ഹരിപ്പാട്: വി.എം. സുധീരന്റെ ജനപക്ഷയാത്രയില്‍ പങ്കെടുക്കാന്‍ കരുവാറ്റയില്‍ നിന്ന് എത്തിയ കോണ്‍ഗ്രസുകാര്‍ ഹരിപ്പാട് നഗരത്തില്‍ വ്യാപാര സ്ഥാപാനം അടിച്ചു തകര്‍ത്തു. കടയുടമയെ കുത്തിവീഴ്ത്തിയ സംഘം യുവതികള്‍ അടക്കമുള്ള ജീവനക്കാരെ മര്‍ദ്ദിച്ച് അവശരാക്കി. കടയുടമയുള്‍പ്പെടെ എട്ടുപേരെ ഹരിപ്പാട് താലൂക്ക് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് ചിക്കന്‍ ചിക്കാഗോ ബേക്കറി ഉടമ തൃക്കുന്നപ്പുഴ പാനൂര്‍ പള്ളിപ്പാട്മുറി കൊക്കാട്ട്തറയില് സലിം ഷാ (42), ജീവനക്കാരായ ഷീജ (38), ബിന്ദു (28), സൗമ്യ (18), സുധീഷ്, ജിന്സണ്, മിഥുന് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്ച വൈകിട്ട് 5.20 ഓടെ കരുവാറ്റ അഞ്ചാം വാര്‍ഡ് ബൂത്ത് സെക്രട്ടറി മുഹമ്മദ് സനല്‍, ഷാജഹാന്, നൈസാം എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമാണ് അക്രമം നടത്തി ഭീകര അന്തരീക്ഷം സൃഷ്ടിച്ചത്.
സലിം ഷായുടെ ബേക്കറിയോടു ചേര്‍ന്നുള്ള സ്ഥലം കരുവാറ്റ സ്വദേശിയായ ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥലത്ത് സലിം ഷായുടെ കടയിലേക്ക് ആവശ്യമായ ജനറേറ്ററും പാചകത്തിന് വേണ്ടിയുള്ള ഷെഡും നിര്‍മ്മിച്ചിരുന്നു. സലിംഷാ ഇതിനു വാടക നല്‍കിയിരുന്നു. എതാനും ദിവസം മുമ്പ് സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്ന് ഷാജഹാന് ആവശ്യപ്പെട്ടിരിന്നു. അല്പം സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും സ്ഥലം ഉടമ മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണി മുഴക്കി. ഇതേത്തുടര്‍ന്ന് സലിം ഷാ ഹരിപ്പാട് കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച് കോടതി കമ്മീഷനെ നിയോഗിച്ചു. തെളിവെടുപ്പിനായി സ്ഥലത്ത് എത്തിയപ്പോഴാണ് ഗുണ്ടകളുമായി അക്രമം നടത്തിയതെന്ന് സലിം ഷാ പറഞ്ഞു.
കടയുടെ പിന്‍ഭാഗത്തേക്ക് സലിം ഷായെ കൂട്ടിക്കൊണ്ടു പോയ സംഘം അടിച്ച ശേഷം തലയ്ക്ക് കത്തി കൊണ്ട് കുത്തി. ഈ സമയം കടയ്ക്കുള്ളിലേക്ക് ഓടിക്കയറിയപ്പോള്‍ ഇയാളെ വീണ്ടും അക്രമിച്ചു. തടസം പിടിക്കാന്‍ എത്തിയ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കടയില്‍ സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വനിതകളും കുട്ടികളും ഉള്‍പ്പെടെയുള്ള വര് കടയില്‍ നിന്ന് ഭയന്നോടി രക്ഷപെടുകയായിരുന്നു. പോലീസ് എത്തിയാണ് രക്തത്തില്‍ കുളിച്ചു കിടന്ന കടയുടമയെയും ജീവനക്കാരെയും താലൂക്ക് ആശുപത്രയില്‍ എത്തിച്ചത്.
കടയിലെ ഫാന്‍, കമ്പ്യൂട്ടര്‍ എന്നിവ തല്ലിത്തകര്‍ത്ത സംഘം മോബൈല്‍ ഫോണും സലിംഷായുടെ കൈവശം ഉണ്ടായിരുന്ന പണവും കവര്‍ന്നു. 10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സലിം ഷാ പറഞ്ഞു. ഹരിപ്പാട് സിഐ ഓഫീസിന്റെയും പോലീസ് സ്റ്റേഷന്റെയും 200മീറ്റര്‍ അകലയാണ് അക്രമം നടന്നത്. അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട മുഹമ്മദ് സനല്‍ 2014 മാര്‍ച്ചില്‍ സലിം ഷാ താമസിക്കുന്ന കുമാരപുരത്തെ വാടക വീട്ടില്‍ നിന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണെന്ന് കടയുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: