പാലക്കാട്: നഗരഹൃദയത്തിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. രണ്ടുകിലോ സ്വര്‍ണം നഷ്ടപ്പെട്ടതായി ഉടമ പോലീസില്‍ പരാതി നല്കി. ജി.ബി. റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭീമാസ് ജ്വല്ലറിയിലാണ് ചുമര് തുരന്ന് വന്‍കവര്‍ച്ച നടത്തിയത്.
ഇന്നലെ രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ബുധനാഴ്ച വ്യാപാരികളുടെ കടയടപ്പ് സമരമായതിനാല്‍ ചൊവ്വാഴ്ച വൈകീട്ട് പൂട്ടിപോയതിനുശേഷം ജ്വല്ലറി വ്യാഴാഴ്ച രാവിലെയാണ് തുറന്നത്.
ജ്വല്ലറിയോട് ചേര്‍ന്നുള്ള കുട വില്‍ക്കുന്ന കടയുടെ ഓട് പൊളിച്ചിറങ്ങി അവിടെ നിന്നും ചുമര് തുരന്നാണ് ജ്വല്ലറിയില്‍ കടന്നിരിക്കുന്നത്. ജ്വല്ലറിയിലെ ചെറിയ മുറിയിലുള്ള ഗോദറേജ് അലമാര പൊളിച്ചാണ് അതില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നിട്ടുള്ളത്. ജ്വല്ലറിയില്‍ രണ്ടു കാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇവ രണ്ടും വിച്ഛദിച്ചിരുന്നു. ചുമര് തുരക്കാന്‍ ഉപയോഗിച്ച വലിയ ഉളിയും കട്ടിംഗ് പ്ലയറും ഇവിടെ നിന്നും കണ്ടെടുത്തു.
സംഭവമറിഞ്ഞ് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പാലക്കാട് ഡിവൈ.എസ്.പി പി.ഡി. ശശി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.എല്‍. സുനില്‍, സൗത്ത് സി.ഐ സി.ആര്. പ്രമോദ്, നോര്‍ത്ത് എസ്.ഐ എം. സുജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഒന്നിലധികം ആളുകള്‍ മോഷണത്തില്‍ പങ്കെടുത്തിരിക്കുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: