശ്യാ മപ്രസാദ് മുഖര്‍ജി, പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി ചെയര്മാന് എന്ന നിലയ്ക്ക് തിരുവനന്തപുരത്ത് വന്നപ്പോള്‍ താനും ആര്. ശങ്കറുമൊരുമിച്ച് റസിഡന്‍സി ബംഗ്ലാവില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ഒരു മണിക്കൂര്‍ സംഭാഷണം നടത്തിയെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. ഡോ. മുഖര്‍ജി കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവച്ച ശേഷം പുതിയ രാഷ്ട്രീയസഖ്യം രൂപീകരിക്കുന്നതിന് ശ്രമിക്കുന്ന അവസരമായിരുന്നു അത്.
മന്നശങ്കരന്മാരാകട്ടെ തിരു-കൊച്ചിയിലെ കോണ്‍ഗ്രസില്‍ ക്രിസ്ത്യന്‍ ശക്തികളുടെ നീരാളിപ്പിടുത്തത്തില്‍ പ്രതിഷേധിച്ച് ഹൈന്ദവ ഐക്യത്തിന്റെ കാഹളം വിളിച്ചോതി ഹിന്ദു മഹാമണ്ഡലം സംഘടിപ്പിച്ചു. മണ്ഡലത്തിന്റെ രാഷ്ട്രീയമുഖമായി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്ന സംഘടനയും അവര്‍ ഉണ്ടാക്കി. ദേശീയതലത്തില്‍ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് ഡോ. മുഖര്‍ജി ഉദ്യമിക്കുകയായിരുന്നു. ലോക്സഭയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട മുന്നണിയില്‍ തിരുവനന്തപുരം എം.പി. ആനിമസ്ക്രീനും ചേര്‍ന്നു. റസിഡന്‍സി കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ എന്തെന്നറിയില്ല.
ബോംബെയില്‍ ആയിടെ ചേര്‍ന്ന ജനസംഘത്തിന്റെ ഒരു ദേശീയ സമ്മേളനത്തില്‍ നിരീക്ഷകനായി ആര്. ശങ്കര്‍ ചെന്നിരുന്നതായി അറിയാമെന്നു മാത്രം. പിന്നീട് ജനസംഘത്തിന്റെ പ്രവര്‍ത്തനം സ്റ്റേറ്റില്‍ ആരംഭിക്കാന്‍ മൂന്നു വര്‍ഷങ്ങള്‍ കൂടി വേണ്ടിവന്നു.
മന്നത്തു പത്മനാഭന്റെ ഡയറിക്കുറിപ്പുകളില്‍ ശ്രീ ഗുരുജിയുമൊത്ത് എറണാകുളത്ത് മുതിര്‍ന്ന സ്വയംസേവകന് അനന്തപ്രഭുവിന്റെ വീട്ടില്‍ താമസിച്ചതും, ടി.ഡി.എം. ഹാളിലും ദര്‍ബാര്‍ ഹാള്‍ മൈതാനത്തും സ്വയംസേവകരോട് സംസാരിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്.
പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ നിധന(മരണം)ത്തിന് ശേഷം അദ്ദേഹം കേരളത്തില്‍ ബന്ധപ്പെട്ട ആളുകളും താമസിച്ച ഗൃഹങ്ങളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി അയയ്ക്കാന്‍ ശ്രീ നാനാജി ദേശ്മുഖ് നിര്‍ദ്ദേശിച്ചതനുസരിച്ച് പലരേയും കണ്ടിരുന്നു. പാലക്കാട് ഹരിയേട്ടനുമൊരുമിച്ച് മുന്‍ജനസംഘം സംസ്ഥാന അദ്ധ്യക്ഷന്‍ ക്യാപ്റ്റന്‍ ബാലകൃഷ്ണമേനോനെ കാണാന്‍ പോയി.
മേനോന് ദീനദയാല്‍ജിയുടെ ആതിഥേയനായിരുന്നു. ദീനദയാല്ജിയുമൊത്ത് യാത്ര ചെയ്തതും തന്റെ വീട്ടില്‍ താമസിച്ചതുമെല്ലാം അതിമനോഹരമായ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയത് കൊണ്ടുവന്നുവായിച്ച് കേള്‍പ്പിച്ചു. ശ്രീഗുരുജി, ജഗന്നാഥറാവുജോഷി തുടങ്ങിയവരുടെ കാര്യവും വായിച്ച് കേള്‍പ്പിച്ചു. ദീനദയാല്ജിയെപ്പറ്റി സമഗ്രമായ ഒരു ഗ്രന്ഥം നിര്‍മിക്കാന്‍ പറ്റിയ വിവരങ്ങളെല്ലാം സംസ്ഥാനങ്ങളില്‍ നിന്നുമായി അക്കാലത്ത് ലഭിച്ചിരിക്കണം. അദ്ദേഹത്തിന്റെ ജന്മശതാബ്ദി കാലത്തെങ്കിലും സമഗ്രമായ ഒരു ജീവചരിത്രം ലഭിക്കുമെന്ന് ആശിക്കാം.
കവിശ്രേഷ്ഠരായ കുമാരനാശാന്റെയും കെ.സി. കേശവപിള്ളയുടേയും ഡയറികളും പ്രസിദ്ധങ്ങളാണ്. വിവിധ സാഹിത്യ-സാമൂഹ്യ-രാഷ്ട്രീയ സാമുദായിക പ്രശ്നങ്ങള്‍ അവര്‍ കൈകാര്യം ചെയ്തത് അവയിലൂടെ നമുക്ക് വായിക്കാന്‍ ലഭിക്കുന്നുണ്ട്.
ഇവയില്‍ നിന്നും വ്യത്യസ്തമായ ഒരു കുറിപ്പും ഈയിടെ ഒരിക്കല്‍ക്കൂടി വായിക്കാന്‍ ഇടയായതാണ് ഇത്രയും എഴുതാന്‍ കാരണം. ക്ഷേത്രശക്തി എന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ പ്രസിദ്ധീകരണത്തിലേക്ക് ഒരു ലേഖനം ആവശ്യപ്പെട്ടുകൊണ്ട് പഴയ സുഹൃത്ത് സി.പി. രവീന്ദ്രന് സംസാരിച്ചപ്പോള്‍ എന്തെഴുതണമെന്ന ആശങ്കയിലായി.
നാലു പതിറ്റാണ്ടുകൊണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലും കാല്‍നടയായി ശിവപുരിബാബ എന്ന അദ്ധ്യാത്മ വിഭൂതിയെപ്പറ്റി എഴുതാനാണ് ഉദ്യമിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുന്ദംകുളത്തിനടുത്ത് എവിടെയോ ആയിരുന്നു. ബാബായുടെ പിന്തലമുറക്കാരില്പ്പെട്ട മണ്ണാര്‍ക്കാട്ടെ. ഒ.പി.വി. നമ്പൂതിരിപ്പാട് ജനസംഘത്തിലും പിന്നീട് ബിജെപിയിലും ധാരാളം ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹവും ധര്‍മ്മപത്നിയും ജയില്‍വാസം അനുഭവിച്ചിരുന്നു.
സംസ്കൃതത്തിലും ഇംഗ്ലീഷിലും പാണ്ഡിത്യമുണ്ട്. ഭഗവത്ഗീതയും അദ്ധ്യാത്മ രാമായണവും മലയാളത്തിലേക്ക് വൃത്താനുവൃത്തം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ശിവപുരി ബാബയുടെ ഇംഗ്ലീഷിലുള്ള ജീവചരിത്രവും സംഭാഷണങ്ങളുമടങ്ങുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെ മലയാള വിവര്‍ത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചതും അവയുടെ ഫോട്ടോസ്റ്റാറ്റും കുറേ കയ്യെഴുത്തുകളുടെ ഫയലും ഒപിവി മകന് വശം എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊടുത്തയച്ചിരുന്നു. അവയൊക്കെ അന്ന് വായിച്ചുനോക്കി.
ഈയിടെ കയ്യെഴുത്ത് ഫയല്‍ ശ്രദ്ധിച്ചപ്പോള്‍ ഒപിവിയുടെ അത്ഭുതകരമായ വിവരണങ്ങള്‍ എത്ര വിലപ്പെട്ടതാണെന്ന് തോന്നി. 1973-74 കാലത്ത് നടന്ന ദേശീയവും അന്താരാഷ്ട്രീയവുമായ കാര്യങ്ങള്‍ എഴുതിവച്ചിരിക്കുകയാണ്. അന്നത്തെ പത്രങ്ങളും വാര്ത്താവാരികകളുമാണ് അതിന് അവലംബിച്ചിരിക്കുന്നത്. വെറും ഡയറിക്കുറുപ്പുകള്‍ അല്ല വിശകലനങ്ങളും വിവരണങ്ങളുമാണ് മിക്കവയും. വളരെ ചെറിയ അക്ഷരത്തില്‍ അരപ്പായ കടലാസിന്റെ ഇരുപുറവും നിറച്ച് മുകളിലും താഴെയും മാര്‍ജിന്‍ വിടാതെയാണ് എഴുത്ത്. അവയുടെ ചില മാതൃകകള്‍ ഇവിടെ ചേര്‍ക്കാം. ഇംഗ്ലീഷില്‍ നിന്നും വിവര്‍ത്തനം.
ബ്രഷ്നേവിന്റെ അഞ്ച് ദിവസത്തെ ഭാരത സന്ദര്‍ശനം. സമാധന, സൗഹൃദ, സാമ്പത്തിക കരാര്‍ ഒപ്പുവച്ചു. അദ്ദേഹം രാഷ്ട്രത്തലവന് അല്ലാത്തതിനാല്‍ രാഷ്ട്രപതി ഗിരി സ്വീകരിച്ചില്ല. എന്നാല്‍ 21 ആചാരവെടികള്‍ നല്കി. അത് രാഷ്ട്രത്തലവന്മാരെപ്പോലെയാണ്. പാലം വിമാനത്താവളം മുതല്‍ രാഷ്ട്രപതി ഭവന് വരെ ഇരുവശത്തും അണിനിരത്താന്‍ 5 ലക്ഷം പേരെ ട്രക്കുകളിലും മറ്റുമായി എത്തിക്കാന്‍ പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ 2000 ബസുകളില്‍ ആളിറക്കി. സിപിഐ, ഇന്ദിര കോണ്‍ഗ്രസ് കക്ഷികള്‍ നിയമപ്രകാരം പ്രസ്സിന്റെ പേര് വെയ്ക്കാത്ത 20 തരം ബഹുവര്‍ണ്ണ ചിത്രങ്ങള്‍ അടിച്ച് വിതരണം ചെയ്തു. ഇതൊന്നുമില്ലാതെ എലിസബത്ത് രാജ്ഞിയും യുഎസ് പ്രസിഡന്റ് ഐസന്‍ ഹോവറും വന്നപ്പോള്‍ അതിലും വലിയ ആള്‍ക്കൂട്ടമുണ്ടായി. 1955-ല്‍ ക്രുഷ്ചേവും ബുഹഗാനിനും വന്നപ്പോഴും വന്‍ജനക്കൂട്ടം എത്തി. അങ്ങനെ പോകുന്നു കുറിപ്പുകള്‍.
കേരളത്തെപ്പറ്റിയുള്ള കുറിപ്പ്
പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിഷറീസ് കോര്പ്പറേഷന് 1966-ല്‍ 5 കോടി രൂപ അധികൃത മൂലധനവുമായി രൂപീകരിക്കപ്പെട്ടു. 1966 ജൂണില്‍ ബോട്ട് നിര്‍മാണ ശാലകള്‍, റിപ്പയര്‍ വര്‍ക്ക്ഷാപ്പുകള്‍, ഐസ് പ്ലാന്റുകള്‍, ഫ്രീസിംഗ് പ്ലാന്റുകള്‍, മുതലായ മുന്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു. അഞ്ച് വര്‍ഷം കൊണ്ട് അത് 113 ലക്ഷം രൂപയുടെ നഷ്ടം വരുത്തിവച്ചു. സിഎജി റിപ്പോര്‍ട്ട് പ്രകാരം നഷ്ടം മുടക്കുമുതലിന്റെ 107 ശതമാനമാണ്. താനൂരില്‍ ഏറ്റെടുത്ത 7 ഐസ് പ്ലാന്റുകള്‍ സ്വകാര്യ കമ്പിനിയ്ക്ക് 1969-ല്‍ പാട്ടത്തിന് നല്കി. 5 ഫ്രീസിംഗ് പ്ലാന്റുകളില്‍ നാലും കേടായി. 21 ട്രോളറുകളില്‍ 9 എണ്ണം 1970-ല്‍ പണിയ്ക്ക് കയറ്റി. 200 ശേഷിയുള്ള ബോട്ട് യാര്‍ഡുകളില്‍ ആകെ നിര്‍മ്മിച്ചത് 95 എണ്ണം മാത്രം. സ്വകാര്യ കമ്പനിക്കാര് 53.50 രൂപയ്ക്ക് അറക്കുന്ന ഒരു ഘന മീറ്റര്‍ തടിയ്ക്ക് കോര്പ്പറേഷന് ചെലവ് 257.30 രൂപ.
പെട്രോള്‍ വിലയെപ്പറ്റി;
ഭാരതത്തിലെ പെട്രോള്‍ വില ലോകത്തെ ഏറ്റവും ഉയര്‍ന്നതാണ്. 1955-ല്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഉത്പാദന ചെലവ് 9 പൈസയായിരുന്നു. ഡ്യൂട്ടി 37 പൈസയും. 1973-ലെ വില വര്‍ദ്ധന വരെ അത് 37 പൈസയും 111 പൈസയുമായിരുന്നു. ഇന്ന് (1974-ല്‍) അത് 45 പൈസയും 211 പൈസയുമാണ്. അതിന് പുറമേ ഓരോ സംസ്ഥാനത്തിന്റെയും വില്‍പ്പന നികുതിയും ഉണ്ട്. ഭാരതത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 2.80 രൂപയാണെങ്കില്‍ അമേരിക്കയില്‍ 90 പൈസയും സോവിയറ്റ് യൂണിയനില്‍ 99 പൈസയുമാണ്.
1969-ല്‍ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഇന്ദിരാഗാന്ധി ദേശസാല്ക്കരിച്ചതിനെപ്പറ്റി
14 പ്രമുഖ സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകളെ 19-07-1969-ല്‍ ദേശസാല്‍ക്കരിച്ചപ്പോള്‍ ഈ ദേശസാല്കൃതരംഗം എങ്ങനെ പ്രവര്‍ത്തനം തുടരുമെന്നതിനെപ്പറ്റി ഒരു ബ്ലൂപ്രിന്റ് ഉണ്ടായിരുന്നില്ല. വെറുതെ അങ്ങ് ഏറ്റെടുത്തുവെന്നുമാത്രം. ഒരു വിഭാഗം ബാങ്ക് ജീവനക്കാര്‍ നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സിന്റെ (എന്‍ഒബിഡബ്ല്യു) നേതൃത്വത്തില്‍ സംഘടിച്ചു. പാര്‍ലമെന്റിനോട് നേരിട്ട് ബാധ്യതയുള്ള ഒരു സ്വായത്ത ബാങ്കിംഗ് കോര്പ്പറേഷന് രൂപീകരിക്കുവാനുള്ള രൂപരേഖ തയ്യാറാക്കി സര്‍ക്കാരിന് നല്കി. വില സ്ഥിരത, കറന്‍സി കണ്ട്രോള്, വായ്പാ നിയന്ത്രണത്തിലൂടെ പൂര്‍ണ്ണ തൊഴില്‍ ലഭ്യത എന്നിവയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം.
ലോകത്ത് 150 രാജ്യങ്ങളില്‍ നിലവിലുള്ള 28 തരം ബാങ്കിംഗ് ഘടനയെ പഠിച്ച് ഭാരതത്തിന്റെ സവിശേഷമായ ആവശ്യകതകളെ പരിഗണിച്ചുകൊണ്ടാണ് ഈ രൂപരേഖ തയ്യാറാക്കിയത്. സര്‍ക്കാര്‍ കമ്മറ്റി തയ്യാറാക്കിയ ബാങ്കിംഗ് കമ്മീഷന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരികയോ, സര്‍ക്കാര്‍ അംഗീകരിക്കുകയോ ഉണ്ടായില്ല.
ക്ലാസ് ബാങ്കിംഗിന് പകരം മാസ് ബാങ്കിംഗാണ് ആവശ്യം. റിസര്‍വ്വ് ബാങ്കിലെ വിദഗ്ദ്ധന്മാരടങ്ങുന്ന പാര്‍ലമെന്റിനോട് നേരിട്ട് ബാധ്യതയുള്ള സ്വായത്ത പണകാര്യ അധികരണമാകണം, പൂര്‍ണ്ണമായ തൊഴിലും വില സ്ഥിരതയും ഉയര്‍ന്ന കറന്‍സി, ക്രഡിറ്റ് കണ്ട്രോള് എന്നിവയും ഉറപ്പ് വരുത്തണം.
ഇപ്രകാരം സമകാലീന സംഭവങ്ങളെ രേഖപ്പെടുത്തി, വിശകലനം ചെയ്ത് സ്വാഭിപ്രായം വെളിവാക്കുന്ന ഒപിവിയുടെ ശീലം അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ. ദിനസരിക്കുറിപ്പുകളുടെ വൈവിദ്ധ്യവും തനിമയും തലമുറകള്‍ക്ക് പ്രയോജനകരമാകുമെന്ന് സൂചിപ്പിക്കുകമാത്രം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: