വലത് കൈപ്പത്തി ഇല്ലെന്നത് ഒരു പോരായ്മയായി സുജിനയ്ക്ക് തോന്നിയിട്ടില്ല. ജീവിതപാഠങ്ങള്‍ ഒന്നൊന്നായി പഠിച്ച് മുന്നേറുമ്പോഴും തന്റെ ഇല്ലായ്മകളെ വല്ലായ്മയായി കാണാതെ കൂടുതല്‍ സ്വപ്നം കാണുകയാണ് ഈ പതിനേഴുകാരി.
ഇക്കഴിഞ്ഞ കൊല്ലം ജില്ലാ സ്കൂള്‍ കായികമേളയില്‍ അപൂര്‍ണ്ണമായ വലത് കൈയുടെ ഊര്‍ജ്ജവും കൂടി ഇടത് കൈയ്യിലേക്കാവാഹിച്ച് ജാവലിന്ത്രോയിലൂടെയായിരുന്നു കൊട്ടാരക്കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ സുജിന എസ്. ബാബു താരമായത്.
സുജിനയെ സംബന്ധിച്ച് ‘ഇതൊക്കെ ചെറുത്’ എന്നാണ് കൂട്ടുകാരും വീട്ടുകാരുമൊക്കെ പറയുന്നത്. അത്രയ്ക്കുണ്ട് ഈ കൊച്ചുമിടുക്കിയുടെ വിശേഷങ്ങള്‍. വീട്ടില്‍ റബ്ബര്‍ ടാപ്പിംഗ്, യന്ത്രത്തില്‍ ഷീറ്റടിക്കല്‍, പുരയിടത്തിലെ കൃഷിപ്പണികള്‍, പശു പരിപാലനം, ചിത്രരചന തുടങ്ങി ഒത്തിരിക്കാര്യങ്ങള്‍ പഠനത്തിരക്കിനിടയിലും ഈ മിടുക്കി നിര്‍വഹിക്കുന്നു. ഇതിനിടയിലാണ് അച്ഛന്റെ ജീപ്പും ഓടിച്ചുകൊണ്ട് നാട്ടിലൂടെയുള്ള സഞ്ചാരം. സൈക്കിളിലാണ് അധികവും യാത്ര.
സ്കൂളില്‍ പോകുന്നതും വരുന്നതും ബസിലാണ്. ബസില്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കാനൊന്നും അപൂര്‍ണ്ണമായ കൈ തടസ്സമാകുന്നില്ലത്രെ. പറമ്പിലെ കൃഷിപ്പണിക്കായി മണ്‍വെട്ടിയും മണ്കോരിയുമൊക്കെ ഉപയോഗിച്ച് കിളക്കാനും മറിക്കാനുമൊക്കെ ഈ പെണ്‍കുട്ടിക്ക് കഴിയുന്നത് കണ്ടുനില്‍ക്കുന്നവരെ അതിശയിപ്പിക്കും.
ചിത്രം വരക്കലാണ് മറ്റൊരു വിനോദം. ഇടത് കൈകൊണ്ടാണ് വരക്കുന്നത്. മുമ്പ് സ്കൂള്‍ തലത്തിലും ബ്ളോക്ക് റിസോഴ്സ് സെന്റര്‍ തലത്തിലുമൊക്കെ ചിത്രരചനക്ക് സമ്മാനവും ലഭിച്ചിരുന്നു. തനിക്ക് കഴിയാത്തതായി ഒന്നുമില്ലെന്നാണ് സുജിനയുടെ വിശ്വാസം.
കൊട്ടാരക്കര വയക്കല്‍ പൊലിക്കോട് സുജല നിവാസില്‍ സുരേന്ദ്ര ബാബുവിന്റെയും പ്രസന്നയുടെ മൂന്ന് പെണ്മക്കളില് ഇളയവളായ സുജിനയ്ക്ക് ജന്മനാതന്നെ വലതു കൈപ്പത്തിയില്ലായിരുന്നു. കൈപ്പത്തിയില്ലാത്ത വലത് കൈയില്‍ കുഞ്ഞ് വിരലുകള്‍ കാണാമെന്നുമാത്രം. സാധാരണ കുട്ടികള്‍ക്ക് കഴിയാത്തതെന്തെന്ന് ചിന്തിച്ച് അത് സാധിച്ചെടുക്കാനുള്ള വാസന കുട്ടിക്കാലം മുതലേ ഈ മിടുക്കി കാട്ടിയിരുന്നു. പഠിക്കുന്ന കാര്യത്തിലും ഇതേ മിടുക്കു തുടര്‍ന്നു. വാളകത്തെ മാര്‍ത്തോമാ സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു സുജിനയിലെ കായിക പ്രതിഭയെ സ്കൂള്‍ അധികൃതര്‍ കണ്ടെത്തിയത്.
രണ്ട് കൈയ്യും ഉള്ളവര്‍പോലും മുന്നിട്ടിറങ്ങാന്‍ മടിക്കുന്ന ഷോട്ട് പുട്ടിലും ജാവലിന്‍ ത്രോയിലുമായിരുന്നു സുജിനയ്ക്ക് കമ്പം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപജില്ലാ തലത്തില്‍ രണ്ടിനും ഒന്നാം സ്ഥാനവും നേടിയിരുന്നു. ഈ വര്‍ഷം ജാവലിനുമായി ജില്ലാ തലത്തിലെത്തി രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഇപ്പോള്‍ പഠിക്കുന്ന കൊട്ടാരക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കായികാദ്ധ്യാപകന്റെ അഭാവം മൂലം പഴയ സ്കൂളിലെ കായികാദ്ധ്യാപകന്റെ സഹായം തേടിയാണ് പരിശീലനം.
ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായിക മേളയില്‍ പങ്കെടുക്കാനായി തീവ്ര പരിശ്രമത്തിലാണ് സുജിനയിപ്പോള്. ഐപിഎസ് ഓഫീസറാകണമെന്ന മോഹം തന്റെ അംഗവൈകല്യം മൂലം നടക്കില്ലെന്നറിഞ്ഞപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ വിഷമം തോന്നിയതെന്ന് പഠിക്കാന്‍ മിടുക്കിയായ ഇവള് പറയുന്നു. ഇനി പഠിച്ച് നല്ലൊരു ജോലി നേടുന്നതിനൊപ്പം അറിയപ്പെടുന്ന കായിക താരമാകണമെന്ന മോഹമാണിപ്പോഴുള്ളത്. ജില്ലാ കായികമേളയിലെ മികച്ച പ്രകടനത്തിന് ‘ഞാന്‍ കൊട്ടാരക്കര’ എന്ന ഫേസ് ബുക്ക് കൂട്ടായ്മ സുജിനയ്ക്ക് സ്നേഹോപഹാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: