തൃശൂര്‍: ജില്ലാ സ്കൂള്‍ കായികമേളയുടെ രണ്ടാം ദിനം ്രടാക്ക് കയ്യേറി ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍. ഇതോടെ മത്സരങ്ങള്‍ ഉച്ചവരെ മുടങ്ങി. രാവിലെ പത്തോടെ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിലെയും കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റിയിലെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളികളുമായി മത്സരവേദിയായ തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളജിലെ ട്രാക്കില്‍ കുത്തിയിരുന്നത്.
ഉച്ചക്ക് പന്ത്രണ്ടര വരെ തുടര്‍ന്ന പ്രതിഷേധത്തില്‍ 170 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അധ്യാപക തസ്തിക നിര്‍ണയത്തിലൂടെ പുറത്തായവരെ കായിക അധ്യാപകരാക്കി മാറ്റാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നടപടി കായിക വിദ്യാര്‍ഥികളായ തങ്ങളെയും ഭാവിയില്‍ ബാധിക്കുമെന്ന ആശങ്കയാണ് സമരവുമായി രംഗത്തിറങ്ങാന്‍ കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
മൂന്നും നാലും വര്‍ഷം വെയിലും മഴയും കൊണ്ട് ഫിസിക്കല്‍ ട്രെയിനിങ് കോഴ്സ് പഠിച്ച തങ്ങളെയായിരിക്കും ഇത് കൂടുതല്‍ ബാധിക്കുകയെന്ന് വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. ട്രാക്കില്‍ കുത്തിയിരുന്ന് മുദ്രവാക്യം വിളികള്‍ തുടര്‍ന്ന വിദ്യാര്‍ഥികള്‍ മത്സരം നടത്തുന്ന അധ്യാപകര്‍ക്കെതിരെ രൂക്ഷമായ ആക്ഷേപങ്ങളും നടത്തിപ്പിലെ തെറ്റുകളും ചൂണ്ടിക്കാട്ടി.
മത്സരങ്ങള്‍ നടത്തേണ്ടതെങ്ങനെയെന്നുള്ള ഡമോണ്‍സ്ട്രേഷനും അവര്‍ നടത്തി. സമരം നീണ്ടതിനെ തുടര്‍ന്ന് ഡിഡിഇ സി.എ.സന്തോഷ് അറിയച്ചതോടെ രണ്ട് സിവില്‍ പൊലീസുകാരാണ് സമരം നേരിടാന്‍ ആദ്യമെത്തിയത്. എന്നാല്‍ സമരക്കാര്‍ നിലപാട് ശക്തമാക്കിയതോടെ പേരാമംഗലം സിഐ അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് ട്രാക്കില്‍ നിന്നും മാറ്റിയത്. തുടര്‍ന്ന് പ്രതിഷേധക്കാരുമായി ഡിഡിഇ ചര്‍ച്ച നടത്തി.
വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ട്രാക്കില്‍ നിന്നും മാറി. തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഒരാഴ്ചക്കകം തീരുമാനമായില്ലെങ്കില്‍ സംസ്ഥാന സ്കൂള്‍ കായികമേളയിലും സമാനപ്രതിഷേധം നടത്തുമെന്ന് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ പറഞ്ഞു.
ദേശീയ മീറ്റില്‍ തങ്ങള്‍ പരിശീലിപ്പിക്കുന്ന വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ല. ദേശീയ ഗെയിംസിനായി നിശ്ചയിച്ച ഒഫീഷ്യലുകളും ബഹിഷ്കരണം നടത്തുമെന്ന് ഇവര്‍ അറിയിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികള്‍ സംസ്ഥാനാടിസ്ഥാനത്തില്‍ അടുത്തയാഴ്ച സംഘടന രൂപീകരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കി.
കായിക മേളയുടെ രണ്ടാം ദിനം 43 മത്സരങ്ങളാണ് നടക്കേണ്ടിയിരുന്നത്. ഉച്ചതിരിഞ്ഞ് വേഗത്തില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: