ഗുരുവായൂര്‍: ഭക്തിയും ഘോഷവും സംഗീതവും സമന്വയിച്ച ഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്ന കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങിയത് ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. ഏകാദശിയോടനുബന്ധിച്ച് നടന്നു വരുന്ന ചെമ്പൈ സംഗീതോത്സവത്തിലെ അതിപ്രധാനമായ പഞ്ചര്തന കീര്‍ത്തനാലാപനമാണ് സംഗീതപ്രേമികളെ ആനന്ദനിര്‍വൃതിയില്‍ ആറാടിച്ചത്.
അനുഭവ തീഷ്ണമായ സംഗീത സ്മരണകള്‍ പെയ്തിറങ്ങിയ ചെമ്പൈ സംഗീത മണ്ഡപത്തില്‍ നാദങ്ങളുടേയും, വാദ്യങ്ങളുടേയും സമന്വയത്തില്‍ അരങ്ങേറിയ പഞ്ചരത്ന കീര്‍ത്തനാലാപനം അക്ഷരാര്‍ത്ഥത്തില്‍ ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിനെ സംഗീത പാല്‍കടലാക്കി. നാദബ്രഹ്മത്തിന്റെ അമൃതം നുകരാന്‍ മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്ക് നിര്‍വൃതിയുടെ അമൃതനിമിഷങ്ങള്‍ സമ്മാനിച്ചാണ് പഞ്ചരത്നകീര്‍ത്തനാലാപനം തേന്മഴയായി പെയ്തിറങ്ങിയത്.
എന്‍.പി.രാമസ്വാമി, പി.ആര്.കുമാരകേരള വര്‍മ്മ, പാല സി.കെ.രാമചന്ദ്രന്, മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി, ചേപ്പാട് എ.ഇ.വാമനന് നമ്പൂതിരി, കെ.എന്‍.രംഗനാഥശര്‍മ്മ, നെടുങ്കുന്നം വാസുദേവന്‍, മാവേലിക്കര പി.സുബ്രമണ്യന്‍, പി.ആര്.ദിലീപ്കുമാര്, വെച്ചൂര്‍ ശങ്കര്‍, അരൂര്‍ പി.കെ.മനോഹര്‍, ആയാംകുടി മണി, ഡോ.ഗുരുവായൂര്‍ മണികണ്ഠന്, ഗുരുവായൂര്‍ ടി.വി.മണികണ്ഠന്, വെള്ളിനേഴി സുബ്രമണ്യം, ബി.അരുദ്ധതി, മാതംഗി സത്യമൂര്‍ത്തി, വൈക്കം ബി.രാജമ്മാള്‍, മാലിനി ഹരിഹരന്, തൃപ്പുണിത്തറ ഗിരിജാവര്‍മ്മ, സുകുമാരി നരേന്ദ്രമേനോന് തുടങ്ങി 70 ഓളം പേര് പരത്നം ആലപിച്ചപ്പോള്‍ നെല്ലായി കെ.വിശ്വനാഥന്, സി.എസ്.അനിരൂപ്, ടി.എച്ച്. സുബ്രമണ്യം, എസ്.ഈശ്വരവര്‍മ്മ, ഗുരുവായൂര്‍ നാരായണന്, മാഞ്ഞൂര്‍ രജ്ഞിത്ത് , കോട്ടയം ഹരിഹരന്, സുനിതഹരിശങ്കര്, വി.സിന്ധു, പത്മാകൃഷ്ണന്‍ തുടങ്ങി 20 ഓളം പേര് വയിലിനിലും തിരുവനന്തപുരം വി,സുരേന്ദ്രന്, ചേര്‍ത്തല എ.കെ.രാമചന്ദ്രന്, എന്‍.ഹരി. ജി.ചന്ദ്രശേഖരന് നായര്‍, കെ,ജയകൃഷ്ണന്, കെ.എം.എസ്.മണി, വൈക്കം വേണുഗോപാല്‍, കുഴല്‍മന്ദം രാമകൃഷ്ണന്, ഗുരുവായൂര്‍ സനോജ് തുടങ്ങീ 20ഓളം പേര് മൃദംഗത്തിലും പക്കമേളമൊരുക്കി.
ഇന്ന് അര്‍ദ്ധരാത്രി ചെമ്പൈയുടെ അഞ്ച് ഇഷ്ടകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര് ഒത്തുചേര്‍ന്ന് പാടിക്കഴിഞ്ഞാല്‍ 15 ദിവസം നീണ്ടു നിന്ന ചെമ്പൈ സംഗീതോസവത്തിന് സമാപനമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: