മെല്‍ബണ്‍: അകാലത്തില്‍ പൊലിഞ്ഞ ആസ്ട്രേലിയന്‍ യുവ ബാറ്റ്സ്മാന് ഫില്‍ ഹ്യൂസിന് ജന്മനാടും ക്രിക്കറ്റ് ലോകവും കണ്ണീരോടെ വിട നല്കി. സ്വന്തം ടീമംഗങ്ങളും സമകാലികരും മുന്‍കളിക്കാരും അതിലുപരി പതിനായിരക്കണക്കിന് ആരാധകരും നീറുന്ന നെഞ്ചത്തോടെ ഹ്യൂസിന് അന്തിമോപചാരം അര്‍പ്പിച്ചു.
ജന്മനാടായ ന്യൂ സൗത്ത് വെയ്ല്‍സിലെ മാക്സ്വില്ലെയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍ തുടങ്ങിയത്. നാലു മണിക്കൂര്‍ നീണ്ട സംസ്കാര ശുശ്രൂഷകള്‍ക്ക് മാക്സ്വില്ലെ ഹൈസ്കൂള്‍ ഹാള്‍ വേദിയായി. യൂത്ത് ഗ്രൂപ്പിന്റെ ‘ഫോറെവര്‍ യങ്’ എന്ന ഗാനത്തോടെ തുടങ്ങി എല്‍ട്ടണ്‍ ജോണിന്റെ ‘ഡോണ്ട് ലെറ്റ് ദി സണ്‍ ഗോ ഡൗണ്‍ ഓണ്‍ മി’ എന്ന ഗാനത്തില്‍ വിരാമമാകുന്നതായിരുന്നു സംസ്കാര ശുശ്രൂഷകള്‍.
ക്യാപ്ടന് മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ ആസ്ട്രേലിയന്‍ ടീമിലെ മുഴുവന്‍ അംഗങ്ങളും അന്ത്യയാത്രയില്‍ തങ്ങളുടെ പ്രിയ കൂട്ടുകാരന് അകമ്പടി സേവിച്ചു. ഇടറിയ ശബ്ദത്തോടെയാണ്, സഹോദരതുല്യനായ ഹ്യൂസിനെ ക്ലാര്‍ക്ക് സ്മരിച്ചത്. ശവമഞ്ചം ചുമന്നവരുടെ കൂട്ടത്തിലും ക്ലാര്ക്കുണ്ടായിരുന്നു. സഹോദരങ്ങളായ ജേസണും മേഗനും ചേര്‍ന്ന് ഹ്യൂസിന് അന്ത്യചുംബനം നല്കി. വിലാപയാത്രയെ ആയിരക്കണക്കിനുപേര്‍ അനുഗമിച്ചു. വിലാപയാത്ര കടന്നുപോയ വീഥികള്‍ക്കിരുവശവും ഹ്യൂസിന്റെ ഓര്‍മ്മകള്‍ തുളമ്പുന്ന ചിത്രങ്ങളും കുറിപ്പുകളും നിരത്തി വിതുമ്പുന്ന ഹൃദയത്തോടെ അനേകംപേര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട്, മുന്‍ താരങ്ങളായ മെര്‍വ് ഹ്യൂസ്, ഷെയ്ന് വോണ്‍, ബ്രയാന്‍ ലാറ, ആദം ഗില്‍ക്രിസ്റ്റ്, സര് റിച്ചാര്‍ഡ് ഹാഡ്ലി, മാര്‍ക്ക് വോ, ഗ്ലെന്‍ മഗ്രാത്ത്, മാര്‍ക്ക് ടെയ്ലര്, മാത്യൂ ഹെയ്ഡന്, ബ്രട്ട് ലീ, മൈക്കല്‍ സ്ലേറ്റര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തി. ഹ്യൂസിന്റെ മരണകാരണമായ പന്തെറിഞ്ഞ പേസര്‍ സീന്‍ അബോട്ടും വിളറിവെളുത്ത മുഖത്തോടെ ചടങ്ങുകള്‍ കണ്ടുനിന്നു.
ഇന്ത്യയെ പ്രതിനിധീകരിച്ച് താത്കാലിക നായകന് വിരാട് കോഹ്ലി, ടീം ഡയറക്ടര്‍ രവി ശാസ്ത്രി എന്നിവര്‍ സംബന്ധിച്ചു. ആസ്ട്രേലിയന്‍ ദേശീയ ടെലിവിഷനും റേഡിയോയും സംസ്കാരച്ചടങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്തു. വിവിധയിടങ്ങളില്‍ വലിയ സ്ക്രീനുകളും ഒരുക്കിയിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍, ഹ്യൂസ് അവസാനം നേടിയ 63 റണ്‍സിനെ സൂചിപ്പിക്കുംവിധം 63 ബാറ്റുകള്‍ കുത്തിനിര്‍ത്തി. ഹ്യൂസ് പിടഞ്ഞുവീണ പിച്ചിലെ വിക്കറ്റിന് പിറകില്‍ സ്ഥാപിച്ച ഫോട്ടോയില്‍ ആരാധകര്‍ പുഷ്പാര്‍ച്ചനടത്തി. ഹ്യൂസിന്റെ ജീവനെടുത്ത പിച്ചില്‍ ഇനി ഈ സീസണില്‍ മത്സരമുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: