പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്തിലെ തരിശുപാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാന്‍ നടപടിയായി. വിവിധ വാര്‍ഡുകളില്‍ തരിശായി കിടന്നിരുന്ന ഏഴു പാടശേഖരങ്ങളാണ് ആദ്യഘട്ടത്തില്‍ കൃഷിയോഗ്യമാക്കുന്നത്. പഞ്ചായത്തിലെ 16,18 വാര്‍ഡുകളിലെ ശാസ്താങ്കല്‍ പാടശേഖരം കൃഷിയോഗ്യമാക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കുട്ടനാട് കാര്‍ഷിക പാക്കേജില്‍പ്പെടുത്തി അനുവദിച്ച 53.5 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടന്നുവരികയാണ്.
പാടശേഖരവുമായി ബന്ധപ്പെട്ടു കിടക്കുന്ന വലിയപറമ്പ്, കുരീത്തറ തോടുകളുടെ നവീകരണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. നിലം ഒരുക്കിയതിനു ശേഷം, പഞ്ചായത്തിന്റെയും പാടശേഖരസമിതികളുടെയും കൃഷിചെയ്യാന്‍ താത്പര്യമുള്ള സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ കൃഷിയാരംഭിക്കും. ഇതോടൊപ്പം കൃഷിയില്ലാതിരുന്ന തൈശേരി, കട്ടത്തറ, കാട്ടുപാടം, ആറംവേലി, ഇളംകുളം, കാരാളപ്പതി പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
തൈശേരി പാടശേഖരത്തിന് 33.7 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ച് പാടശേഖത്തിലേക്കുള്ള തോടിന്റെ ഇരുവശങ്ങളും കല്ലുകെട്ടി ബലപ്പെടുത്തി. കട്ടത്തറ പാടശേഖരം കൃഷിയോഗ്യമാക്കാന്‍ അനുവദിച്ച 75 ലക്ഷം രൂപ കൊണ്ട് പുറംബണ്ട് ബലപ്പെടുത്തി. ആറാംവേലി പാടശേഖരത്തിന് അനുവദിച്ച 71 ലക്ഷം രൂപയുടെയും കാരാളപ്പതി പാടശേഖരത്തിന് അനുവദിച്ച 45 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. കാട്ടുപാടം പാടശേഖരം സംരക്ഷിക്കുന്നത് 55 ലക്ഷത്തിന്റെ പ്രവൃത്തികളും പൂര്‍ത്തിയാക്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: