വിവാദങ്ങളുമായിട്ടാണ് എപ്പോഴും പാക് സുന്ദരി വീണാ മാലിക് വാര്‍ത്തകളില്‍ നിറയുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന് പരിധി കല്പിച്ചിരിക്കുന്ന പാക്കിസ്ഥാനില്‍ ജനിച്ചിട്ടും വീണ തന്റേതായ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും സ്വാതന്ത്ര്യം ആഘോഷമാക്കുകയാണ് പതിവ്.
പാകിസ്ഥാനി സിനിമകള്‍ക്കുപുറമെ ബോളിവുഡ്, പഞ്ചാബി ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ചിരുന്നു. പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 1976 ലാണ് വീണ ജനിച്ചത്.
മതാചാരങ്ങള്‍ കര്‍ശനമായി പാലിക്കുകയും അതില്‍ എന്തെങ്കിലും വീഴ്ച വരുത്തുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കുകയെന്നതുമാണ് അന്നാട്ടിലെ കീഴ്വഴക്കം. മതനിന്ദയാണെങ്കില്‍ പറയുകയും വേണ്ട. വീണ മാലിക്കും ഇത്തവണ അത്തരമൊരു കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.
ഇടയ്ക്ക് എപ്പോഴൊക്കയോ മതത്തിന്റെ ചട്ടക്കൂടിനള്ളില് നിന്നുകൊണ്ട് ജീവിക്കുമെന്ന പ്രഖ്യാപനമൊക്കെ നടത്തിയിരുന്നു. ജിയോ ടിവിയുടെ പ്രഭാതപരിപാടിക്കിടെ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതാണ് നടിക്ക് ഇപ്പോള്‍ വിനയായത്.
പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് നടി കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ശിക്ഷ കേട്ട് ഒരുപക്ഷേ വീണാ മാലിക് പോലും ഞെട്ടിയിരിക്കാം, 26 വര്‍ഷം! നടി മാത്രമല്ല കുറ്റക്കാര്‍, ഇവരുടെ കൂടെ പരിപാടിയില്‍ പങ്കെടുത്ത ഭര്‍ത്താവ് ആസാദ് ബഷീര്‍ ഖാന്, അവതാരക ഷൈസ്ത വഹീദി, പരിപാടിയുടെ ജഡ്ജ് ഷഹ്ബാസ് ഖാന്, ജിയോ ടിവി ഉടമസ്ഥന് എന്നിവര്‍ക്കും 26 വര്‍ഷം ജയിലില്‍ കഴിയാനാണ് വിധി.
കാര്യമെന്താണെന്നോ ടിവി പരിപാടിയില്‍ മതപരമായ പാട്ടിനൊപ്പം വീണയും ഭര്‍ത്താവും തമാശയ്ക്കുവേണ്ടി കല്യാണം നടത്തുന്നതായി അഭിനയിച്ചുവത്രെ. ഇതാണ് മതവികാരം വ്രണപ്പെടുത്തിയതായി പറയുന്നത്.
എന്തായാലും ഇപ്പോള്‍ കളി കാര്യമായിരിക്കുകയാണ്. എന്നാല്‍ മതനിന്ദ നടത്തുന്ന വിധത്തില്‍ താന്‍ ഇതുവരെ പെരുമാറിയിട്ടില്ലെന്നാണ് വീണ പറയുന്നത്. ടിവി ഷോയില്‍ പങ്കെടുക്കുകയായിരുന്നു താനും ഭര്‍ത്താവും. അതിനിടെ മതപരമായ പാട്ട് പാടുകയായിരുന്നെന്നും വീണമാലിക് പറഞ്ഞു.
ഇതിനു മുമ്പ് നിരവധി തവണ ആ പാട്ട് പാടിയിരുന്നതാണ്. എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നൂറോളം എഫ്ഐആറാണ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ സമ്പന്നയും നല്ല കുടുംബത്തില്‍ ജനിച്ചിട്ടുമുള്ള താന്‍ ഇതുവരെ മതത്തിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല. ഇത് മാധ്യമങ്ങളുടെ ചതിയാണെന്നുമാണ് വീണയുടെ ഭാഷ്യം.
പാക്കിസ്ഥാനിലെ ഉന്നത കോടതികളില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവസാന വിധി വരുമ്പോള്‍ തനിക്ക് നീതി ലഭിക്കുമെന്നും വീണ പറയുന്നു. കാര്യം ഇതൊക്കെയാണെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന വീണ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൂടിയാണ്.
വീണയ്ക്ക അടുത്തിടെയാണ് ഒരാണ് കുഞ്ഞ് പിറന്നത്. അതിനാല്‍ത്തന്നെ ഈ ശിക്ഷ ഇത്തിരി കടുത്തുപോയില്ലെയെന്ന സംശയവും സ്വാഭാവികം. തടവ് ശിക്ഷയ്ക്കുപുറമെ 1.3 മില്യണ്‍ പാക്കിസ്ഥാനി രൂപ പിഴയടക്കണമെന്നും വിധിയില്‍ പറയുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും പാക്കിസ്ഥാനേക്കാള്‍ ഭേദം നമ്മുടെ ഭാരതം തന്നെ.
ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു വിലക്കും ഇവിടെയില്ല. ഹിന്ദുദേവീ ദേവന്മാരെ എത്രയോ തവണ ഹാസ്യപരിപാടികളിലുടെയും മറ്റും അവഹേളിച്ചിരിക്കുന്നു. ഇപ്പോഴും അതൊക്കെ തുടരുകയും ചെയ്യുന്നു. മതവികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞ് ആരും പരിപാടി അവതരിപ്പിച്ചവരെയോ ജനങ്ങളിലേക്ക് അത് എത്തിച്ചവരേയോ വിചാരണ ചെയ്തില്ല, ശിക്ഷിച്ചതുമില്ല. എന്തായാലും വീണാ മാലിക്കിന് കളിയല്ല കല്യാണം എന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: