മാള: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ വിജയികള്‍ക്കുളള സ്വര്‍ണകപ്പില്‍ ഇരിങ്ങാലക്കുട ഉപജില്ല മുത്തമിട്ടു. വീറും വാശിയും സൗഹൃദവും നിലനിറുത്തിയ മത്സരത്തില്‍ 863 പോയിന്റുമായാണ് ഇരിങ്ങാലക്കുട കനക കീരിടം ചൂടിയത്.
യു.പി. വിഭാഗം ജനറലില്‍ 139ഉം ഹൈസ്കൂളില്‍ 311ഉം എച്ച്.എസ്.എസില്‍ 413 പോയിന്റുമാണ് ഇരിങ്ങാലക്കുടക്ക് ലഭിച്ചത്. അതിഥേയരായ മാളയെ പിന്നിലാക്കി 780 പോയിന്റോടെ ചാലക്കുടി ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. മാളയ്ക്ക് 758 പോയിന്റാണ്.
അഞ്ചുദിനങ്ങളില്‍ 14 വേദികളിലായി മേളമൊരുക്കിയ കലാപ്രതിഭകള്‍ക്ക് മാളക്കാര്‍ യാത്രമൊഴി നല്‍കിയത് ശുഭാംശസകളുമായാണ്. 285ഓളം അപ്പീലുകളാണ് അഞ്ചു ദിവസമായി അപ്പീല്‍കമ്മിറ്റിക്ക് മുന്നിലെത്തിയത്. തിരുവാതിരക്കളി, നാടോടിനൃത്തം എന്നിവയിലെ വിധിനിര്ണയത്തിലായിരുന്നു പരാതികള്‍ ഏറെയും.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ നടന് കലാഭവന്‍ മണി സ്വര്‍ണകപ്പ് ജേതാക്കള്‍ക്ക് സമ്മാനിച്ചു.സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത നടന് കലാഭവന്‍ മണി വിജയികള്‍ക്ക് സ്വര്‍ണകപ്പ് സമ്മാനിച്ചു. ടി.എന്‍. പ്രതാപന് എം.എല്‍എ. അധ്യക്ഷനായി. കലോത്സവ സ്മരണിക ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍ പ്രകാശനം ചെയ്തു.
യു.പി. വിഭാഗം വിജയികള്‍ക്ക് കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരിയും എച്ച്.എസ്. വിഭാഗത്തിന് ചാലക്കുടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.ഒ. പൈലപ്പനും ട്രോഫികള്‍ വിതരണം ചെയ്തു. കോര്പ്പറേഷന് മേയര്‍ രാജന് ജെ. പല്ലന് മുഖ്യാതിഥിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: