പറവൂര്‍: താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രസവസമയത്ത് ഡോക്ടറുടെ പിഴവ് മൂലം കുട്ടിക്ക് വൈകല്യം സംഭവിച്ചു എന്നാരോപിച്ചാണ് നീറിക്കോട് വള്ളത്ത് പറമ്പില്‍ നവാസും ഭാര്യ നൗസിയും കുടുംബാംഗങ്ങളും ആശുപത്രിക്ക് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചത്. സംഭവത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം. കുട്ടിക്ക് മതിയായ ചികിത്സലഭ്യമാക്കണം എന്നാണ് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.
മാര്‍ച്ച് 4 നാണ് നൗസി മൂന്നാമത്തെ കുഞ്ഞിന് താലൂക്ക് പറവൂര്‍ ആശുപത്രിയില്‍ ജന്മം നല്‍കിയത്. പ്രസവസമയത്ത് അശാസ്ത്രീയമായാണ് കുട്ടിയെ പുറത്തെടുത്തതെന്ന് നൗസി പറയുന്നത്. ഇതോടെ കുട്ടിക്ക് ചലനശേഷി നഷ്ടപ്പെട്ടു. 8 മാസം കഴിഞ്ഞിട്ടും കുട്ടി കരഞ്ഞിട്ടുപോലും ഇല്ല.
മാതാപിതാക്കള്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കളക്ടറുടെ നിര്‍ദ്ദേശാനുസരം ഡെപ്യൂട്ടി ഡിഎംഒ ഡോ.ഹസീന മുഹമ്മദ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ എത്തിയത്.
ജനനംമുതല്‍ കുട്ടി ചികിത്സയിലാണ്. കുട്ടിയെ പൂര്‍ണ്ണ ആരോഗ്യവാനാക്കണമെങ്കില് ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതിന് 2 ലക്ഷം രൂപയോളം ചിലവുവരും. കുട്ടിയുടെ ചികിത്സക്കാവശ്യമായ പണവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താമെന്ന് നല്കിയ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: