ചങ്ങനാശേരി: ചിങ്ങവനം ചന്തക്കടവിനു സമീപം സ്വകാര്യ വ്യക്തിയുടെ ഫാക്ടറിയിലാണ് അനധികൃതമായി പാറക്കല്ലുകള്‍ പൊടിച്ച് പാറമണലും പാറപ്പൊടിയും നിര്‍മ്മിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ ടോറസ് ലോറികളില്‍ പാറക്കല്ലുകള്‍ എത്തിച്ച് ചിങ്ങവനം ചന്തക്കടവിനു സമിപമുള്ള ഫാക്ടറിയില്‍ എത്തിച്ചാണ് വന്‍തോതില്‍ പാറപ്പൊടി, പാറമണല്‍ എന്നിവ ഉത്പാദിപ്പിച്ച് വിപണനം ചെയ്യന്നത്. ഫാക്ടറിയില്‍ നിന്നുള്ള പൊടിമൂലം പരിസരവാസികള്‍ക്ക് ശരീരത്ത് ചൊറിച്ചിലും ശ്വാസതടസവും അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ജനവാസമേഖലയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പാറഖനനം ചെയ്യുന്നതിനോ പൊടിക്കുന്നതിനോ നിയമം അനുശാസിക്കുന്നില്ല. എന്നാല്‍ കേവലം 100 മീറ്റര്‍ അടുത്തായി വീടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഫാക്ടറിയുടമ തന്റെ സ്വാധീനമുപയോഗിച്ച് പാറപൊടിക്കുന്ന ഫാക്ടറി ഉയര്‍ത്തി നിയമലംഘനം നടത്തുന്നത്. പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ മൗനാനുവാദത്തോടെയാണ് ഈ ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്. ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും പാറപ്പൊടി വില്പനക്കായി പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും മാത്രം നല്കിയ ലൈന്‍സന്‍സിന്റെ മറവിലാണ് ഫാക്ടറിയുടമ പാറപൊടിക്കുകയും വിപണനം നടത്തുകയും ചെയ്യുത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിക്ക് പ്രവര്‍ത്തിക്കാന്‍ അയല്‍വാസികളായ പ്രദേശവാസികളുടെ സമ്മതപത്രം ആവശ്യമാണ്. എന്നാല്‍ ഈ പ്രദേശത്തുള്ളവരാരും ഇങ്ങനെയുള്ള സമ്മതപത്രം നല്‍കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: