പാലക്കാട്: തമിഴ്നാട്ടില്‍ നിന്നും കടത്തിയ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നല്ലേപ്പിള്ളി ഇരട്ടക്കുളം മുത്തന്പറമ്പില് മനോജ്കുമാര്‍(35), ചിറ്റൂര്‍ തെക്കേദേശം കുറ്റിപ്പള്ളം സ്വദേശികളായ യാക്കൂബ്(33), മുഹമ്മദ്ഷമീര്‍(24) എന്നിവരെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിന് മണപ്പുള്ളിക്കാവിന് സമീപത്തുനിന്നാണ് പോലീസ് 520 ലിറ്റര്‍ സ്പിരിറ്റുമായി വന്ന സ്കോര്‍പ്പിയോ കാര്‍ പിടികൂടിയത്. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
ഇന്നലെ അറസ്റ്റിലായവര്‍ അന്ന് സ്പിരിറ്റ് വണ്ടിക്ക് മുന്നില്‍ ആള്‍ട്ടോ കാറില്‍ പൈലറ്റ് വന്നവരാണെന്ന് പോലീസ് പറഞ്ഞു. സ്പിരിറ്റ് കടത്തിയ സ്കോര്‍പിയോ കാറിന്റെ ഉടമ ആലപ്പുഴ സ്വദേശിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ വാഹനം ചാലക്കുടിയിലെ ഒരാള്‍ക്ക് കൈമാറ്റം ചെയ്തിരുന്നു. ഇയാളില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് ചിറ്റൂര്‍ കുറ്റിപ്പള്ളത്തുകാരനായ മുഹമ്മദ് ഷമീര്‍ വാഹനം ഏറ്റെടുത്തു. എല്ലാം കരാര്‍ പ്രകാരമുള്ള കൈമാറ്റങ്ങളാണ് നടന്നതെന്ന് പോലീസ് പറയുന്നു.
ഷമീറിന്റെ പരിചയക്കാരനും സ്പിരിറ്റ് കേസില്‍ മുമ്പ് പ്രതിയായിട്ടുമുള്ള മനോജുമായി ചേര്‍ന്നാണ് തമിഴ്നാട്ടില്‍ പോയി കാറില്‍ 15 കന്നാസുകളുമായി സ്പിരിറ്റ് കൊണ്ടുവരാന്‍ പദ്ധതിയിട്ടത്. കൊല്ലത്തേക്കാണ് സ്പിരിറ്റ് എത്തിക്കേണ്ടിയിരുന്നത്. പൈലറ്റ് പോയ ആള്‍ട്ടോ കാറില്‍ യാക്കൂബും ഷമീറും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊഴിഞ്ഞാമ്പാറ സ്വദേശി ഹരിദാസാണ് സ്പിരിറ്റ് കയറ്റിയ സ്കോര്‍പിയോ കാര്‍ ഓടിച്ചിരുന്നത്. മനോജും ഈ വാഹനത്തില്‍ ഉണ്ടായിരുന്നു.
കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ഡിവൈ.എസ്.പി പി.ഡി. ശശി, സൗത്ത് സി.ഐ സി.ആര്. പ്രമോദ്, ജി.എസ്.ഐ വിജയന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ സി.എസ്. സാജിദ്, ഗിരീഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: