തലവടി: ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മയുടെ പ്രീതിക്കായി ലക്ഷോപലക്ഷം ഭക്തര്‍ വെള്ളിയാഴ്ച ചക്കുളത്ത്കാവില്‍ പൊങ്കാല സമര്‍പ്പിക്കും. പുണ്യനദിയായ പമ്പയുടെയും മണിമലയാറിന്റെയും മദ്ധ്യേസ്ഥിതിചെയ്യുന്ന ചക്കുളത്തുകാവില്‍ ഇത്തവണ ആണ്ടുതോറും നടത്തിവരാറുള്ള പൊങ്കാലയില്‍ ഇത്തവണ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ പങ്കെടുക്കാനാണ് സാധ്യത. ക്ഷേത്രത്തിന്റെ 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൈയില്‍ പൂജാ ദ്രവ്യങ്ങളും നാവില്‍ ദേവീസ്തുതികളുമായി സ്ത്രീകള്‍ അണമുറിയാതെ എത്തുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജനസംഗമത്തിന് ക്ഷേത്രം വേദിയാകുകയാണ്. ജാതിമതഭേദമില്ലാതെ പൊങ്കാലയില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകളുടെ വന്‍ തിരക്ക് കഴിഞ്ഞ രണ്ടു ദിവസം മുതല്‍ അനുഭവപ്പെട്ടുതുടങ്ങി. ക്ഷേത്ര പരിസരങ്ങളിലും സമീപ പ്രദേശങ്ങളില്‍ പ്രധാന വീഥികളിലും പൊങ്കാലയ്ക്ക് എത്തിയവര്‍ ഇടം പിടിച്ചു. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്ന് സ്ഥിരം സര്‍വീസിനു പുറമെ താത്ക്കാലിക സര്‍വ്വീസുകളും ഏര്‍പ്പെടുത്തി. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഭക്തര്‍ ട്രയിന്‍ ഗതാഗതമാണ് കൂടുതലായി ആശ്രയിക്കുന്നത്. ജലഗതാഗതകുപ്പ് സ്പെഷ്യല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. അതിവിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പതിനായിരം വാളന്റിയേഴ്സിന്റെയും 2500 പോലീസിന്റെയും സേവനം ലഭ്യമാണ്. ക്ഷേത്ര പരിസരത്ത് താത്ക്കാലിക ക്ലിനിക്ക് സൗകര്യവും ലഭ്യമാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനത്തിന് പുറമേ താത്ക്കാലിക സൗകര്യം ഏര്‍പ്പെടുത്തി. പമ്പാനദിയില്‍ കുളിക്കാനിറങ്ങിന്നവര്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. പൊങ്കാലയ്ക്കാവശ്യമായ ഇഷ്ടിക, മണ്‍കലം, പൂജാദ്രവ്യങ്ങള്‍, വെള്ളം, വിറക് എന്നിവ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വോളന്റിയേഴ്സിന്റെ സഹായമോ ഹെല്‍പ്പ് ലൈന്‍ സേവനമോ തേടാവുന്നതാണ്.
രാവിലെ 7.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. എട്ടിന് വിളിച്ചുചൊല്ലി പ്രാര്‍ത്ഥന ഒമ്പതിന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. മാതാ അമൃതാനന്ദപുരി മഠം സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും. എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് പൊങ്കാല നേദിക്കല്‍ ചടങ്ങ്, 12ന് ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും. പൊങ്കാലയുടെ ചടങ്ങുകള്‍ കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം നല്‍കും. വൈകിട്ട് ആറിന് സാംസ്ക്കാരിക സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. സീമ ജാഗരണ്‍ മഞ്ച് അഖിലേന്ത്യ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, കൊടിക്കുന്നില്‍ സുരേഷ് എംപി, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍ ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിക്കും.യുഎന്വിദഗ്ദ്ധസമിതിചെയര്മാന് സി .വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി സേ വാഭാരതിയും സജ്ജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: