കൊടകര: ഭാരതീയ വിദ്യാനികേതന്റെ തൃശ്ശിവപേരൂര്‍ ജില്ലാ കലോത്സവത്തിന് കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ തുടക്കം കുറിച്ചു. പേരാമ്പ്ര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന കലോത്സവത്തിന്റെ ദീപപ്രോജ്വലനം പ്രശസ്ത സീരിയല്‍ നടനും അത്മീയ പ്രഭാഷകനുമായ ഇല്ലിക്കെട്ട് നമ്പൂതിരി നിര്‍വഹിച്ചു.
വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ ടി.എന്‍.രാമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ.ശ്രീധരന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവേകാനന്ദ ട്രസ്റ്റ് രക്ഷാധികാരി പി.എസ്.ശ്രീരാമന്, സേവാഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ജി.പദ്മനാഭസ്വാമി എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് ഭാരവാഹികളായ ടി.സി.സേതുമാധവന്, ഇ.കെ.സുരേഷ്ബാബു, കെ.വിജയന്,ഐ.ആര്.രവീന്ദ്രനാഥ്, എ.ജി.ബാബു, കൃഷ്ണന്‍കുട്ടി, ബിജോയ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ഷീജാ ബാബു സ്വാഗതവും വി.എ. ഷാജു നന്ദിയും പറഞ്ഞു.
കലോത്സവത്തിന് മുന്നോടിയായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്ര സന്നിധിയില്‍ നിന്നാരംഭിച്ച വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ വിവിധ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. ഘോഷയാത്ര കൊടകര പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.സുന്ദരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ട് ദിവസം മുന്‍പ് ജനനിബിഡമായ ഷഷ്ഠി മഹോത്സവം കഴിഞ്ഞ് ആലസ്യത്തിലാണ്ടിരുന്ന കൊടകരയെ അക്ഷരാര്‍ഥത്തില്‍ മറ്റൊരു ഉത്സവ ലഹരിയിലാഴ്ത്തുന്നതായിരുന്നു കലോത്സവ ഘോഷയാത്ര.
പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവപതാകയേന്തിയ ഭാരതമാതാവും തെയ്യം, തിറ, മുടിയേറ്റ്, മയിലാട്ടം, സാമ്പവനൃത്തം, കഥകളി, കുമ്മാട്ടി, പുലികളി തുടങ്ങിയ നാടന്‍ കലാരൂപങ്ങളും പുരാണ കഥാപാത്രങ്ങളുടെയും, ദേശീയ സാംസ്കാരിക നേതാക്കളുടെയും വേഷവിധാനങ്ങള്‍ അണിഞ്ഞ് നൂറു കണക്കിന് കുട്ടികളും അണിനിരന്നപ്പോള്‍ ദേശാഭിമാനപ്രചോദിതവും നയനാനന്ദകരവുമായ ദൃശ്യ വിരുന്നായി മാറി.
ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡണ്ട് ടി.എന്‍.രാമന്, വിവേകാനന്ദ ട്രസ്റ്റ് ഭാരവാഹികളായ പി.എസ്.ശ്രീരാമന്, ടി.സി.സേതുമാധവന്, കെ.ആര്. ദിനേശന്, ഇ.കെ.സുരേഷ് ബാബു, എ.ജി.ബാബു, കെ.വിജയന്, തിലകന് അയ്യഞ്ചിറ, സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ഷീജാ ബാബു, ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ കെ.ആര്. വിജയലക്ഷ്മി തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്കി. ഇതര വിദ്യാലയങ്ങളില്‍ നിന്നെത്തിയ അദ്ധ്യാപകരും ഘോഷയാത്രയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: