കണ്ണുകള്‍ മനസ്സിന്റെ കണ്ണാടിയാണെന്ന് പറയുന്നത് വെറുതെയല്ല. പക്ഷേ കണ്ണിന്റെ ആരോഗ്യത്തിന് പലപ്പോഴും മുന്‍തൂക്കം നല്‍കാറില്ല. കണ്ണുകള്‍ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ സാധിക്കും.
ഭക്ഷണത്തിലാണെങ്കിലും കണ്ണിനുവേണ്ടി ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങളിലാണെങ്കിലും വേണം അല്പം കരുതല്‍. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. കാരറ്റ്, മധുരക്കിഴങ്ങ്, കുമ്പളങ്ങ, ചീര എന്നിവ വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ്. പേരയ്ക്ക, കാപ്സിക്കം, ചെറുനാരങ്ങ, പപ്പായ എന്നിവ വിറ്റാമിന്‍ സിയുടെ കലവറയാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ഇവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
കണ്ണിന്റെ അഴക് കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഐ മേക്കപ്പ് സാധനങ്ങള്‍ ഗുണനിലവാരം ഉള്ളവയായിരിക്കണം. കാലാവധി കഴിഞ്ഞവ ഉപയോഗിക്കരുത്. മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് അത് യാതൊരു വിധത്തിലുള്ള അലര്‍ജിയും ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പാക്കണം. വാട്ടര്‍ പ്രൂഫ് ഐ മേക്കപ്പ് സാധനങ്ങള്‍ തെരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് മുമ്പ് കണ്ണിലെ മേക്കപ്പ് പൂര്‍ണമായും നീക്കം ചെയ്യുക. തണുത്തവെള്ളത്തില്‍ കണ്ണ് നന്നായി കഴുകുക.
ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ നെല്ലിക്കാപ്പൊടിയിട്ട് ഒരു രാത്രി വയ്ക്കുക. നേര്‍ത്ത തുണിയുപയോഗിച്ച് ഈ വെള്ളം അരിച്ചെടുത്ത ശേഷം അതുകൊണ്ട് കണ്ണുകള്‍ കഴുകുക. കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കം കിട്ടും. ഇതേ മിശ്രിതത്തിലേക്ക് ഒരു തുളളി ആവണക്കെണ്ണ ചാലിച്ച ശേഷം ഇതില്‍ വ്യത്തിയുള്ള കോട്ടണ്‍ തുണി മുക്കിവയ്ക്കുക. കണ്ണുകള്‍ അടച്ചശേഷം ഈ തുണി കണ്ണുകള്‍ക്ക് മുകളില്‍ വയ്ക്കുക. വെള്ളരിക്ക നീരും ആപ്പിള്‍ ജ്യൂസും (അരിച്ചെടുത്ത ശേഷം) ഇതേപോലെ ഉപയോഗിക്കാം.
ഉറക്കം തൂങ്ങിയ കണ്ണുകളും സൗന്ദര്യത്തിന്റെ മാറ്റ് കുറയ്ക്കും. അതിനാല്‍ ആവശ്യത്തിന് ഉറങ്ങുകയെന്നത് ഒരു ശീലമാക്കണം. പൊടിക്കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും രക്ഷ നേടുന്നതിന് സണ്‍ഗ്ലാസ് ഉപയോഗിക്കുക. ധാരാളം വെള്ളം കുടിക്കുകയെന്നതും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രധാനമാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മം വരണ്ടുപോകാതിരിക്കുന്നതിന് ഇതിലൂടെ സാധിക്കും. നിത്യവും രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നത് കണ്ണുകളുടെ സൗന്ദര്യം നിലനിര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: