തൃശൂര്‍: അടാട്ട് ചാത്തന് കോള്‍പടവില്‍ ഉടലക്കാവ് ചവറാട്ടില്‍ ഗണപതിയുടെ മകന് കൃഷ്ണന്‍കുട്ടി (48) കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൃഷ്ണന്‍കുട്ടിയുടെ സുഹൃത്തുക്കളായ ഇവരില്‍ ഒരാള്‍ ബന്ധു കൂടിയാണ്. ചിറ്റിലപ്പിള്ളി ചവറാട്ടില്‍ ജിനേഷ്(29), അടാട്ട് ഉടലക്കാവ് പെരേപ്പാടന് റാഫി(40) എന്നിവരെയാണ് പേരാമംഗലം സിഐ ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടതോടെ തുടക്കത്തില്‍തന്നെ പോലീസ് കൊലപാതകമാണെന്ന സൂചന നല്‍കിയിരുന്നു.
സംഭവസ്ഥലത്ത് മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശരീരത്തില്‍ മാരകമായ മുറിവുകള്‍ കണ്ടെത്തി. ആന്തരീകാവയവങ്ങള്‍ക്ക് ഏറ്റ ക്ഷതംമൂലമാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തിയിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.
പോലീസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി മൃതദേഹം പരിശോധന നടത്തിയിരുന്നു. പരിസരവാസികളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തതില്‍നിന്നും കഴിഞ്ഞ 29ന് കൃഷ്ണന്‍കുട്ടി പ്രതികളൊന്നിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്നതായും ഒന്നിച്ച് മദ്യപിച്ചതായും വിവരം കിട്ടി. തുടര്‍ന്ന് ഇ്രരുവരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇവര്‍ ഒളിവില്‍ പോയതായി അറിയാന്‍ കഴിഞ്ഞു.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഇന്നലെ രാവിലെ 11 മണിയോടെ കുറ്റുമുക്കില്നിന്നും കസ്റ്റഡിയെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. രണ്ടാംപ്രതി റാഫിയുടെ കാല്‍മുട്ടിന് താഴെ വിറക് വീണ് നീര് വന്നിരുന്നു. ഇത് ഉഴിഞ്ഞുമാറ്റിക്കൊടുക്കാമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞതനുസരിച്ച് പ്രതികളും കൃഷ്ണന്‍കുട്ടിയും കൂടി റാഫിയുടെ ബൈക്കില്‍ അടാട്ട് സെന്ററില്‍നിന്നും ചാത്തന്‍കോള്‍ പാടത്തേക്ക് പോയി. തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് മദ്യപിച്ചു. മദ്യത്തിന്റെ അളവിനെചൊല്ലി കൃഷ്ണന്‍കുട്ടിയും പ്രതികളും വാക്കുതര്‍ക്കമുണ്ടാവുകയും കൃഷ്ണന്‍കുട്ടി മദ്യക്കുപ്പിയുമായി ഓടുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ രണ്ടുപേരും പിന്തുടര്ന്ന് കൃഷ്ണന്‍കുട്ടിയെ പിടിച്ചുനിര്‍ത്തുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്തു.
നിലത്തു വീണ കൃഷ്ണന്‍കുട്ടിയെ തുടര്‍ന്നും ക്രൂരമായി മര്‍ദ്ദിച്ചു. നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇരുവരും ഒന്നുമില്ലെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചു. പിന്നീട് ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു.
പിറ്റേ ദിവസം കൃഷ്ണന് കുട്ടിയുടെ മരണം അറിഞ്ഞ് പ്രതി ജിനേഷ് മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു. രണ്ടാംപ്രതി റാഫിയേയും വിവരം അറിയിച്ചു. ഇരുവരും ബൈക്കില്‍ ഒളിവില്‍പോയി. രണ്ടുദിവസം പൂമല കാട്ടില്‍ ഒളിച്ചു താമസിച്ചു. മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചു. സുരക്ഷിതസ്ഥാനത്തേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ജിനേഷ് നിരവധി അടിപിടികേസുകളിലും വിഗ്രഹ കവര്‍ച്ച കേസിലും പ്രതിയാണ്. റാഫിയുടെ പേരില്‍ രണ്ട് വധശ്രമകേസുകളും അടിപിടികേസുകളും നിലവിലുണ്ട്. ഗുരുവായൂര്‍ അസി.കമ്മീഷണര്‍ ആര്.ജയചന്ദ്രന്‍പിള്ളയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.ഐ സുധാകരന്, എ.എസ്.ഐ മാരായ ഗോപി, രാമചന്ദ്രന് ജെയ്സണ്‍, സീനിയര്‍ സി.പി.ഒ മാരായ ബിനന്‍, രാജന്, ജയചന്ദ്രന്, സി.പി.ഒ പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: