ചരിത്ര ഭൂമിക
1789ലാണ് പെരിയാറിലെ വെള്ളം വൈഗൈ നദിയില്‍ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകള്‍ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുന്‍കൈ എടുത്തത്.
അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോട് യുദ്ധം പ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല.യുദ്ധം തോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡന്‍സിയുടെ കീഴിലായി.
തേനി, മധുര, ഡിണ്ടിഗല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാര്‍ക്കു തലവേദനയായിത്തീര്‍ന്നു. ഇതേ സമയം തിരുവിതാംകൂറിലെ പെരിയാറ്റില്‍ പ്രളയം സൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാര്‍ പെരിയാര്‍ നദിയിലെ വെള്ളം പശ്ചിമഘട്ടത്തിലെ മല തുരന്ന് മധുരയിലൂടെ ഒഴുകുന്ന വൈഗൈ നദിയിലെത്തിക്കാന്‍ പദ്ധതിയിട്ടു. ഇതിനായി ജെയിംസ് കാഡ്വെല്ലിനെ പഠനം നടത്താനായി നിയോഗിച്ചു.
ജയിംസ് കാഡ്വെല്ലിന്റെ നിഗമനം പദ്ധതിക്കെതിരായിരുന്നു. എങ്കിലും വെള്ളം തിരിച്ചു വിടാനുള്ള ശ്രമത്തില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പിന്മാറിയില്ല. പിന്നീട് ക്യാപ്റ്റന്‍ ഫേബറിന്റെ നേതൃത്വത്തില്‍ മറ്റൊരു പഠനം നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളം തിരിച്ചുവിടാനുള്ള ചെറിയ ഒരു അണക്കെട്ടിന്റെ പണികള്‍ 1850ല്‍ തുടങ്ങി.
ചിന്നമുളിയാര്‍ എന്ന കൈവഴിയിലൂടെ വെള്ളം ഗതിമാറ്റി വിടാനായിരുന്നു പദ്ധതി. എന്നാല്‍ ചില സാഹചര്യങ്ങള്‍ മൂലം നിര്‍മാണം നിര്‍ത്തിവെച്ചു. പെരിയാറില്‍ 162 അടി ഉയരമുള്ള അണകെട്ടി ചാലുകള്‍ വഴി വൈഗൈ നദിയുടെ കൈവഴിയായ ചുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ നിര്‍മാണവേളയില്‍ വെള്ളം താല്കാലികമായി തടഞ്ഞുവെക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതി ഉപേക്ഷിച്ചു.
1882ല്‍ നിര്മാണവിദഗ്ദരായ ക്യാപ്റ്റന്‍ പെനിക്യുക്ക്, ആര് സ്മിത്ത് എന്നിവര്‍ പുതിയ പദ്ധതി സമര്‍പ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയ പദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് 155 അടി ഉയരമുള്ള അണക്കെട്ടിന് പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളില്‍ 12 അടിയുമാണ് വീതി. ചുണ്ണാമ്പ്, സുര്‍ക്കി, കരിങ്കല്‍ എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിനു 53 ലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്.
പെരിയാര്‍ പഴയ തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ നദിയായതിനാല്‍ പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാള്‍ രാമവര്‍മ്മയായിരുന്നു അന്നത്തെ ഭരണാധികാരി. ഒരു കരാറില്‍ ഏര്‍പ്പെടാന്‍ ആദ്യമൊന്നും അദ്ദേഹം സന്നദ്ധനായിരുന്നില്ല.
എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാന്‍ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാള്‍ രാമവര്‍മ്മ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്. പിന്നീട് ബ്രിട്ടീഷ് അധികാരികള്‍ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ല്‍ ഉടമ്പടിയില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു.
ശില്പി ജോണ്‍ പെനിക്യൂക്ക്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഉപജ്ഞാതാവ് ജോണ്‍ പെനി ക്യൂക്ക്. 1858 ല്‍ റോയല്‍ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബ്രിട്ടീഷ് റോയല്‍ എഞ്ചിനീയര്‍ ബിരുദം കരസ്ഥമാക്കിയിരുന്നു ജോണ്‍ പെനിക്യൂക്ക്.
ജോണ്‍ പെനിക്യൂക്കും മേജര്‍ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച്, 1887 ല്‍ അണക്കെട്ടിന്റെ ശിലാസ്ഥാപനം നടത്തി നിര്‍മാണം ആരംഭിച്ചു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിര്‍മ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി.
കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലില്‍ നശിച്ചു. ജോലിക്കാര്‍ ഹിംസമൃഗങ്ങള്‍ക്കിരയായി, കുറേയേറെപ്പേര്‍ക്ക് ജീവഹാനി സംഭവിച്ചു.
ഇതോടെ ഈ നിര്‍മാണം തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. നിരാശനായെങ്കിലും ജോണ്‍ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി, പിന്നീട് ഭാരതത്തിലേക്കു തിരിച്ചുവരികയും, ഒരു വേനല്‍ക്കാലത്ത് നിര്‍മാണം തുടങ്ങുകയും ചെയ്തു.
തൊട്ടുപിന്നാലെ വന്ന മഴക്കാലം അടിത്തറയെ തകര്‍ത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിനു സര്‍ക്കാരും ഉറച്ച പിന്തുണ നല്കി. 1895 ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 81.30 ലക്ഷം രൂപ ആകെ ചിലവായി.
ആശങ്കയുടെ മുല്ലപ്പെരിയാര്‍
ഇടുക്കിയില്‍ തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. കുമളിയിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മുല്ലയാര്‍ നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. തേക്കടിയിലെ പെരിയാര്‍ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റുമാണ്.
തമിഴ്നാടിലെ വൈഗ നദിയുടെ താഴ്വരയിലെ പ്രദേശങ്ങള്‍ക്ക് ജലസേചനത്തിനായി നിര്‍മിച്ച ഈ അണക്കെട്ട് ഇപ്പോള്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനു വിഷയമായി.
1961 ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ന്നുവന്നത്. സുര്‍ക്കി മിശ്രിതം ഉപയോഗിച്ച് പണിത അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ തടയാന്‍ കഴിയില്ല.അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയില് താമസിക്കുന്ന ജനങ്ങള്‍ക്ക് ഈ അണക്കെട്ട് സുരക്ഷാഭീഷണിയാണ്.
ഡാം നിര്‍മാണത്തിന്റെ ലക്ഷ്യം
അറബിക്കടലിലേക്ക് ഒഴുകിയിരുന്ന പെരിയാറിലെ വെള്ളം ഒരു അണകെട്ടി ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ കഠിന വരള്‍ച്ച അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ഡിണ്ടിഗല്‍, കമ്പം, തേനി മുതലായ സ്ഥലങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കാനാകും. ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് വൈഗ നദിയിലൂടെ ആയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് നടപ്പില്‍ വന്നാല്‍ വൈഗ നദിയില്‍ കൂടെ ലഭ്യമാകുന്ന ജലത്തേക്കാള്‍ കൂടുതല്‍ മുല്ലപ്പെരിയാറില്‍ നിന്നു കിട്ടും എന്നതായിരുന്നു പ്രധാന ആകര്‍ഷണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കാന്‍ തീരുമാനിച്ചത്.ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കം ചെന്നതാണിത്.
സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകത ഇതിനുണ്ട്. കേരളത്തില്‍ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.
പുതിയ തുരങ്കം
മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാനായിരുന്ന സി.പി.റോയി ആണ് തമിഴ്നാടിനു വെള്ളം നല്കാന് പുതിയ ഒരു തുരങ്കം എന്ന ആശയവുമായി മുന്നോട്ടു വന്നത്. റോയ് ഈ ആശയം ഉന്നതാധികാരസമിതിയുടെ മുന്നില്‍വെക്കുകയും, സമിതി ഈ നിര്‍ദ്ദേശത്തെ വിശദമായി പഠിക്കുവാന്‍ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ദരായ ഡോക്ടര്‍ തട്ടേ, ഡി.മേത്ത എന്നിവരോടാവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വിള്ളലുകള്‍
മുല്ലപ്പെരിയാര്‍ വിവാദവിഷയമായതോടെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഔദ്യോഗികവും, അനൗദ്യോഗികവുമായ ധാരാളം പഠനങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തുകയുണ്ടായി. ഓരോ പഠന റിപ്പോര്‍ട്ടും ഒരു കാരണം, അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് കേരളവും തമിഴ്നാടും തള്ളിക്കളയുകയായിരുന്നു.
മുല്ലപ്പെരിയാര്‍ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവര്‍ത്തനസാധ്യത പഠിക്കുവാനായി കേരളം, ബംഗളൂര് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫസര്‍.ആര്.എന്‍.അയ്യങ്കാരെ ചുമതലപ്പെടുത്തി. ത്രീഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് എന്ന ആധുനിക രീതി ഉപയോഗിച്ച് ഭൂകമ്പത്തിന്റെ ആവര്‍ത്തന കാലയളവ് പഠിക്കുവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
അയ്യങ്കാര്‍ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് യാതൊരു കാരണവശാലും, 136 അടിക്കു മുകളിലാകാന്‍ പാടില്ല എന്ന് അദ്ദേഹം ശുപാര്‍ശചെയ്തു. മുല്ലപ്പെരിയാര്‍ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിര്‍ണ്ണയത്തെക്കുറിച്ചുള്ള പഠനമാണ് ഒന്നാമതായി റൂര്‍ക്കി ഐഐടിയിലെ വിദഗ്ദര്‍ നടത്തിയത്. ഇതു പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
അണക്കെട്ടിനെ വിറപ്പിച്ച് ഭൂകമ്പം
2000ല്‍ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകള്‍ ഇരട്ടിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകള്‍ക്കുമുകളിലാണെന്നും ചില പഠനങ്ങള്‍ പറയുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്നാട് അവകാശപ്പെടുമ്പോള്‍ ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമിന്റെ സ്ഥിതിയും ഇതുതന്നെ. എന്നാല്‍ അണക്കെട്ട് 1922ലും, 1965ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയര്‍ പറയുമ്പോള്‍ സിമന്റ് പഴയ സുര്‍ക്കിക്കൂട്ടില്‍ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധര്‍ പറയുന്നു.
1902ല്‍ തന്നെ അണക്കെട്ട് നിര്‍മ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ് ,വര്‍ഷം 30.48 ടണ്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോള്‍ അത് അനേകം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം.
1979- 81 കാലഘട്ടത്തില്‍ നടത്തിയ ബലപ്പെടുത്തല്‍ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ലെ സുപ്രീംകോടതി വിധി
മുഖ്യ ന്യായാധിപന് ആര്.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്നാടിന് അനുമതി ലഭിച്ചു. കേരളം കൊണ്ടുവന്ന അണക്കെട്ട് സുരക്ഷാനിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ കേന്ദ്ര ജല കമ്മീഷന് അദ്ധ്യക്ഷനായുള്ള മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചു. ഈ സമിതിയുടെ പ്രവര്‍ത്തനത്തിനായി പണം ചിലവഴിക്കേണ്ടത് തമിഴ്നാടാണെന്നായിരുന്നു കോടതി വിധി. എന്നാല്‍ ഇത് പാലിക്കാന്‍ തമിഴ്നാടാവട്ടെ തയ്യാറായിട്ടുമില്ല.
കരാര്‍ ലംഘനം മുഖവിലയ്ക്കെടുക്കാതെ കേരളം
1886 ഒക്ടോബര്‍ 29ലെ പെരിയാര്‍ പാട്ടക്കരാറിന്റെ വ്യവസ്ഥയനുസരിച്ച് ജലസേചനത്തിനായാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളു. വെള്ളം അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനെന്നായിരുന്നു വ്യവസ്ഥ. 1959 ല്‍ മദ്രാസിലെ അന്നത്തെ വ്യവസായ ഡയറക്ടര്‍ ആയിരുന്ന ചാറ്റര്‍ട്ടണ്‍ ഈ വെള്ളത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. 1965 ഈ വൈദ്യുത പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. ഇതിലൂടെ 140 മെഗാവാട്ട് വൈദ്യുതി തമിഴ്നാട് ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. കേരളത്തിന്റെ ഭാഗത്തു നിന്നും കരാര്‍ ലംഘനത്തിനെതിരെ കാര്യമായ ഇടപെടലുണ്ടായില്ല.
1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ 1886ലെ പാട്ടക്കരാര്‍ പുതുക്കാന്‍ തീരുമാനമായി. തമിഴ്നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സര്‍ക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുത സെക്രട്ടറി കെ.പി. വിശ്വനാഥന് നായരുമാണ് കരാറില്‍ ഒപ്പുവെച്ചത്.
1886 ലെ കരാറിലെ വ്യവസ്ഥകള്‍ എല്ലാം നിലനിര്‍ത്തുകയും , വളരെ പ്രധാനപ്പെട്ട ഒരു നിബന്ധനകൂടി ഉള്‍പ്പെടുത്തകയും ചെയ്തു ഈ പുതുക്കിയ കരാറില്‍. അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പവര്‍ഹൗസില്‍ വൈദ്യുതി ഉല്പാദനം കൂടി അനുവദിക്കാന്‍ പുതിയ കരാര്‍ തമിഴ്നാടിന് അനുമതി നല്കി. 1886 ലെ കരാറില്‍ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറില്‍ ഏക്കറിന് മുപ്പത് രൂപയാക്കി ഉയര്‍ത്തി.
കൂടാതെ കരാര്‍ തീയതി മുതല്‍ മുപ്പതു വര്‍ഷം കൂടുമ്പോള്‍ പാട്ട തുക പുതുക്കാം എന്നും പുതിയ കരാര്‍ വ്യവസ്ഥ ചെയ്തിരുന്നു. പെരിയാര്‍ പവര്‍ഹൗസില്‍ തമിഴ്നാടിന്റെ ആവശ്യത്തിനായ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കുന്നതായിരുന്നു പുതുക്കിയ കരാര്‍.
1947ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് അനുസരിച്ച് നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാര്‍ അസാധുവായി. 1970ലെ പുതുക്കിയ കരാര്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോള്‍ കേരളത്തിന്റെ പ്രശ്നം. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതല്‍ 60 വര്‍ഷം വരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.
1979ല്‍ ഗുജറാത്തില്‍ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകര്‍ച്ചയെത്തുടര്‍ന്നുണ്ടായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി.തുടര്‍ന്ന് കേന്ദ്ര ഭൗമശാസ്ത്രപഠന കേന്ദ്രം നടത്തിയ പഠനം അണക്കെട്ടിന് ഭൂകമ്പത്തെ താങ്ങാന്‍ കെല്പില്ലെന്നു റിപ്പോര്‍ട്ടു നല്കി. തുടര്‍ന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പില്‍ നിന്നും തമിഴ്നാട് ജലനിരപ്പ് 136 അടിയായി കുറച്ചു.
ജനങ്ങളിലുണ്ടായ പരിഭ്രാന്തി 1976ല്‍ ഉണ്ടാക്കിയ കരാറില്‍ നിന്നും പിന്നോട്ടുപോകുവാന്‍ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്നാട് തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും, കൂടുതല്‍ ജലം ആവശ്യപ്പെടുകയും കൂടുതല്‍ പ്രദേശങ്ങള്‍ മുല്ലപ്പെരിയാര്‍ ജലമുപയോഗിച്ച് ജലസേചനം നടത്തുകയും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: