വടക്കാഞ്ചേരി: അനധികൃതമായി കള്ളു ഷാപ്പ് ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജനകീയ സമിതി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ജനരോഷത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഷാപ്പിന് മുന്നില്‍ നിന്നായിരുന്നു മാര്‍ച്ച് തുടങ്ങിയത്.
കള്ള് ഷാപ്പ് സമാധാനജീവിതം തകര്‍ക്കുമെന്നും സമരം നടത്തുന്നവരെ കള്ളക്കേസ്സില് കുടുക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു ആവേശപൂര്‍വ്വം ജനങ്ങള്‍ മാര്‍ച്ചില്‍ അണിനിരന്നത്.
ധര്‍ണ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ എം.എച്ച്.ഷാനവാസ്, സൈറ ബാനു, ബുഷറ റഷീദ്, അഡ്വ.സി.വിജയന്, കമലം ശ്രീനിവാസന്, കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ഫൊറോന പ്രസിഡണ്ട് ജോണി ചിറ്റിലപ്പിള്ളി, ജനകീയസമിതി ഭാരവാഹികളായ കെ.വിജയന്, പി.പി.ഗിരീശന്, കെ.രാമചന്ദ്രന്, വി.എന്‍.രവീന്ദ്രന് പ്രസംഗിച്ചു. പ്രസിഡണ്ട് പി.ജി.രവീന്ദ്രന് സ്വാഗതവും സെക്രട്ടറി അഡ്വ.റോയ് ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. ഇതിനിടെ എങ്കക്കാട് റോഡില്‍ കള്ള്ഷാപ്പ് തുറന്ന കെട്ടിടത്തിന്റെ ഉടമ പിന്മാറി.
തന്റെ കെട്ടിടത്തില്‍ നേരത്തെ സമ്മതം നല്‍കിയിരുന്നെങ്കിലും പുതിയ സാഹചര്യത്തില്‍ ഷാപ്പ് പ്രവര്‍ത്തിക്കാന്‍ സമ്മതമല്ലെന്ന് കാണിച്ച് എഴുത്തുപുരയ്ക്കല്‍ മോഹനന് എക്സൈസ് അസി. കമ്മീഷണര്‍ക്ക് കത്ത് നല്കി. പഞ്ചായത്ത് സെക്രട്ടറി, എക്സൈസ്, സി.ഐ, എസ്.ഐ., ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പോലീസ് സി.ഐ., എസ്.ഐ. എന്നിവര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
നാട്ടുകാരുടേയും സമീപവാസികളുടേയും എതിര്‍പ്പില്ലാതെ ഷാപ്പ് തുടങ്ങാമെന്ന് ധരിപ്പിച്ചാണ് ലൈസന്‍സി സുരേന്ദ്രന് വാടകയ്ക്ക് എടുത്തതെന്നും എന്നാല്‍ ഷാപ്പിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടായ സാഹചര്യത്തില്‍ തന്റെ സ്ഥലത്ത് ഷാപ്പ് തുടങ്ങാന്‍ സമ്മതമല്ലെന്നും ഇക്കാര്യം ലൈസന്‍സിയെ അറിയിച്ചിട്ടുണ്ടെന്നും മോഹനന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: