പൂനെ: മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് പൂനെ സിറ്റി എഫ്സി സെമി പ്രതീക്ഷകള്‍ സജീവമാക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 66, 80 മിനിറ്റുകളില്‍ അവരുടെ നൈജീരിയന്‍ താരം ഡുഡു ഒമാജ്ബെമിയാണ് രണ്ട് ഗോളുകളും നേടിയത്. വിജയത്തോടെ പൂനെ സിറ്റി 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നേരത്തെ നാലാം സ്ഥാനത്തായിരുന്ന ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 12 കളികളില്‍ നിന്ന് 12 പോയിന്റുമായി മുംബൈ സിറ്റി അവസാന സ്ഥാനത്ത് തുടരുകയാണ്.
തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച പൂനെ സിറ്റി എഫ്സിക്കുതന്നെയായിരുന്നു മത്സരത്തില്‍ വ്യക്തമായ മേധാവിത്വം. അഞ്ചാം മിനിറ്റില്‍ ഡുഡുവും ക്വാംഗ് പാര്‍ക്കും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഡുഡുവിന്റെ ഷോട്ട് മുംബൈ ഗോളി സുബ്രതാപാലിന്റെ നേരെയായിരുന്നു. നാല് മിനിറ്റിനുശേഷം പന്തുമായി കുതിച്ചുകയറിയ പാര്‍ക്ക് മുബൈയുടെ ദീപക് മൊണ്ടാലിനെ ഡ്രിബിള്‍ ചെയ്ത് പെന്നറ്റിന് കൈമാറി. പന്ത് കിട്ടിയ പെന്നറ്റ് ഷോട്ട് ഉതിര്‍ത്തെങ്കിലും പുറത്തേക്ക് പറന്നു. 12-ാം മിനിറ്റില്‍ മറ്റൊരു അവസരം കൂടി പൂനെക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.
16-ാം മിനിറ്റില്‍ പൂനെ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും ബാറിന് കീഴില്‍ അത്ഭുത പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ സുബ്രതാപാല്‍ മുംബൈയുടെ രക്ഷകനായി. ബോക്സിന് പുറത്തുനിന്ന് ഡുഡു പായിച്ച തകര്‍പ്പന്‍ ഷോട്ട് ഒരു സര്‍ക്കസ് അഭ്യാസിയുടെ മെയ്വഴക്കത്തോടെ മുഴുനീളെ പറന്ന സുബ്രതാപാല്‍ കുത്തിയകറ്റുകയായിരുന്നു. തുടര്‍ന്ന് 17, 20 മിനിറ്റുകളിലും പൂനെക്ക് ലഭിച്ച അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. 26-ാം മിനിറ്റില്‍ പൂനെയുടെ ഗ്രീക്ക് താരം കോസ്റ്റാസ് ബോക്സിലേക്ക് വന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോഴും വിലങ്ങുതടിയായി മുംബൈ ഗോളി മുന്നില്‍ നിന്നു. അതേസമയം ആദ്യപകുതിയില്‍ മുംബൈക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും എതിര് ബോക്സിലേക്ക് നടത്താന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയിലും പൂനെയുടെ ആധിപത്യമായിരുന്നു. എന്നാല്‍ അവരുടെ ഷോട്ടുകളെല്ലാം മുംബൈ ഗോളി സുബ്രതാപാലിന്റെ ഉജ്ജ്വല ഫോമിന് മുന്നില്‍ വിഫലമാവുകയായിരുന്നു. പൂനെയുടെ ആക്രമണപെരുമഴയ്ക്കിടെ മുംബൈക്ക് അനുകൂലമായി 50-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ നിന്ന് പൂനെയുടെ പ്രീതം കോതാല് പന്ത് കൈകൊണ്ട് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത തിയാഗോ റിബേറോക്ക് പിഴച്ചു. തിയാഗോയുടെ ഷോട്ട് ഇടത്തോട്ട് ഡൈവ് ചെയ്ത് അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. എന്നാല്‍ 66-ാം മിനിറ്റില്‍ സുബ്രതപാലിനെയും കീഴ്പ്പെടുത്തി പൂനെ ലീഡ് നേടി. ഗ്രീക്ക് താരം കോസ്റ്റാസ് ഇടതുപാര്‍ശ്വത്തില്‍ നിന്ന് ഉയര്‍ത്തിയടിച്ച പന്ത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഡുഡു നെഞ്ചില്‍ സ്വീകരിച്ചശേഷം നിലംതൊടും മുന്നേ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് മുംബൈ വലയില്‍ കയറി. തുടര്‍ന്നും ആക്രമണ പെരുമഴ നടത്തിയ പൂനെ 80-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. പൂനെയുടെ ഒരു മുന്നേറ്റം മുംബൈ താരം ക്ലിയര്‍ ചെയ്തെങ്കിലും പന്ത് കിട്ടിയത് കോസ്റ്റാസിന്. കോസ്റ്റാസ് നല്കിയ പാസ് ഡുഡു അതിസുന്ദരമായി ബാക്ക് ഹീലിലൂടെ മുംബൈ വല കുലുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: