സംഘപ്രചാരകന് സാധാരണ ജനങ്ങളില്‍ സൃഷ്ടിക്കുന്ന പ്രചോദനത്തിനും പ്രഭാവത്തിനും തുല്യതയില്ലെന്നാണ് നമുക്കനുഭവപ്പെടുന്നത്. മലബാറില്‍ ആദ്യകാല പ്രചാരകനായിരുന്ന ദത്തോപാന്ത് ഠേംഗ്ഡി, ശങ്കര്‍ ശാസ്ത്രി, ഭാസ്കര്‍ റാവുജി മുതലായവര്‍ അന്നത്തെ സ്വയംസേവകരില്‍ സൃഷ്ടിച്ച മുദ്രകള്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. അവര്‍ ശ്രീഗുരുജിയുടെ ഐതിഹാസികമായ 1942-ലെ ആഹ്വാനം കേട്ട് വിദ്യാഭ്യാസാനന്തരം ഇറങ്ങിത്തിരിച്ചവരായിരുന്നു. അവര്‍ പ്രചോദനം നല്കിയവരില് എത്രയോ പേര് പിന്നീട് സംഘത്തിന്റെ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു.
പ്രചാരകന്മാരായിട്ടാണെങ്കിലും ഗൃഹസ്ഥരായിട്ടാണെങ്കിലും അവര്‍ സൃഷ്ടിച്ച ഊഷ്മളമായ സൗഹൃദവും മമതയും ഒരിക്കലും ആറാതെ തുടരുന്നുവെന്ന് നമുക്ക് അനുഭവപ്പെടുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് അന്തരിച്ച മുന്‍ പ്രചാരകന് സി.എന്‍. കരുണാകരന്റെ മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ പിറവത്തിനടുത്ത് മേവള്ളൂരില്‍ പോയപ്പോള്‍, മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം പ്രചാരകനായിരുന്ന വടകര താലൂക്കിലെ നാദാപുരം, വളയം, നരിപ്പറ്റ, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെ സ്വയംസേവകരെ കണ്ടതാണ് ഈവിധം ചിന്തിക്കാന്‍ പ്രേരണ നല്‍കിയത്.
ശ്രീഗുരുജി ജന്മശതാബ്ദിയുടെ മുന്നോടിയായി തയ്യാറെടുപ്പുകള്ക്കിടയ്ക്ക് 2002 ല്‍ ആ സ്ഥലങ്ങളില്‍ ഏതാനും ദിവസം ചെലവഴിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. അന്നു ഞാന്‍ താമസിച്ച വീടുകളിലെ മുതിര്‍ന്ന തലമുറക്കാരും യുവാക്കളും എത്ര ബഹുമാനത്തോടും മമതയോടുമാണ് കരുണാകരനെപ്പറ്റി സംസാരിച്ചത്. ദൈവമയച്ച ആളെന്ന നിലയില്‍ പരാമര്‍ശിച്ച ഒരമ്മയേയും ഓര്‍ക്കുന്നു. അതിനും അര നൂറ്റാണ്ട് അപ്പുറം ആ ഭാഗത്ത് ശാഖാ പ്രവര്‍ത്തനത്തിന് തുടക്കമിട്ട രാമചന്ദ്രന് കര്‍ത്താസാറിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച രാമന് മാസ്റ്ററെയും, എം.പി. കരുണാകരനെയും, സി. പൊക്കനെയും അന്നു കണ്ടിരുന്നു.
മാസ്റ്ററൊഴികെ മറ്റു രണ്ട് പേരും എലിമെന്ററി വിദ്യാഭ്യാസം പോലും ഇല്ലാത്തവരായിരുന്നു. മേവള്ളൂരില്‍ വിവാഹം അവരുടെ തറവാട്ട് അങ്കണത്തിലാണ് നടന്നത്. കല്യാണ മണ്ഡപങ്ങളുടേയും പാരിഷ് ഹാളുകളുടേയും അന്തരീക്ഷമില്ലാത്ത ചടങ്ങുകള്‍ കുളിര്‍മയേകുന്നതായിരുന്നു. സീമാജാഗരണ്‍ പ്രമുഖ് എ. ഗോപാലകൃഷ്ണനും പ്രാന്തപ്രചാരക് പി.ആര്. ശശിധരനുമുള്പ്പെടെ കരുണാകരനെ അറിയാവുന്ന സ്വയംസേവകരുടെ ഒരു പ്രവാഹം തന്നെ അവിടേയ്ക്കുണ്ടായി. തൊടുപുഴയിലെ സംഘപ്രവര്‍ത്തനത്തിന് അടിത്തറ ഭദ്രമാക്കിയവരുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ സംഭാവന വിലപ്പെട്ടതാണ്. അന്നത്തെ വരനും മീനച്ചില്‍ താലൂക്കിലെ എടമറ്റം സ്വയംസേവകനാണ് എന്നത് കൂടുതല്‍ സന്തോഷകരമായി.
വിവാഹം കഴിഞ്ഞ് തിരിച്ചു വരുംവഴി ഇലഞ്ഞിയിലെ മുതിര്‍ന്ന സ്വയംസേവകനും ജനസംഘത്തിന്റെയും ബിജെപിയുടേയും സമുന്നത നേതാവും, പ്രസിദ്ധ കഥകളി ആചാര്യനുമായിരുന്ന പരേതനായ സി.ആര്. രാമന് നമ്പൂതിരി (അപ്പേട്ടന്)യുടെ ചെറുവള്ളി മനയിലും കയറി. തൊടുപുഴക്കാരായി ഒപ്പം ഉണ്ടായിരുന്ന ഇടവെട്ടി ഗോപാലകൃഷ്ണന്, പി.ആര്. ഹരി, സി.എന്‍. രാജു എന്നിവര്‍ക്കൊക്കെ സുപരിചിതമായിരുന്നു ആ ഇല്ലം. പിന്നാലെ പി.ആര്. ശശിധരനുമെത്തി. അവിടുത്തെ മുതിര്‍ന്ന സ്വയംസേവകന് പ്രസാദിന്റെ അമ്മ ദിവംഗതയായ വിവരം നേരത്തെ അറിഞ്ഞുവെങ്കിലും പോകാന്‍ അപ്പോഴേ അവസരം ഉണ്ടായുള്ളൂ.
ദീര്‍ഘകാലം വനവാസി രംഗത്ത് പ്രചാരകനായിരുന്ന, ഇപ്പോള്‍ വിദ്യാഭ്യാസ സംരക്ഷണ രംഗത്തിന്റെ ചുമതല വഹിക്കുന്ന രാമനുണ്ണിയും ആ മനയിലെ അംഗമാണ്. അവിടുത്തെ മറ്റൊരംഗവും കുറേക്കാലം പ്രചാരകനുമായിരുന്ന സജീവനേയും കാണുവാന്‍ സാധിച്ചു. പൂജനീയ ഡോക്ടര്‍ജിയെക്കുറിച്ച് മാന്യ ശേഷാദ്രിജി തയ്യാറാക്കിയ ജീവചരിത്രം മലയാളത്തിലാക്കിയ പ്രസന്നയും അവിടുത്തെ അംഗമാണ്.
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പേട്ടന്റെ ശതാഭിഷേകത്തിനാണ് മുമ്പ് ചെറുവള്ളി മനയില്‍ പോയത്. അന്ന് കേരളത്തിലെ കലാ, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ രംഗത്തെ പ്രമുഖ വ്യക്തികള്‍ എല്ലാവരും തന്നെ അപ്പേട്ടന് ആശംസകള്‍ അര്‍പ്പിക്കാന്‍ അവിടെയുണ്ടായിരുന്നു. മൂന്നു ദിവസത്തെ കലാ-സാംസ്കാരിക മേള തന്നെ അവിടെ നടന്നു.
പ്രസാദ് ഒന്നാന്തരം കൃഷിക്കാരനായാണ് ഇന്ന് ജീവിക്കുന്നത്. ഇത്രയും നയനാനന്ദകരവും ഹൃദയത്തെ കുളിര്‍പ്പിക്കുന്നതുമായ ഒരു കൃഷിത്തോട്ടം കാണാന്‍ പ്രയാസമാണ്. വിശാലമായ ഇല്ലപ്പറമ്പില്‍ ഇല്ലാത്ത വിളകളില്ല. ഭക്ഷ്യവിളകളും നാണ്യവിളകളുമുണ്ട്. നൂതന കാര്‍ഷിക രീതികള്‍ പരീക്ഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ട്. തികച്ചും ജൈവ കൃഷിരീതിയാണ് അവലംബിക്കുന്നത്.
ഏതാണ്ട് 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാനില കൃഷി കേരളത്തിലെങ്ങും വലിയ ഭ്രമമായിരുന്നല്ലോ. അക്കാലത്ത് ആദ്യമായി അതിന്റെ നേഴ്സറി ആരംഭിച്ച് നടീല്‍ തണ്ടുകള്‍ തയ്യാറാക്കി വന്‍തോതില്‍ വിപണനം ചെയ്തത് പ്രസാദായിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന്റെ തൈകള്‍ എത്തി. പക്ഷേ കൃഷിവകുപ്പും സ്പൈസസ് ബോര്‍ഡും മറ്റും നടത്തിയ കുത്സിതവും അഴിമതി നിറഞ്ഞതുമായ നീക്കങ്ങള്‍ മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും മാനഹാനിയും അനുഭവിക്കേണ്ടിവന്നുവത്രേ.
ഭക്ഷ്യവസ്തുക്കള്‍ക്ക് സ്വാദും സുഗന്ധവും നല്കുന്ന (ഫ്ളേവറിംഗ് ഏജന്റ്) വസ്തുവാണല്ലോ വാനില സത്ത്. 2007ഓടെ കൃത്രിമമായ സത്തുകള്‍ നിരോധിക്കുമെന്നും അതിനാല്‍ സ്വാഭാവിക വാനിലയ്ക്ക് വന്‍ വിപണി സാദ്ധ്യത ഉണ്ടാകുമെന്ന ലോക വ്യാപാര സംഘടനയുടെ പ്രചാരണത്തിന്റെ ഇരയായവരാണ് കേരളത്തില്‍ വാനില വിപ്ലവത്തിന് പുറപ്പെട്ട പാവം കൃഷിക്കാര്‍. സ്വദേശി ജാഗരണ്‍ മഞ്ച് അക്കാലത്ത് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയതാണ്.
ഇന്നത്തെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ പോക്ക് ജനിതക വ്യതിയാനം വരുത്തുന്ന വിത്തുകളിലേക്കാണ്. കൃഷി ശാസ്ത്രജ്ഞരും കൃഷി ഡിപ്പാര്‍ട്ട്മെന്റും ഇവിടെ നടത്തുന്ന പരീക്ഷണങ്ങളും, വളങ്ങളുടേയും ഹോര്‍മോണുകളുടേയും, രാസൗഷധങ്ങളുടേയും പ്രയോഗങ്ങള്‍ ജനിതക ഭീകരതയാണെന്നാണ് പ്രസാദിന്റെ അഭിപ്രായം. ഇന്ന് നമുക്ക് ഉപയോഗിക്കാന്‍ കിട്ടുന്ന പാലും മുട്ടയും കായ്കറികളും വളര്‍ത്തു മത്സ്യങ്ങളും മാംസവും ധാന്യവും പഴവര്‍ഗ്ഗങ്ങളും ഒക്കെത്തന്നെ ഭാവിതലമുറകളെ എങ്ങനെ ബാധിക്കുമെന്ന് പറയാനാവില്ല. യുദ്ധങ്ങളില്‍ ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാവുന്ന രാസായുധങ്ങള്‍ക്കും ജൈവായുധങ്ങള്‍ക്കും തുല്യമായ ദോഷഫലങ്ങള്‍ അതുകൊണ്ട് ഉണ്ടായേക്കാം.
കര്‍ഷകരെയും കൃഷിയേയും നശിപ്പിക്കുന്നത്, കൃഷി അസാദ്ധ്യമായിത്തീര്ക്കുന്നത്, കൃഷി വകുപ്പും ബാങ്കുകളും ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് അദ്ദേഹം തന്റെയും മറ്റ് ചിലരുടേയും ഉദാഹരണം എടുത്ത് വാദിക്കുന്നു. വിത്തുനിയമവും നേഴ്സറി നിയമവും മറ്റും വന്നതോടെ കര്‍ഷകര്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങളില്‍ നിന്നും വിത്തുണ്ടാക്കാന്‍ കഴിയാത്ത സ്ഥിതി ഇപ്പോള്‍ത്തന്നെയുണ്ട്. കൃഷിവകുപ്പില്‍ നിന്നും സര്‍വ്വകലാശാലയില്‍ നിന്നും കിട്ടുന്ന വിത്തുകള്‍ പുനരുല്പ്പാദനശേഷിയില്ലാത്ത ചെടികളെയാണ് നല്‍കുന്നത്. ഇന്നത്തെ രീതിയിലുള്ള കൃഷി രീതികള്‍ തുടര്‍ന്നാല്‍ മനുഷ്യരുടെ പ്രത്യുല്‍പ്പാദനശേഷി തന്നെ മന്ദീഭവിക്കാന്‍ ഇടയാകുമെന്ന് അദ്ദേഹം പറയുന്നു.
ആ കുടുംബത്തിലെതന്നെ സജീവനെ കണ്ടപ്പോള്‍ മറ്റൊരു പഴയ സൗഹൃദം ഓര്‍മിക്കാന്‍ അവസരം ഉണ്ടായി. ഞാന്‍ പ്രചാരകനായി ഗുരുവായൂരെത്തിയ 1957 കാലത്ത് അവിടെ ഉണ്ടായിരുന്ന സി. നാരായണന് നമ്പൂതിരിയുടെ സഹോദരിയുമായാണ് സജീവന്റെ വേളി. മലപ്പുറം ജില്ലയിലെ വാഴയൂരിലെ ചെറുവക്കാട്ട് ഇല്ലത്തെ മൂന്നു സഹോദരന്മാര് നാരായണനും കേശവനും കൃഷ്ണനും എനിക്ക് സ്വന്തം അനുജന്മാരെപ്പോലെയായിരുന്നു.
നാരായണന് കെഎസ്ആര്‍ടിസിയിലും മറ്റ് രണ്ടുപേരും അദ്ധ്യാപന വൃത്തിയിലുമായിരുന്നു. വളരെ വര്‍ഷമായി ബന്ധമില്ലാതിരുന്ന അവരെക്കുറിച്ച് ഓര്‍ക്കാനും അന്ന് അവസരമുണ്ടായി.
പ്രസാദിന്റെ അഭിപ്രായങ്ങള്‍ വിനാശത്തിന്റെ പ്രവചനമാണോ എന്നുപോലും സംശയിച്ചുപോകാം. എന്നാല്‍ പത്തുവര്‍ഷം മുമ്പ് ഞാന്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാന സംയോജകനായിരുന്ന കാലത്ത് ഇക്കാര്യങ്ങളെപ്പറ്റി വസ്തുനിഷ്ഠവും ഗഹനവുമായ ചര്‍ച്ചകളും സംവാദങ്ങളും നടന്നത് ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: