പയ്യന്നൂര്‍: കേരളത്തില്‍ സമാധാനജീവിതം നിലനില്ക്കണമെങ്കില് കേരളം കമ്മ്യൂണിസ്റ്റ് മുക്തമാകണമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ പറഞ്ഞു. പയ്യന്നൂര്‍ സ്റ്റേഡിയത്തില്‍ ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനാചരണത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനശക്തിറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം തന്നെ നരഹത്യയാണ്. ചൈനയില്‍ ജനാധിപത്യത്തിനു വേണ്ടി വാദിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഭരണാധികാരികള്‍ ടിയാനന്‍മെന്‍സ്ക്വയറില്‍ വെടിവെച്ചു കൊന്നത്. എതിര്വാദഗതികള് അനുവദിക്കാത്ത തത്വശാസ്ത്രമാണ് കമ്മ്യൂണിസം. അതുകൊണ്ടുതന്നെയാണ് ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും കമ്മ്യൂണിസ്റ്റ് ഭരണം അപ്രത്യക്ഷമായത്.
ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണമല്ല, ഏകകക്ഷി ആധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ്. വികസനം വേണമെങ്കില്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരണം. ഇത് അസാധ്യമല്ല. മുപ്പത് വര്‍ഷത്തിന് ശേഷം ഭാരതത്തില്‍ ബിജെപി സര്‍ക്കാര്‍ തനിച്ച് അധികാരത്തിലെത്തിയിരിക്കുകയാണ്. കേരളത്തിലും അധികാരത്തില്‍ വരാന്‍ ബിജെപിക്ക് സാധിക്കും.
കോണ്‍ഗ്രസ് ഭരണത്തില്‍ ഭാരതം എല്ലാ മേഖലയിലും പിറകോട്ട് പോയി. അഴിമതിയും വിലക്കയറ്റവും മാത്രമാണ് കോണ്‍ഗ്രസ്സിന്റെ സംഭാവന. ഇപ്പോള്‍ ഡല്‍ഹിയില്‍ നമ്മുടെ സ്വന്തം സര്‍ക്കാറാണ്. ബിജെപി എന്നാല്‍ വികസനം എന്നാണര്‍ത്ഥം. പാര്‍ട്ടി അധികാരത്തില്‍ വന്ന ശേഷം പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലയില്‍ ഗണ്യമായ കുറവുണ്ടായി. അതുകൊണ്ടുതന്നെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടായിക്കഴിഞ്ഞു.
വിദേശത്തുള്ള പണത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ഈ സംഘം വിദേശത്തുള്ള കള്ളപ്പണം ഭാരതത്തില്‍ തിരിച്ചുകൊണ്ടുവരും.
കേരളത്തിലെ 52 ശതമാനം വരുന്ന ഹിന്ദുക്കളുടെ സ്ഥിതി ദയനീയമാണ്. മൊത്തം നിക്ഷേപത്തിന്റെ 12.5 ശതമാനം മാത്രമാണ് ഹൈന്ദവ വിശ്വാസികളുടേത്. ഇടത്-വലത് സര്‍ക്കാറുകള്‍ കേരളത്തിലെ ഹൈന്ദവ വിശ്വാസികളെ പാപ്പരാക്കുകയാണ്. എല്ലാ മേഖലയിലും പിന്നോട്ടാണ്. ഇത് മാറാന്‍ ബിജെപിയെ കേരളത്തില്‍ അധികാരത്തിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന വക്താവ് വി.കെ.സജീവന്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ.പി.പത്മിനി ടീച്ചര്‍, പി.കെ.വേലായുധന് തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന് സ്വാഗതവും മണ്ഡലം പ്രസിഡണ്ട് എം.പി.രവീന്ദ്രന് നന്ദിയും പറഞ്ഞു.
ബലിദാനദിനാചരണത്തിന്റെ ഭാഗമായി ജയകൃഷ്ണന് മാസ്റ്ററുടെ പാനൂര്‍ മാക്കൂല്‍ പീടികയിലെ വീട്ടുപറമ്പിലെ ബലികുടീരത്തില്‍ ഇന്നലെ രാവിലെ ദേശീയസെക്രട്ടറി എച്ച്.രാജയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും നടന്നു. സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്തസഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: